|    Jan 22 Sun, 2017 3:04 am
FLASH NEWS

മലയാളത്തിന്റെ സുബ്രഹ്മണ്യപുരം

Published : 31st May 2016 | Posted By: mi.ptk

kammattipadam

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനെ  ഇക്കായല്‍ കയവും കരയുംആരുടേയുമല്ലെന്‍ മകനേപുഴുപുലികള്‍ പക്കിപരുന്തുകള്‍  കടലാനകള്‍ കാട്ടുരുവങ്ങള്‍പലകാലപരദൈവങ്ങള്‍  പുലയാടികള്‍ നമ്മളുമൊപ്പംനരകിച്ചു പൊറുക്കുന്നിവിടംഭൂലോകം തിരുമകനേകലഹിച്ചു മരിക്കുന്നിവിടംഇഹലോകം എന്‍തിരുമകനേ..(അന്‍വര്‍ അലി, ‘കമ്മട്ടിപ്പാടം’)
മ്മട്ടിപ്പാടത്ത് ഗംഗ ചൊല്ലിയാടുന്ന അന്‍വര്‍ അലിയുടെ ഈ വരികളിലുണ്ട് എല്ലാം. അതേ, രാജീവ് രവിയുടെയും ചങ്ങാതിമാരുടെയും പുതിയ ചിത്രം ‘കമ്മട്ടിപ്പാടം’ ഒരു ഓര്‍മപ്പെടുത്തലാണ്. നമ്മള്‍ പുളച്ചുമദിക്കുന്ന അഹങ്കാരസൗധങ്ങള്‍ക്കു കീഴെ നിരവധി കമ്മട്ടിപ്പാടങ്ങളുണ്ടെന്ന് അത് നമ്മെ ഓര്‍മിപ്പിക്കുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വേ ട്രാക്കിനും സമീപം 40 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ ദലിത് ജീവിതത്തെയും പൊള്ളുന്ന റിയലിസത്തോടെ അവതരിപ്പിക്കുകയാണ് ചിത്രം. മുകളിലോട്ടു പൊങ്ങിപ്പൊങ്ങി പരക്കുന്ന ഒരു നഗരം എങ്ങനെയാണ് ഏറ്റവും അടിത്തട്ടിലെ ചേറ് മനുഷ്യരെ പ്രാന്തങ്ങളിലേക്കു ചിതറിക്കുന്നതെന്ന് ഈ ചിത്രം പറയുന്നു. റിയലിസ്റ്റിക് അവതരണത്തോടുള്ള ആഭിമുഖ്യം തെല്ലും ഉപേക്ഷിക്കാതെയാണ് മൂന്നാമത്തെ ചിത്രമായ ‘കമ്മട്ടിപ്പാട’വും രാജീവ് രവി ഒരുക്കിയിരിക്കുന്നത്. റിയലിസത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ‘അന്നയും റസൂലി’ല്‍ നിന്നും ഡോക്യുഫിക്ഷന്‍ വിവരണ സ്വഭാവമുണ്ടായിരുന്ന ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി സിനിമാറ്റിക് പ്രതലത്തിലാണ് ‘കമ്മട്ടിപ്പാട’ത്തിന്റെ നില്‍പ്. വിനോദത്തേക്കാള്‍ സാമൂഹികവ്യഥകളും രാഷ്ട്രീയ ആകുലതകളുമാണ് തനിക്ക് പ്രിയമെന്നു മൂന്നാമത്തെ ചിത്രത്തിലൂടെയും രാജീവ് തെളിയിക്കുന്നു. മുന്‍ സിനിമകളെപ്പോലെ നിസ്വരായ കുറേ മനുഷ്യരെയാണ് ‘കമ്മട്ടിപ്പാട’വും ചിത്രീകരിക്കുന്നത്.
സിനിമയല്ല, ജീവിതം
മുംബൈയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ കൃഷ്ണന്‍ സുഹൃത്ത് ഗംഗനെ കാണാന്‍ നാട്ടിലെത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി എത്തുന്ന ഗംഗന്റെ ഫോണ്‍കോളിനെ പിന്തുടര്‍ന്നാണ് കൃഷ്ണന്റെ വരവ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒറ്റുകൊടുത്തവനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം സ്‌നേഹിച്ച പെണ്ണുമായി നാടുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൃഷ്ണന്‍ പോലിസിന്റെ പിടിയിലായതാണ്. പിന്നീടവന്‍ ബോംബെയിലെത്തി സ്വകാര്യ സുരക്ഷാ ഏജന്‍സിയില്‍ ജോലിചെയ്യുന്നു. അവിടന്നാണ് ഇപ്പോഴത്തെ വരവ്. ഗംഗന്റെ തിരോധാനവും കണ്ടെത്തലും പ്രതികാരവുമാണ് സിനിമയുടെ കാതല്‍. കമ്മട്ടിപ്പാടത്തെ ജീവവായുവായ ബാലനെ ചതിച്ചു കൊന്നവനോടുള്ള പ്രതികാരം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തുന്നു. കോളനികളിലെ സാധാരണക്കാര്‍ക്ക് ആയുധം നല്‍കി ഭൂമി വെട്ടിപ്പിടിക്കുന്ന ലാന്‍ഡ് മാഫിയകളുടെ  ഇരകളാണ് കമ്മട്ടിപ്പാടത്തെ യുവാക്കള്‍. അതിന്റെ നേര്‍പ്രതീകങ്ങളാണ് ബാലനും ഗംഗനും കൃഷ്ണനും.

അഞ്ചുമണിക്കൂര്‍ നീളമുള്ള ഒരു ചിത്രം ഒരുക്കാന്‍ ആയിരുന്നുവത്രേ രാജീവിന്റെ പ്ലാന്‍. പിന്നീട് മൂന്നു        മണിക്കൂറില്‍ ചിത്രം ചുരുക്കുകയായിരുന്നു. ചിത്രം പകരുന്ന ആ ഫീല്‍ മുഴുവനാവാന്‍ ആക്ഷന്‍ രംഗങ്ങള്‍ സഹായിച്ചിട്ടുണ്ട്. ആ രംഗങ്ങള്‍ ഒക്കെ അതേപടി നിലനിര്‍ത്താന്‍ എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ചിത്രത്തിന്റെ വരവ്.    കമ്മട്ടിപ്പാടത്തിന്റെ നെടുംതൂണ് ബാലനാണ്. ചങ്കുറപ്പുകൊണ്ട് കമ്മട്ടിപ്പാടത്ത് രാജാവായി വാണവന്‍. ബാലനായുള്ള മണികണ്ഠന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ദുല്‍ഖര്‍ സല്‍മാന്‍ കൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാം അറിയാതെ പോയ കമ്മട്ടിപ്പാടത്തിന്റെ കഥ നമ്മോട് പറയാന്‍ വിധിക്കപ്പെട്ടവനാണ് ഈ കഥാപാത്രം. പല യുവനടന്മാരും ചെയ്യാന്‍ മടിക്കുന്ന വേഷം ഗംഭീരമായി ദുല്‍ഖര്‍ അവതരിപ്പിച്ചു. വിനായകന്റെ ഗംഗനാണ് മറ്റൊരു കഥാപാത്രം. ഈ കഥാപാത്രമാണ് സിനിമയില്‍ കമ്മട്ടിപ്പാടത്തിന്റെ യഥാര്‍ഥ നായകന്‍. വളര്‍ച്ചയിലും തളര്‍ച്ചയിലും കമ്മട്ടിപ്പാടത്തിനൊപ്പം നിന്നവന്‍. പതനം മുന്നില്‍ കണ്ടതിനുശേഷമുള്ള വിനായകന്റെ പ്രകടനം അതിഗംഭീരം.
kammattipadam-2

 

നഗര നൊസ്റ്റാള്‍ജിയ
വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സിനിമയാക്കണമെന്ന് ആലോചിച്ച പ്രമേയമാണിതെന്ന് രാജീവ് രവി പറയുന്നു: ‘കൊച്ചി നഗരം എന്റെ മുമ്പിലാണ് വലുതായത്. 1990-93ല്‍ മഹാരാജാസ് കോളജില്‍ പഠിക്കുമ്പോഴും അതു കഴിഞ്ഞ് ഓരോ തവണ ഞാന്‍ പുറത്തുപോയി വരുമ്പോഴും എറണാകുളം മാറിക്കൊണ്ടിരിക്കുകയായിരുന്നു. തൊണ്ണൂറുകളിലെ മാര്‍ക്കറ്റ് ബൂമിനുശേഷം ഉണ്ടായിട്ടുള്ള ഡെവലപ്‌മെന്റ് ഒരു അജണ്ടയുടെ ഭാഗമാണ്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി എന്ന പേരിലൊക്കെ ഉണ്ടാക്കിയിട്ടിരിക്കുന്ന സ്‌റ്റേറ്റ് ബോഡീസൊക്കെ സ്‌റ്റേറ്റ് ഫണ്ടഡ് ആയിട്ടുള്ള റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് ആണ്. ഇതൊക്കെ ഞാന്‍ നേരിട്ടു മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളാണ്. ഇതിന്റെ ഭവിഷ്യത്തെന്താണെന്നു വച്ചാല്‍ നമുക്ക് നഷ്ടപ്പെടുന്നത് നമുക്കു ചുറ്റുമുണ്ടായിരുന്ന സഹോദരങ്ങളും നമ്മള്‍ കണ്ടുപരിചയിച്ച നമ്മളോടൊപ്പം കളിച്ചുവളര്‍ന്ന ആള്‍ക്കാരെയുമാണ്. ഇന്ന് എറണാകുളത്ത് എന്റെ സ്ഥലത്തുവന്നു നില്‍ക്കുമ്പോള്‍ അവിടെ പണ്ട് കൂടെയുണ്ടായിരുന്ന ആള്‍ക്കാര്‍ പലരും ഇല്ല. നമുക്ക് നഷ്ടപ്പെടുന്നത് അവരെയാണ്.

ഞാനും കമ്മട്ടിപ്പാടത്തെയാണ്. എന്റെ അച്ഛന്റെ കുടുംബവും കമ്മട്ടിപ്പാടത്തെയാണ്. ഞാന്‍ പശുവിനെയൊക്കെ കൊണ്ട് കെട്ടിയിരുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം. എന്റെ ഒരു ഓര്‍മ ഭയങ്കരമായിട്ട് അതിലുണ്ട്. പാടത്തിന്റെ നടുക്ക് പുലയക്കുടിലുകള്‍ തുരുത്തുകളിലായിരുന്നു. ഇവരുമായിട്ടുള്ള ഇടപെടലുകളും സുഹൃദ്ബന്ധങ്ങളുമൊക്കെ എനിക്ക് നല്ല ഓര്‍മയുണ്ട്. അത് ഒരു കലക്ടീവ് മെമ്മറിയാണ്. നഷ്ടപ്പെട്ടുപോയ സാധനമാണ്. നൊസ്റ്റാള്‍ജിയയാണ്.’ ഈ ചിത്രത്തില്‍ കാഴ്ചക്കാരന്റെ വേഷം മാത്രമേ രാജീവ് പ്രേക്ഷകന് നല്‍കിയിട്ടുള്ളൂ. ചരിത്രം സിനിമയാക്കുമ്പോള്‍ ചിന്തകള്‍ക്കപ്പുറം കാഴ്ചകള്‍ക്കു പ്രാധാന്യം നല്‍കണമെന്ന മാറിയ ചിന്താഗതിയാണ് അദ്ദേഹത്തിന്റേത്. ഈ സിനിമയും അതു ചെയ്തിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 192 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക