|    Apr 24 Tue, 2018 2:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളം മീഡിയത്തില്‍ നിന്ന് ഒന്നാംറാങ്കിലേക്ക്

Published : 2nd June 2016 | Posted By: SMR

കണ്ണൂര്‍: ചാലയ്ക്കു സമീപത്തെ കോയ്യോട് ബൈത്തുസ്സലാമില്‍ പഠനമെന്നാല്‍ കടിച്ചാല്‍ പൊട്ടാത്ത ഒന്നല്ല. അതുകൊണ്ടു തന്നെ ഇവിടെ പഠനത്തിനു വേണ്ടിയുള്ള ബഹളങ്ങളുമില്ല. പക്ഷേ, ഒന്നുറപ്പിച്ചു പറയാം. മാതാപിതാക്കളും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് പഠനം ഒരു സൗഹൃദയുദ്ധം തന്നെയെന്ന്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വിറിന്റെ വാക്കുകളിലും ഇക്കാര്യം പ്രകടം.
കഴിഞ്ഞ തവണ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയെങ്കിലും 1176ാം റാങ്കില്‍ തൃപ്തിപ്പെടേണ്ടി വന്നു. ഇക്കുറി ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെടുമെന്ന് മുനവ്വിര്‍ ഉറപ്പിച്ചിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം വന്നപ്പോഴാവട്ടെ ഒന്നാംറാങ്കും. ഫലപ്രഖ്യാപനത്തെ ഉറ്റുനോക്കിയ വീട്ടിലേക്ക് റാങ്കിന്റെ തിളക്കംകൂടിയായപ്പോള്‍ തിരക്കോടുതിരക്ക്. ബന്ധുക്കളും അധ്യാപകരും നാട്ടുകാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം വീട്ടില്‍.
ഫോണില്‍ ആശംസാപ്രവാഹം. സന്തോഷത്തിന്റെ കൊടുമുടിയിലും ബൈത്തുസ്സലാമില്‍ ആഹ്ലാദാരവങ്ങള്‍ക്ക് മിതത്വം. മക്രേരി വില്ലേജ് ഓഫിസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായ പിതാവ് പി പി മുഹമ്മദലിയും പയ്യാമ്പലം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയായ മാതാവ് നദീറ ബീവിയുമാണ് ഇവിടുത്തെ പ്രധാന ഗുരുക്കള്‍.
ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സി(എയിംസ്)ന്റെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതിയിട്ടുണ്ട്. അതില്‍ റാങ്ക് ലഭിച്ചാല്‍ മറ്റു സംസ്ഥാനത്ത് പഠിക്കും. അല്ലെങ്കില്‍ കോഴിക്കേട് മെഡിക്കല്‍ കോളജില്‍ പഠിക്കാനാണു താല്‍പര്യം’-റാങ്ക് ജേതാവ് വി വി മുഹമ്മദ് മുനവ്വിര്‍ പറഞ്ഞു. മുനവ്വിറിന്റെ ഏകസഹോദരി ആയിഷത്തു മുബഷിറയും പഠനത്തില്‍ മിടുക്കി തന്നെ. പെരളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എല്ലാ വിഷയത്തിലും എപ്ലസോടെയാണ് മുബഷിറ എസ്എസ്എല്‍സി വിജയിച്ചത്. ‘
പ്ലസ്ടുവരെ പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച മുനവ്വിര്‍ ഉന്നതവിജയം നേടണമെന്ന ലക്ഷ്യത്തോടെ കോട്ടയത്തെ സ്വകാര്യ മെഡിക്കല്‍ എന്‍ട്രന്‍സ് സെന്ററില്‍ ചേര്‍ന്നാണ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്തത്. 960ല്‍ 960 മാര്‍ക്കും നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയ മുനവ്വിറിനെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss