|    Sep 19 Wed, 2018 3:07 am
FLASH NEWS

മലമ്പുഴ അണക്കെട്ടില്‍ നിന്ന് കൃഷിക്കാവശ്യമായ വെള്ളം നല്‍കാനാവുന്നില്ല

Published : 6th January 2018 | Posted By: kasim kzm

മലമ്പുഴ: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടില്‍ നിന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി വെള്ളം വില്‍ക്കുന്നതുമൂലം കൃഷിക്കാവശ്യമായ വെള്ളം നല്‍കാനാവാത്ത സ്ഥിതിയാവുന്ന സാഹചര്യം. ജലചൂഷണം മൂലം ചെളിയടിഞ്ഞ അണക്കെട്ടിന്റെ സംഭരണശേഷി കുറഞ്ഞതോടെ കാര്‍ഷികാവശ്യത്തിനായുള്ള വെള്ളം തുറന്നുവിടുന്നത് ഇപ്പോള്‍ തന്നെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കടുത്ത വേനലില്‍ കുടിവെള്ളത്തിനു നെട്ടോട്ടമോടുന്ന ജില്ലയില്‍ മലമ്പുഴയില്‍ നിന്നും കിന്‍ഫ്രക്ക് നല്‍കാനുദ്ദേശിക്കുന്ന 15 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ പദ്ധതി ഇത്തവണ നെല്ലറയില്‍ ഏറെ ദുരന്തം തീര്‍ക്കുമെന്നുറപ്പാണ്. വാട്ടര്‍ അതോറിറ്റിയില്‍ ഇപ്പോള്‍ 10 ലക്ഷം ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്ര ഉപയോഗിക്കുന്നുണ്ടെന്നും ഇതിനു പുറമെ 15 ദശലക്ഷം ലിറ്റര്‍ വെള്ളം അധികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മലമ്പുഴ ജലസേചന വകുപ്പിന്റെ വാദമെന്നിരിക്കെ നിലവില്‍ കിന്‍ഫ്രക്ക് വെള്ളം നല്‍കുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ബോബന്‍ മാട്ടുമന്ത നല്‍കിയ വിവരാവകാശ രേഖയിലാണ് ഇത്തരത്തിലുള്ള വകുപ്പുകളുടെ വിചിത്രമായ മറുപടിയുള്ളത്.
കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല വാട്ടര്‍ അതോറിറ്റിക്കാണെന്നിരിക്കെ പദ്ധതിയുടെ നിലവിലെ സ്ഥിതിയറിയില്ലെന്നും ജലം ആവശ്യപ്പെട്ട് കിന്‍ഫ്ര ഈ ഡിവിഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് രേഖകളില്‍ പറയുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയാണ് ജലം നല്‍കുന്നതെന്നും വിശദ വിവരങ്ങള്‍ അവിടെ നിന്നും ലഭിക്കുമെന്ന ജലസേചന വകുപ്പും പറയുമ്പോള്‍ ഇതിലെ പൊരുത്തക്കേടുകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ നല്‍കുന്ന 10 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ കരാര്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിക്കുമെന്നും ജലസേചനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ കുടിവെള്ളത്തെയും കാര്‍ഷിക മേഖലയിലെ ജലസേചനത്തെയും ലക്ഷ്യമാക്കി നിര്‍മ്മിച്ച മലമ്പുഴ അണക്കെട്ടില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും മാര്‍ച്ച് മാസമാവുന്നതോടെ ജലനിരപ്പ് കുറയും. 21,165 ഹെക്ടറാണ് മലമ്പുഴ പദ്ധതിയുടെ ജലവിതരണ മേഖലയെന്നിരിക്കെ ചേരാമംഗലം പദ്ധതിയിലെ 1205 ഹെക്ടര്‍ ഇതിനു കീഴില്‍ വരും. 2006 -2007 വര്‍ഷത്തില്‍ 102 ദിവസം കൃഷിയാവശ്യത്തിനായി വെള്ളം തുറന്നുവിട്ടപ്പോള്‍ 2015-2016 ല്‍ അത് 64 ദിവസമായും 2016-2017 വര്‍ഷത്തില്‍ അത് 27 ദിവസമായും ചുരുങ്ങിയത് ആശങ്കാജനകമാണ്. കാര്‍ഷിക മേഖലക്കാവശ്യമായ വെള്ളം നല്‍കാന്‍ പറ്റാത്തതിനാല്‍ കര്‍ഷകരില്‍ കണ്ണീരിന്റെ വിലാപമുയരുകയാണ്.
മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷിയില്‍ 28.26 ക്യൂബിക് മീറ്റര്‍ ചെളിയടിഞ്ഞ് കുറവുണ്ടെന്ന് 2015 ഡിസംബറില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ഘതമീറ്റര്‍ ജലം വരള്‍ച്ചാ നിവാരണത്തിനും രണ്ടു ഘനമീറ്റര്‍ കുടിവെള്ളത്തിനും കരുതണമെന്നിരിക്കെ 59 ദശലക്ഷം ലിറ്റര്‍ കുടിവെള്ളത്തിനു മാത്രം വേണമെന്നാണ് സ്ഥിതി. ഇതിനു പുറമെ പാലക്കാട് ഡിവിഷന് കീഴിലുള്ള 102 വ്യവസായ സ്ഥാപനങ്ങള്‍ക്കും മലമ്പുഴ അണക്കെട്ടിലെ വെള്ളം വില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അളവു നിശ്ചയിട്ടില്ലെങ്കിലും നേരത്തെ ചില മദ്യ നിര്‍മ്മാണ കമ്പനികളിലേക്കു ജലവിതരണം വിവാദമായിരുന്നു. ജില്ലയില്‍ ഇത്തവണ കാലവര്‍ഷം ദുര്‍ബലമായതും അണക്കെട്ടിന്റെ ജലവിതാനം താഴ്ന്നതിനും പുറമെ കിന്‍ഫ്രക്ക് അധികജലം വിതരണവും വരാനിരിക്കെ നെല്ലറയില്‍ കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ക്കും കാര്‍ഷിക മേഖലയിലും ദുരന്തം തീര്‍ക്കുമെന്നാണ് ആശങ്ക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss