|    Oct 18 Wed, 2017 11:13 am
FLASH NEWS

മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യും

Published : 11th July 2016 | Posted By: SMR

പത്തനംതിട്ട: മൈലാടുംപാറ മുതല്‍ ഗവി വരെയുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലിക ഷെഡ്ഡുകളില്‍ താമസിക്കുന്ന 71 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വസ്ത്രം, കുട, ബാഗ്, ടാര്‍പാളിന്‍ ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രമോട്ടര്‍മാര്‍ മുഖേന ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള പട്ടിക തയ്യാറാക്കും.
പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കിവരുന്ന 22 ഇനം ഭക്ഷണ സാധനങ്ങള്‍ കൃത്യമായി ലഭ്യമാകുന്നെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന നാലു സ്ഥലത്ത് നല്ല ഉറപ്പുള്ള ആധുനിക രീതിയിലുള്ള സെമി പെര്‍മനെന്റ് ഷെഡുകള്‍ നിര്‍മിക്കുന്നതു ചര്‍ച്ച ചെയ്യുന്നതിന് വനം വകുപ്പിനെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേരും. ഇതിനാവശ്യമായ ഫണ്ട് പട്ടികവര്‍ഗ വകുപ്പ് മുഖേന വനസംരക്ഷണ സമിതിക്കു നല്‍കും.
അട്ടത്തോട് എല്‍പിഎസില്‍ അഞ്ചാം ക്ലാസിലേക്ക് ഒരു അധ്യാപകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു പഞ്ചായത്ത് ഫണ്ടില്‍നിന്നും തുക കണ്ടെത്തും. യുപി സ്‌കൂളായി ഉയര്‍ത്തുന്നതിനുള്ള നടപടി പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലിക ക്രമീകരണം എന്ന നിലയ്ക്ക് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഞ്ച് കുട്ടികള്‍ക്ക് തുടര്‍ന്ന് ഇവിടെ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിനും രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ മറ്റ് കാര്യങ്ങള്‍ കിസുമം സ്‌കൂളില്‍ ചെയ്യുന്നതിനും തീരുമാനമായി.
രഞ്ജു, രതീഷ് എന്നീ വിദ്യാര്‍ഥികള്‍ക്ക് മൈലാടുംപാറയില്‍ നിന്നും കിസുമം സ്‌കൂളിലെത്താന്‍ ആവശ്യമായ ഒരുവര്‍ഷത്തേക്കുള്ള പണം പട്ടികവര്‍ഗ വകുപ്പില്‍നിന്നു കെഎസ്ആര്‍ടിസിക്ക് അടയ്ക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക