|    Apr 23 Mon, 2018 8:56 pm
FLASH NEWS
Home   >  Kerala   >  

മലബാറില്‍ മന്തി മുഹബ്ബത്ത് കുറയുന്നു

Published : 26th September 2016 | Posted By: G.A.G

yemeni-rice

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: തീന്‍മേശകളില്‍ തരംഗമായിരുന്ന അറേബ്യന്‍ വിഭവമായ കുഴിമന്തിയോടുള്ള മുഹബത്ത് മലബാറുകാര്‍ക്ക് കുറയുന്നു. വിവിധ ഹോട്ടലുകളില്‍ മന്തിക്ക് ഡിമാന്റ് കുറഞ്ഞതായി ഹോട്ടലുടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അമിതമായ അളവില്‍ അജനാമോട്ടോ ഉപയോഗിച്ചതും മന്തി തനത് രൂപത്തില്‍നിന്ന് മാറി ലാഭം മാത്രം പ്രതീക്ഷിച്ച് റെഡിമെയ്ഡ് ഉണ്ടാക്കുന്നതുമാണ് പ്രിയം കുറയാന്‍ കാരണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തതും മന്തിയോടുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കി.
ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം 20 മന്തി ഹോട്ടലുകള്‍ക്കെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. കണ്ണൂരും കോഴിക്കോടും സ്ഥിതി മറിച്ചല്ല. മട്ടന്‍ മന്തി, ചിക്കന്‍ മന്തി, ഫിഷ് മന്തി… കഴിഞ്ഞ രണ്ട് വര്‍ഷമായി മലബാറിലെ തീന്‍മേശകളില്‍ ഇതായിരുന്നു തരംഗം. മിക്ക ഹോട്ടലുകളിലും ഉച്ചയ്ക്കും രാത്രിയിലും പ്രധാന ഭക്ഷണവും ഇതായിരുന്നു. ജില്ലയിലെ മിക്ക പട്ടണങ്ങളിലും ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ അഞ്ചിലേറെ മന്തി ഹോട്ടലുകളാണ് ഉണ്ടായിരുന്നത്.
ഇപ്പോഴത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മന്തി മാത്രം വിളമ്പുന്ന പ്രത്യേക റസ്‌റ്റോറന്റുകളും മലപ്പുറത്തിന്റെ പ്രത്യകതയാണ്. മാസങ്ങള്‍ക്ക് മുമ്പ് വരെ ബിരിയാണി ഒഴിവാക്കി മിക്ക ഉപഭോക്താക്കളും മന്തിയിലേക്ക് വഴിമാറിയിരുന്നു. കല്യാണങ്ങളിലും മന്തി വിളമ്പി. ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നു. മലബാറില്‍ മന്തി വന്‍ വിജയമായതോടെ തിരുവനന്തപുരത്തും എറണാംകുളത്തും മന്തി ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും വണ്ടത്ര വിജയം കണ്ടില്ല. ഷവര്‍മയും അല്‍ഫാമും ഷവായയും അടക്കമുള്ള അറേബ്യന്‍ വിഭവങ്ങള്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് രണ്ടുവര്‍ഷം മുമ്പ് മലബാറിലെങ്ങും മന്തിയുടെ വരവ്. ബിരിയാണിയെ അപേക്ഷിച്ച് എണ്ണയും മസാലകളും വളരെ കുറവാണെന്നതാണ് മന്തിയെ ജനപ്രിയമാക്കിയത്. ആട്ടിറച്ചിയോ കോഴിയിറച്ചിയോ ബസ്മതി അരിയില്‍ ചേര്‍ത്താണ് മന്തി തയ്യാറാക്കുന്നത്. മസാലകള്‍ പരമാവധി ഒഴിവാക്കി വേവിച്ചെടുക്കുന്ന അരിയില്‍ അല്‍പ്പം മഞ്ഞളും കുരുമുളകും ഉപ്പും മാത്രമാണ് ചേര്‍ക്കുന്നത്. പാകം ചെയ്യുന്ന ഇറച്ചിയിലും എണ്ണ പുരട്ടാറില്ല. ഇറച്ചിയിലെ സ്വാഭാവിക നെയ്യ് അരിയില്‍ ചേര്‍ന്നാണ് മന്തി പാകമാവുന്നത്. ഒന്നര മീറ്റര്‍ ആഴവും 40 ഇഞ്ച് വ്യാസവുമുള്ള നാല് കുഴികളാണ് മന്തി തയ്യാറാക്കാന്‍ വേണ്ടത്. കുഴിയിലേക്ക് വലിയ ചെമ്പ് കലങ്ങള്‍ ഇറക്കിവച്ച് അതിലാണ് അരി വേവിക്കുക. അതിന് മുകളില്‍ പ്രത്യേകം സ്ഥാപിച്ച കമ്പിയിലാണ് ഇറച്ചി കോര്‍ത്ത് വയ്ക്കുക.
കനലിന്റെ തീവ്രത അനുസരിച്ച് സമയം കണക്കുകൂട്ടി മന്തിയുടെ വേവ് അറിയുന്നതിലാണ് പാചകക്കാരന്റെ കഴിവെന്ന് എടപ്പാളിലെ മലബാര്‍ ടേസ്റ്റ് ഉടമ നിയാസ് തണ്ഡലം പറയുന്നു. മന്തി വ്യാപകമായതോടെ ഒരുപാട് പേര്‍ക്ക് തൊഴിലവസരം ലഭിച്ചിരുന്നു. മന്തി നിര്‍മാണത്തില്‍ കൃത്രിമം കാണിച്ച് രുചി കൂട്ടിയതോടെ മന്തി ആരോഗ്യത്തിന് ഹാനികരമായി തുടങ്ങി. പാകം ചെയ്യാന്‍ ഹോട്ടലില്‍ പ്രത്യേകം ആളെ നിയമിക്കുന്നത് നഷ്ടം വന്നതോടെ പലരും റെഡിമെയ്ഡ് മന്തികളെ ആശ്രയിക്കാന്‍ തുടങ്ങി. പലരും ഫ്രീസര്‍ ചിക്കന്‍ ഉപയോഗിക്കുന്നതും മന്തിയുടെ ഡിമാന്റ് വിപണിയില്‍ കുറച്ചു. നല്ല രീതിയില്‍ വില്‍ക്കുന്നിടത്ത് മന്തിക്ക് ഡിമാന്റ് ഉണ്ടെന്ന് വിവിധ ഹോട്ടലുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ചിക്കന്‍ ഫുള്‍ മന്തിക്ക് 500 രൂപയാണ് വില. നാല്, അഞ്ച് പേര്‍ക്ക് ഇത് കഴിക്കാം. മട്ടന്‍ ഫുള്‍ മന്തിക്ക് 900 രൂപയാണ് വില. മലബാറിലെ മിക്ക മന്തി ഹോട്ടലുകളിലും ദിവസവും നൂറിലേറെ മന്തികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിറ്റിരുന്നത്. ചിലയിടങ്ങളില്‍ ഇത് 500 ഉം കടന്നുപോയിരുന്നു. എന്നാല്‍, ഇപ്പോഴിത് 20ല്‍ താഴെ മാത്രമാണ്.  ഹോട്ടലുകള്‍ ആശ്രയിക്കുന്ന റെഡിമെയ്ഡ് മന്തികള്‍ അജിനോമോട്ടോ അമിത അളവില്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍, യഥാര്‍ഥ മന്തിയില്‍ അതിന്റെ ആവശ്യമില്ലെന്നും കോട്ടക്കലിലെ പ്രമുഖ ഹോട്ടലുടമ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss