|    Oct 21 Sat, 2017 7:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മലയാളത്തെ പ്രണയിച്ച് ഇംഗ്ലീഷില്‍ പ്രമേയം

Published : 19th July 2016 | Posted By: sdq

എല്‍ഡിഎഫിന് മലയാള ഭാഷയോട് എന്തെങ്കിലും എതിര്‍പ്പുണ്ടോ? സംശയം മുസ്‌ലിംലീഗ് അംഗം എം ഉമ്മറിന്റെതാണ്. മലയാളത്തില്‍ പുറപ്പെടുവിച്ച നിയമങ്ങളുടെ ചട്ടങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറപ്പെടുവിച്ചതാണ് ഉമ്മറിനെ ചൊടിപ്പിച്ചത്. 2015ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്റ്റ് മലയാളത്തിലാണ് നിയമസഭ പാസാക്കിയത്.
ചട്ടങ്ങള്‍ അടിയന്തരമായി പുറപ്പെടുവിക്കേണ്ടിവന്നതിനാലാണ് ഇത് സംഭവിച്ചതെന്നായിരുന്നു വകുപ്പുമന്ത്രിയുടെ വിശദീകരണം. എന്നാല്‍, മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ബന്ധപ്പെട്ട വകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. നിയമസഭാസമിതികള്‍ നടത്തേണ്ട പരിശോധനകള്‍ യഥാവിധി നടത്തിയില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവപൂര്‍വം വീക്ഷിക്കണമെന്നും തെറ്റ് തിരുത്തണമെന്നും ചെയര്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഒരുകാരണവശാലും ഭാവിയില്‍ ഉണ്ടാവരുതെന്ന് റൂള്‍ ചെയ്ത സ്പീക്കര്‍ മലയാളത്തോടുള്ള സ്‌നേഹം വ്യക്തമാക്കി.
എന്നാല്‍, മലയാള ഭാഷയുടെ പ്രസക്തി ഊന്നി ഊന്നി പ്പറഞ്ഞ സ്പീക്കറുടെ റൂളിങും എം ഉമ്മറിന്റെ ക്രമപ്രശ്‌നവും കേട്ട ഭാവംപോലും കാണിക്കാതെയാണ് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രമേയം അവതരിപ്പിക്കാന്‍ ആരംഭിച്ചത്. മലയാളത്തിലുള്ള പ്രമേയം കൈവശം ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ മന്ത്രിയായിരുന്നത് കൊണ്ടാവാം രവീന്ദ്രനാഥ് ഇംഗ്ലീഷില്‍ പ്രമേയം അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഇതിനെതിരേ പ്രതിപക്ഷം ഒന്നാകെ ഉണര്‍ന്നു. എന്നാല്‍ കീഴ്‌വഴക്കം അതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. പ്രതിപക്ഷ ബഹളം വച്ചതോടെ മന്ത്രി കീഴ്‌വഴക്കം മാറ്റാന്‍ തയ്യാറായി.
മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിരല്‍ചൂണ്ടിയാണ് പി സി ജോര്‍ജ് ക്രമപ്രശ്‌നവുമായി എഴുന്നേറ്റത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ ഭരണഘടനാപരമയി പിശകുണ്ടെന്നായിരുന്നു പി സിയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ വാദങ്ങളെ തള്ളിയ മന്ത്രി എ കെ ബാലന്‍ ക്രമപ്രശ്‌നം അനുവദിച്ച സ്പീക്കറുടെ നടപടിയേയും ചോദ്യം ചെയ്തു. യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ ഉന്നയിച്ച് സഭയുടെ വിലയേറിയ സമയം പാഴാക്കേണ്ടതുണ്ടോയെന്ന് ഈ അനുഭവം വച്ച് സഭാംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക