|    Jan 24 Tue, 2017 4:56 pm
FLASH NEWS

മലമ്പുഴ: വിഎസ് സീറോയെന്ന് കോണ്‍ഗ്രസ്; പുതുപ്പള്ളിയെക്കാള്‍ ഭേദമെന്ന് ഇടതുപക്ഷം

Published : 11th May 2016 | Posted By: SMR

v-s-achudananthan

എം എം സലാം

പാലക്കാട്: ഇടതിനെയല്ലാതെ ചരിത്രത്തിലിന്നുവരെ മറ്റൊന്നിനെയും വരിക്കാത്ത മണ്ഡലമാണ് കേരളത്തിന്റെ ഉദ്യാന നഗരിയായ മലമ്പുഴ. 1957ല്‍ മണ്ഡലം രൂപീകൃതമായപ്പോള്‍ എം പി കുഞ്ഞിരാമനിലൂടെ തുടങ്ങിയ ഇടതു തേരോട്ടം നീണ്ട അറുപതാണ്ടിനോടടുക്കുമ്പോള്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദനില്‍ എത്തിനില്‍ക്കുന്നു. തുടര്‍ച്ചയായ നാലാമങ്കത്തിനു ഇതേ മണ്ഡലത്തില്‍ നിന്നും വിഎസ് വീണ്ടും അരയും തലയും മുറുക്കുമ്പോള്‍ മുമ്പത്തെപ്പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് എതിരാളികളായ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും കണക്കുകൂട്ടല്‍.
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും നീണ്ട പതിനഞ്ച് വര്‍ഷം മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടും കേരളത്തിലെ ഏറ്റവും പിന്നാക്ക മണ്ഡലമായി മലമ്പുഴ മാറിയെന്നാണ് എതിരാളികള്‍ ആരോപിക്കുന്ന ത്. ജയിച്ചു പോയാല്‍പ്പിന്നെ വിഎസ് മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാറില്ലെന്നാണ് മുഖ്യ പരാതി. അതിനാല്‍ത്തന്നെ ഈ വിഎസ് ഇനി എന്നും മലമ്പുഴയില്‍ ഉണ്ടാവും’ എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ജോയിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി പ്രചാരണ ഫഌക്‌സുകളില്‍ നിറഞ്ഞത്. വിണ്ണിലെ ദൈവമല്ല; മണ്ണിലെ മനുഷ്യനെയാണ് നമുക്കാവശ്യം’ എന്ന മുദ്രാവാക്യം എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും ഉയര്‍ത്തുന്നു. ‘
വിഎസ് സംസ്ഥാനത്തിന്റെ ഹീറോയായിരിക്കാം. പക്ഷേ, മലമ്പുഴയില്‍ അദ്ദേഹം സീറോ’യാണെന്നു നിഷ്പക്ഷ വോട്ടര്‍മാരില്‍ ചിലരെങ്കിലും ചിന്തിക്കുന്നുമുണ്ട്. രണ്ടു മുഖ്യമന്ത്രിമാരെയും രണ്ടു പ്രതിപക്ഷ നേതാക്കളേയും സംഭാവന ചെയ്ത മണ്ഡലമായിരുന്നിട്ടും സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ നടന്ന വികസനത്തിന്റെ നാലിലൊന്നുപോലും മലമ്പുഴയിലേക്കെത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
പ്രധാനപ്പെട്ട വാളയാര്‍, മലമ്പുഴ അണക്കെട്ടുകളുടെ നാടായിരുന്നിട്ടുകൂടി മലമ്പുഴയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമമാണ് വിഎസിനെതിരേയുള്ള തുറുപ്പുചീട്ട്. ജലസേചന സൗകര്യത്തിനായി വേണ്ട രീതിയില്‍ രണ്ട് ഡാമുകളെ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ മലമ്പുഴയുടെ ദാഹം ശമിപ്പിക്കാന്‍ അതു ധാരാളം മതിയായിരുന്നു. എന്നാല്‍, ഇതിനുവേണ്ടി വിഎസ് ഒന്നും ചെയ്തില്ല. മലമ്പുഴ കനാലാവട്ടെ വറ്റി വരണ്ടു കിടക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായതിന്റെ ദുരിതം ഏറ്റവും അനുഭവിക്കുന്ന വീട്ടമ്മാര്‍ ഈ തിരഞ്ഞെടുപ്പില്‍ വിഎസിനോട് കണക്കു ചോദിക്കുക തന്നെ ചെയ്യും മണ്ഡലത്തിലെ പുതുശ്ശേരി നിവാസിനിയായ വീട്ടമ്മ രോഷത്തോടെ പറയുന്നു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജുകള്‍ അനുവദിച്ചപ്പോള്‍ മലമ്പുഴയ്ക്കു മാത്രം കിട്ടിയില്ല. സാധാരണക്കാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് കിലോമീറ്ററുകള്‍ യാത്ര ചെയ്തു പാലക്കാട് നഗരത്തിലെത്തണം. എത്രപേര്‍ക്ക് അങ്ങിനെ പഠിപ്പിക്കാനാവും? തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ജോയി ചോദിക്കുന്നു. 22 കിലോമീറ്ററുകളോളം ദേശീയ പാത കടന്നുപോവുന്ന മണ്ഡലത്തില്‍ പ്രാഥമിക ചികില്‍സാ സൗകര്യമില്ല. ഗ്രാമീണ റോഡുകളുടെ സ്ഥിതിയും അതിദയനീയം. മലമ്പുഴയിലെ കോളനികളിലെ ജനജീവിതം ദുസ്സഹമാണ്. അകത്തേത്തറ മേല്‍പ്പാലം യാഥാര്‍ഥ്യമായില്ല. മലമ്പുഴ ഡാമിനു ചുറ്റുമുള്ള റിങ് റോഡുകളുടെ നിര്‍മാണം, കഞ്ചിക്കോട് വ്യവസായ മേഖലയുടെ ദുരവസ്ഥ… വിഎസിനെതിരേയുള്ള എതിരാളികളുടെ കുറ്റപത്രം നീളുകയാണ്.
എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ചെയ്തതില്‍ കൂടുതല്‍ വിഎസ് മലമ്പുഴയില്‍ ചെയ്തിട്ടുണ്ടെന്ന് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പു പ്രചാരണ ചുക്കാന്‍ പിടിക്കുന്ന എ പ്രഭാകരന്‍ വിശദീകരിക്കുന്നു. മലമ്പുഴ ഉദ്യാന നവീകരണം, കുടിവെള്ള പദ്ധതികള്‍, നിരവധി റോഡുകള്‍ എന്നിവ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നഴ്‌സിങ് കോളജും മണ്ഡലത്തിലെത്തിച്ചു. വിഎസ് ചെയ്ത നേട്ടങ്ങളുടെ മറ്റു കണക്കുകളും ഇവര്‍ നിരത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 191 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക