|    Apr 21 Sat, 2018 11:32 am
FLASH NEWS

മലയാറ്റൂര്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടും വരെ സമരം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

Published : 21st March 2017 | Posted By: fsq

 

കാലടി: മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം ആരംഭിച്ച ടാര്‍ മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടുകതന്നെ ചെയ്യണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആവശ്യപ്പെട്ടു. ടാര്‍ പ്ലാന്റ് വിരുദ്ധ ജനകീയ സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും സെബിയൂര്‍, വിമലഗിരി പ്രദേശവാസികള്‍ ചേര്‍ന്ന് മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റിനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരസ്‌കൃതരാവും. അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന് ഭൂഷണമല്ല ഈ പ്ലാന്റ്.
പരിസ്ഥിതിക്കും ജനജീവിതത്തിനും സമാനതകളില്ലാത്ത ദുരിതമേല്‍പിക്കാന്‍ മാത്രമേ പ്ലാന്റിന്റെ പ്രവര്‍ത്തനം ഉപകരിക്കൂ. ടാര്‍ പ്ലാന്റ് അടച്ചു പൂട്ടുംവരെ ജനകീയ സമരങ്ങള്‍ തുടരുമെന്നും ഇതിന് അതിരൂപതാ നേതൃത്വത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വരും തലമുറയെപ്പോലും സാരമായി ബാധിക്കുന്ന ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം വേണ്ടെന്നുവയ്ക്കാന്‍ ഇതിന്റെ ഉടമ സ്വമേധയാ മുന്നോട്ടുവരണമെന്നും മാര്‍ എടയന്ത്രത്ത് അഭ്യര്‍ത്ഥിച്ചു.
ചട്ടങ്ങളെയും നിയമങ്ങളെയും പ്ലാന്റുടമക്കുവേണ്ടി ഉദ്യോഗസ്ഥര്‍ വളച്ചൊടിക്കുകയും കാറ്റില്‍പറത്തുകയും ചെയ്‌തെന്ന് ആമുഖപ്രഭാഷണം നടത്തിയ വിമലഗിരി വികാരി ഫാ. ജോഷി കളപ്പറമ്പത്ത് പറഞ്ഞു. ടാര്‍ പ്ലാന്റിന് അനുമതി നിഷേധിച്ച ടൗണ്‍ പ്ലാനറുടെ രേഖയും അദ്ദേഹം പുറത്തുവിട്ടു. കാഞ്ഞൂര്‍ ഫൊറോന വികാരി ഡോ. വര്‍ഗീസ് പൊട്ടക്കല്‍ അധ്യക്ഷനായിരുന്നു.
മതബോധന വിഭാഗം അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ്‌സ് കൈതക്കോട്ടില്‍, മലയാറ്റൂര്‍ മേഖലയിലെ വിവിധ ഇടവക വികാരിമാരായ ഫാ. ബിനീഷ് പൂണോളി, ഫാ. ജോര്‍ജ് പുത്തന്‍പുര, ഫാ. തോമസ് മഞ്ചപ്പിള്ളി, ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി, ഫാ. ബിജോഷ് മൂലേക്കുടി, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതോട്ടില്‍, ഫാ. ജോസ് സിഎസ്റ്റി, ഫാ. ആന്റോച്ചന്‍ മണ്ണേഴത്ത്, എകെസിസി അതിരൂപതാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് മൂലന്‍, എന്‍ പി വില്‍സന്‍, എസ് ഐ തോമസ്, ജോസഫ് മാടവന, ശീതള്‍ ജോജി, മോളി ജോയി സംസാരിച്ചു. ധര്‍ണക്കു മുന്നോടിയായി പള്ളുപ്പേട്ടയില്‍നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss