|    Aug 18 Fri, 2017 6:08 pm
FLASH NEWS

മലയാറ്റൂര്‍ ഏഴാറ്റുമുഖം അതിരപ്പിള്ളി ടൂറിസം സര്‍ക്യൂട്ട് പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചു

Published : 12th August 2017 | Posted By: fsq

 

കാലടി: മലയാറ്റൂര്‍ ഏഴാറ്റുമുഖം അതിരപ്പിള്ളി ടൂറിസം സര്‍ക്യൂട്ടിന്റെ വിശദമായ പദ്ധതി രൂപരേഖ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചെന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ “സ്വദേശ് ദര്‍ശന്‍ “സ്‌കീമില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിനാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. കാലടി, മലയാറ്റൂര്‍, കോടനാട്, ഏഴാറ്റുമുഖം, അതിരപ്പിള്ളി എന്നീ കേന്ദ്രങ്ങളുടെയും, സമീപ പ്രദേശങ്ങളുടെയും ടൂറിസം സാധ്യതകള്‍ വികസിപ്പിച്ചെടുക്കുന്നതിനായുള്ള 98.93 കോടി രൂപയുടെ സമഗ്രമായ പദ്ധതി രൂപരേഖയാണ് കേന്ദ്ര ടൂറിസം മന്ത്രലയത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രസംഘം നേരിട്ടെത്തി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്യൂട്ടിന്റെ സാധ്യതകള്‍ പരിശോധിച്ച്  അനുമതി നല്‍കുന്നതാണ് സ്വദേശ് ദര്‍ശന്‍’ സ്‌കീമിന്റെ അടുത്ത നടപടിക്രമം. ഇത് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര ടൂറിസം മന്ത്രലയവുമായി ബന്ധപ്പെട്ട്  സ്വീകരിക്കണമെന്ന് എംഎല്‍എ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടു. കാലടി ടൗണിന്റെ സമഗ്രമായ വികസനം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ശങ്കരകവാടം, അദൈ്വത കലാകേന്ദ്രം, മാണിക്കമംഗലം ചിറയുടെ നവീകരണം, മലയാറ്റൂര്‍ പള്ളി മുതല്‍ കുരിശുമുടി അടിവാരം വരെയുള്ള പാതയുടെ നവീകരണം, മണപ്പാട്ടുചിറയുടെ വികസനം, ഇല്ലിത്തോട് മുതല്‍ അതിരപ്പിള്ളി വരെ നീളുന്ന ‘കാനന പാതയും, വിശ്രമകേന്ദ്രങ്ങളുടെയും നിര്‍മാണം, ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്റെ നവീകരണം, അതിരപ്പിള്ളിയില്‍ സൈക്കിള്‍ ട്രാക്ക്, ടൂറിസ്റ്റുകള്‍ക്കായുള്ള വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അന്താരാഷട്ര തീര്‍ഥാടന കേന്ദ്രങ്ങളായ കാലടിയുടെയും മലയാറ്റൂരിന്റെയും ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ടൂറിസം സര്‍ക്യൂട്ട് വിഭാവനം ചെയ്യുന്നത്. ഈ രണ്ടു കേന്ദ്രങ്ങളെയും അതിരപ്പിള്ളിയുമായി ബന്ധിപ്പിക്കുക വഴി ടൂറിസം രംഗത്ത് ഈ മേഖലയില്‍ വന്‍ കുതിപ്പ് ഉണ്ടാവുമെന്നും ഈ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാവുമെന്നും റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക