|    Jun 21 Thu, 2018 6:34 am
FLASH NEWS

മലമ്പുഴ മേഖലയില്‍ വീണ്ടും കാട്ടാന; പ്രദേശവാസികള്‍ ഭീതിയില്‍

Published : 4th August 2017 | Posted By: fsq

 

മലമ്പുഴ: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മലമ്പുഴ മേഖലയില്‍ വീണ്ടും എത്തിയ കാട്ടാനകള്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് മലമ്പുഴ ഗാര്‍ഡനു സമീപം  പാലക്കാട് റോഡിലേക്കിറങ്ങിയ കാട്ടാന റോഡില്‍ നിലയുറപ്പിച്ചത്.  ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അഗ്രിക്കള്‍ച്ചര്‍ ഭാഗത്തേക്ക് കയറിപ്പോയെങ്കിലും ഇനിയും വരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഈ മേഖല  ആനത്താരയായി മാറിയതോടെ മലമ്പുഴ നിവാസികള്‍  രാപകലന്യേ ഭയത്തേ ാടെയാണ് കഴിയുന്നത്. ആനക്കൂട്ടത്തിന്റെ സ്ഥിരം കേന്ദ്രമായി മലമ്പുഴയ്ക്കു പുറമേ പുതുപ്പരിയാരം, മുണ്ടൂര്‍ മേഖലകള്‍ കൂടിമാറിയിരിക്കുകയാണ്. കയ്യറ, ആനപ്പാറ, നൊച്ചിപ്പുള്ളി വടക്കന്റെ കാട്, അകമലവാരം, ആനക്കല്ല് എന്നീ പ്രദേശങ്ങള്‍ മാസങ്ങളായി ആനത്താവളമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം മലമ്പുഴ ഐഎംഎ പ്ലാന്റ് ജീവനക്കാരനെ ജോലിക്കു പോവും വഴി കൊലപ്പെടുത്തിയതിനു ശേഷം കാടുകേറാത്ത ആനകള്‍ വനംവകുപ്പിനെപ്പോലും ഉറക്കം കെടുത്തുകയാണ്. പ്രദേശത്തെ ഏക്കറുകണക്കിന് നെല്ല്, വാഴ, തെങ്ങ് ഉള്‍പ്പെടെ നിരവധി കൃഷിയാണ്  കാട്ടുകൊമ്പന്മാര്‍ നശിപ്പിച്ചിട്ടുള്ളത്. ആനപ്പാറ മേഖലയില്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് മുഴുവന്‍ നെല്‍ കൃഷിയും നശിപ്പിച്ചതായി ഇവിടുത്തെ കര്‍ഷകര്‍ പറയുന്നു. ദിവസങ്ങളായി കാട്ടുകൊമ്പന്മാരുടെ പരാക്രമം കാരണം ഉണ്ടാവുന്ന നാശനഷ്ടത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.  നാശനഷ്ടമുണ്ടായാലും വനപാലകരെ വിവരം അറിയിക്കില്ലെന്നും നഷ്ടം തങ്ങള്‍ സഹിച്ചോളാം എന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍. പ്രദേശത്ത് ആനയിറങ്ങി എന്നറിഞ്ഞ് എത്തുന്ന വനപാലകര്‍ ആനയെ കാടുകടത്താനെന്ന പേരില്‍ പടക്കമെറിഞ്ഞ്  തടിച്ചു കൂടിയ ജനം പിരിയുന്നതിനു മുന്‍പേ സ്ഥലം വിടുകയാണെന്ന് ആരോപണമുണ്ട്്. കഴിഞ്ഞ മൂന്നാലു ദിവസമായി ആനയിറങ്ങുന്നത് പതിവാണെങ്കിലും വനപാലകരെ വിവരം അറിയിക്കാതെ പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. ഭരണപരിഷ്‌കാര ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിതലത്തില്‍ എടുത്ത തീരുമാനം നടപ്പാവുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍ ദിവസം തള്ളിനീക്കുമ്പോഴും പ്രദേശത്തെ കാട്ടാനകളുടെ സംഹാര താണ്ഡവം തുടരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഒലവക്കോട് റെയില്‍വേസ്റ്റേഷനു മുമ്പിലെത്തിയ കാട്ടാന ഇന്നലെ രാവിലെ മുണ്ടൂര്‍ ജങ്ഷനിലും എത്തിയതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലായിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss