|    Jun 24 Sat, 2017 7:17 pm
FLASH NEWS

മലമ്പുഴ അണക്കെട്ടിലേക്ക് ഒന്നാം പുഴയില്‍ നിന്നുള്ള നീരൊഴുക്ക്; അന്വേഷണത്തിന് തമിഴ്‌നാടിന്റെസഹായം തേടി ജലവിഭവ വകുപ്പ്

Published : 9th November 2016 | Posted By: SMR

മലമ്പുഴ: ജില്ലയുടെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിലേക്ക് വെള്ളം എത്തുന്ന ഒന്നാംപുഴയുടെ ഗതിമാറ്റി തമിഴ്‌നാട് വെള്ളം കൊണ്ടു പോവുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ ഭരണകൂടത്തിന്റെ സഹായം വേണമെന്നു ജലവിഭവ വകുപ്പ്. തമിഴ്‌നാട് വനം വകുപ്പിന്റെ പ്രദേശത്തുകൂടി മാത്രമേ പ്രദേശത്തേക്കു പോകാനാവൂ. ഉള്‍വനത്തില്‍ പത്തുകിലോ മീറ്ററിലേറെ ദൂരം സഞ്ചരിച്ചുവേണം ഒന്നാം പുഴയുടെ ഉല്‍ഭവസ്ഥാനമായ ആട്ടുമലയിലെത്താന്‍. ഒന്നാം പുഴയുടെ ഉല്‍ഭവം മുതല്‍ പുഴ മലമ്പുഴ ഡാമില്‍ വന്നു ചേരുന്നിടം വരെ പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം സാധ്യമാവൂ. ഇതില്‍ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട് വനംവകുപ്പിന്റെ കീഴിലാണ്. ഈ സാഹചര്യത്തില്‍ അവരുടെ സഹായമില്ലാതെ വനമേഖലയില്‍ പ്രവേശിക്കാന്‍ പോലും സാധ്യമല്ലെന്നു  ജലവിഭവ വകുപ്പ് പറയുന്നു. മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ കര്‍ഷകരാണ് ആട്ടുമലയില്‍  നിന്നു വെള്ളം ഗതിതിരിച്ചുവിടുന്നെന്ന ആശങ്ക ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. സംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ പി മേരിക്കുട്ടി ജലവിഭവവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റിപോര്‍ട്ട് ലഭിച്ചാല്‍ വസ്തുത പരിശോധിച്ച് വേണ്ടിവന്നാല്‍ കോയമ്പത്തൂര്‍ ജില്ലാ കലക്ടറുമായി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരാത്തതിന്റെ പ്രധാന കാരണം ഒന്നാം പുഴയില്‍ നിന്നുള്ള ഒഴുക്കു കുറവാണെന്നാണു പരാതി. മുമ്പ് ഇത്തരം പരാതി ഉയര്‍ന്നപ്പോള്‍ അന്നത്തെ ജില്ലാ കലക്ടര്‍ സഞ്ജീവ കൗശിക് ആട്ടുമലയിലെത്തി നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് പുഴയുടെ ഗതി മാറ്റി വെള്ളം കൊണ്ടുപോവുന്നതായി കണ്ടെത്തിയിരുന്നു. ഇതേ മാര്‍ഗം ഇപ്പോഴും തുടരുന്നത് കര്‍ഷകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക