|    Dec 13 Thu, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മലയാളം പഠിച്ച 2285 ഇതര സംസ്ഥാന തൊഴിലാളികള്‍ പരീക്ഷയ്ക്ക്

Published : 23rd November 2018 | Posted By: kasim kzm

എം എം അന്‍സാര്‍

കഴക്കൂട്ടം: സംസ്ഥാന സാക്ഷരതാ മിഷന്റെ ‘ചങ്ങാതി’ പദ്ധതിയുടെ ആദ്യ പരീക്ഷ എറണാകുളം ഒഴിച്ചുള്ള ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ 25നു നടക്കും. കേരളത്തില്‍ വിവിധയിടങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന യുവതീയുവാക്കളടങ്ങുന്ന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയാണു ‘ചങ്ങാതി.’ നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പാക്കിയ ‘ചങ്ങാതി’ മാതൃകാ പ്രൊജക്റ്റിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് 2018 ഏപ്രില്‍ ഒന്നു മുതല്‍ സാക്ഷരതാ മിഷന്‍ ‘ചങ്ങാതി’ പദ്ധതി കേരളമാകെ വ്യാപിപ്പിച്ചത്. ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ‘ഹമാരി മലയാളം’ എന്ന സാക്ഷരതാ പാഠാവലിയില്‍ മൊത്തം 100 മാര്‍ക്കിനാണു പരീക്ഷ നടക്കുക. ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ജീവിത സന്ദര്‍ഭങ്ങളോടു പൊരുത്തപ്പെടുന്ന വിധത്തിലാണു സാക്ഷരതാ പാഠാവലി തയ്യാറാക്കിയിട്ടുള്ളത്.
ആരോഗ്യം, ഭക്ഷണം, മാര്‍ക്കറ്റ്, ഹോട്ടല്‍, യാത്ര, തൊഴില്‍ തുടങ്ങി 25 പാഠങ്ങളാണു പാഠാവലിയില്‍ ഉള്‍പ്പെടുത്തിയത്. 13 ജില്ലകളിലെ 225 പരീക്ഷാ കേന്ദ്രങ്ങളിലായി 2285 ഇതര സംസ്ഥാന തൊഴിലാളികള്‍ പരീക്ഷ എഴുതും. നാലു മാസം കൊണ്ടു തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ച് മണിക്കൂറാണ് ക്ലാസ്.
വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്ന സാക്ഷരതാ പഠനകേന്ദ്രങ്ങളുണ്ട്. ഒരു വിദ്യാകേന്ദ്രത്തിനു കീഴില്‍ അഞ്ചിനും 10നും ഇടയില്‍ പഠന കേന്ദ്രങ്ങളാണുള്ളത്.
തലസ്ഥാന ജില്ലയിലെ വിദ്യാകേന്ദ്രമായ കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ വിവിധ പഠനകേന്ദ്രങ്ങളിലായി 104 തൊഴിലാളികളാണ് മലയാളം പഠിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss