|    Sep 25 Tue, 2018 8:36 pm
FLASH NEWS

മലമ്പനി പടരുന്നു : പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

Published : 23rd June 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 മലമ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഡിഎംഒ ഡോ. കെ സക്കീന അറിയിച്ചു. മലമ്പനി മാസാചരണത്തിന്റെ ഭാഗമായാണ് ഇതരസംസ്ഥാന തൊഴിലാളികളിലെ രോഗബാധിതരെ കണ്ടെത്തുന്നതടക്കമുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നത്.തദ്ദേശീയരായ രണ്ടുപേര്‍ക്കും രോഗബാധ കണ്ടെത്തിയതോടെ ജില്ലയില്‍ കൊതുകു വളരാനിടയുള്ള സ്ഥലങ്ങളില്‍ നശീകരണ പ്രവര്‍ത്തനം നടത്തും. നിലമ്പൂര്‍, ആനക്കയം എന്നിവിടങ്ങളിലാണ് നാട്ടുകാരായവരില്‍ രോഗബാധ കണ്ടെത്തിയത്. 2012 മുതല്‍ 16 വരെ യഥാക്രമം 232, 185, 230, 156, 170 മലമ്പനി കേസുകള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ ഇവരുടെ വാസ സ്ഥലം കേന്ദ്രീകരിച്ചുള്ള സ്‌ക്രീനിങ് പരിശോധനകള്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. 15 കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ രക്ത സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികില്‍സയ്ക്ക് അയക്കും. ഈ വര്‍ഷം റിപോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളിലാണ്. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ മലമ്പനി കൊതുകുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിലെ തുറന്ന ജലസംഭരണികള്‍, ആഴം കുറഞ്ഞ കിണറുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, പുല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടിയിട്ട് വിരിയുന്നത്. ഇവ നശിപ്പിക്കാന്‍ പൊതുജനവും തദ്ദേശ സ്ഥാപനങ്ങങ്ങളും മുന്നിട്ടിറങ്ങണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു. ജില്ലയിലെ രോഗബാധ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് കൂടാതെ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. പിഴയീടാക്കുന്നതും ഇതിന്റെ ഭാഗമാണ്. മലമ്പനി പരത്തുന്ന അനോഫിലിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളുടെ കടിയേറ്റാല്‍ 12 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണം പ്രകടമാവും. ഇടവിട്ടുള്ള പനി, വിയര്‍പ്പ്, വിറയല്‍, തണുപ്പ് അനുഭവപ്പെടുക എന്നിവയാണ് ലക്ഷണം. രോഗം സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചത്തെ ചികില്‍സ കൊണ്ട് പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. ഇതിനാവശ്യമായ മരുന്ന് ആരോഗ്യവകുപ്പിന്റെ ആശുപത്രികളില്‍ ലഭ്യമാണ്. എന്നാല്‍, സ്വയം ചികില്‍സ നടത്തുന്നതുരോഗം മൂര്‍ഛിക്കാനും മരണകാരണവുമാവാം.  ഇതര സംസ്ഥാന തൊഴിലാളികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കുന്നതും പനി തുടര്‍ന്നാല്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ നാട്ടിലേക്ക് പറഞ്ഞയക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നതായി ഡിഎംഒ അറിയിച്ചു. മലമ്പനിയാണെങ്കില്‍ ഇത് മറ്റുള്ളവര്‍ക്ക് പകരാന്‍ ഈ കാലയളവ് മതിയാവും. രക്തസാംപിളെടുത്തുള്ള പരിശോധന ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമാണ്. മലമ്പനി മാസാചരണ ഭാഗമായി മഞ്ചേരി നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മല്‍സരം, ആശുപത്രികളില്‍ മലമ്പനി ചികില്‍സാ പട്ടിക വിതരണം ചെയ്യല്‍ എന്നിവയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഇസ്മായീല്‍, ബി എസ് അനില്‍കുമാര്‍, ടി എം ഗോപാലന്‍, ഭാസ്‌കരന്‍ തൊടുമണ്ണില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss