|    Nov 14 Wed, 2018 8:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലയാളത്തിന്റെ ഗസല്‍നാദം നിലച്ചു

Published : 2nd August 2018 | Posted By: kasim kzm

കൊച്ചി/മട്ടാഞ്ചേരി: പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായി (പി എ ഇബ്രാഹീം- 68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 4.45ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ടോടെ മൃതദേഹം കൂവപ്പാടത്തെ ശാന്തിനഗര്‍ കോളനിയിലെ വസതിയിലെത്തിച്ചു.
മലയാള ഗസല്‍ സംഗീതത്തെ ജനകീയമാക്കി മാറ്റിയ പി എ ഇബ്രാഹീമിന് സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് ഉമ്പായി എന്ന പേര് നല്‍കിയത്.
ഫോര്‍ട്ട് കൊച്ചി ഈരവേലി പടിഞ്ഞാറേവീട്ടില്‍ പരേതരായ അബുവിന്റെയും പാത്തുമ്മയുടെയും മകനായി 1950 ജൂണ്‍ പത്തിനാണ് ജനനം. കൊടിയ ദാരിദ്ര്യം മൂലം ജീവിക്കാന്‍ പല വഴികള്‍ തേടിയ ഉമ്പായി 1967ലാണ് പൊതുവേദിയില്‍ ആദ്യമായി തബല വായിക്കുന്നത്. ഉമ്പായിയുടെ തബലവായന ഇഷ്ടപ്പെട്ട മെഹബൂബ് തബല ശാസ്ത്രീയമായി പഠിക്കുന്നതിന് മുംബൈയില്‍ പോവാന്‍ ഉപദേശിച്ചു. ഉസ്താദ് മുജാവര്‍ അലിയില്‍നിന്നാണ് തബല അഭ്യസിച്ചത്. ഇതിനിടെ ആലാപനമികവ് തിരിച്ചറിഞ്ഞ് ഉസ്താദ്, ഉമ്പായിയെ ഗസലിന്റെ വഴിയെ കൈപിടിച്ചു നടത്തി.
കേരളത്തില്‍ ആദ്യമായി ഗസല്‍ സംഗീത ട്രൂപ്പ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത് ഉമ്പായിയാണ്. ദുന്‍ എന്ന പേരില്‍ സ്വന്തമായി സംഗീത ട്രൂപ്പ് രൂപീകരിച്ച ഉമ്പായി, എറണാകുളം അബാദ് പ്ലാസയില്‍ രാത്രികാല പാട്ടുകാരനായും പകല്‍സമയങ്ങളില്‍ എറണാകുളത്ത് ലോട്ടറി നടത്തിപ്പുകാരനായും മാറി. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ പാടി. ആദ്യ ഉര്‍ദു സംഗീത ആല്‍ബം ആദാബാണ്. പണ്ഡിറ്റ് ഹസ്രത്ത് ജയ്പുരിയുടെ ഉര്‍ദു കവിതകളാണ് ആല്‍ബമാക്കിയത്. വേണു വി ദേശത്തിന്റെ വരികള്‍ കോര്‍ത്തിണക്കിയ പ്രണാമമാണ് ആദ്യത്തെ മലയാളം ആല്‍ബം. 24 ഗസല്‍ ആല്‍ബങ്ങള്‍ ഇറക്കി. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും പര്യടനം നടത്തി.
ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ശൈലജ, സബിത, സമീര്‍. മരുമക്കള്‍: നിഷാദ്, നൗഫല്‍. ഇന്നു രാവിലെ എട്ടു മുതല്‍ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12.30ന് കല്‍വത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss