|    Dec 10 Mon, 2018 4:04 am
FLASH NEWS

മലയാളം പഠിച്ചുതന്നെ കുട്ടികള്‍ വളരണം : മുഖ്യമന്ത്രി

Published : 30th May 2017 | Posted By: fsq

 

തിരൂര്‍: നമ്മുടെ കുട്ടികള്‍ മലയാളം പഠിച്ചുതന്നെ വളരണമെന്നും അതിനാല്‍ ഭാഷ വളരാനുള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ടൂറിസം വകുപ്പ് രണ്ടു കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക പവലിയന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരള സംസ്‌കാരത്തിന്റെ പതാക വാഹക സ്ഥാപനമായി തുഞ്ചന്‍പറമ്പിനെ ഉയര്‍ത്തുമെന്നും അതിന് പണം തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക നിലയം എന്നതിലുപരി സാംസ്‌കാരിക പര്യടന കേന്ദ്രമാക്കി തുഞ്ചന്‍പറമ്പിനെ ഉയര്‍ത്തികൊണ്ടുവരാന്‍ സംസ്ഥാന  സര്‍ക്കാര്‍ നടപടിയെടുക്കും. അതിനാണ് തുഞ്ചന്‍പറമ്പിനുള്ള ഗ്രാന്റ് 50 ലക്ഷമാക്കി വര്‍ധിപ്പിച്ചതും ലൈബ്രറിയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതും. തുഞ്ചന്‍പറമ്പ് പുരോഗതിയുടെ പാതയില്‍ വലിയ കുതിച്ചുചാട്ടം നടത്തി. എംടിയുടെ നേത്യത്വം തുഞ്ചന്‍ സ്മാരകത്തിന്റെ കുതിപ്പിന് കരുത്തേകി.തുഞ്ചന്‍പറമ്പ് ജാതിമതഭേദമന്യേ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ തുഞ്ചന്‍പറമ്പിന്റെ മാനവിക ദര്‍ശനം വെല്ലുവിളികളേറെ നേരിടുന്ന ഘട്ടമാണിത്. എംടിയുടെ അഭിപ്രായ പ്രകടനം പോലും എത്രമാത്രം അസഹിഷ്ണുതക്കാണ് ഇടയാക്കിയതെന്ന് ഓര്‍ക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.സാമൂഹിക ജീവിതത്തെ സമ്പന്നമാക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനം സര്‍ക്കാറിന്റെ സഞ്ചാരപഥത്തെ വ്യക്തമാക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാതൃഭാഷയെ മലയാളി കൈയൊഴിയുന്ന ഘട്ടത്തില്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ആമുഖപ്രഭാഷണം നടത്തിയ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എംടി വാസുദേവന്‍നായര്‍ പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭത്തിനെത്തുന്ന ആയിരകണക്കിനാളുകള്‍ക്കുള്ള സൗകര്യങ്ങളും മ്യൂസിയം, ലൈബ്രറി എന്നിവയുടെ വികസനത്തിനും സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും എംടി അഭ്യര്‍ഥിച്ചു. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മന്ത്രി ഡോ: കെ ടി ജലീല്‍, സി മമ്മൂട്ടി എംഎല്‍എ, വി അബ്ദുറഹിമാന്‍ എംഎല്‍എ, സാഹിത്യഅക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ എസ് ഗിരീഷ് . ബാലകിരണ്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി  പി നന്ദകുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss