|    Oct 17 Wed, 2018 3:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മലബാറിലെ ദൃശ്യവിരുന്നില്‍ പരീക്ഷണങ്ങളുടെ വേരോട്ടം

Published : 11th March 2018 | Posted By: kasim kzm

സുദീപ്  തെക്കേപ്പാട്ട്
കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയില്‍ പരീക്ഷണങ്ങളുടെ വേരോട്ടം. ഭാഷയും ദേശവും കാലവും സമന്വയിച്ച് ഏകരൂപിയായി മാറുന്ന ലോകസിനിമയെന്ന മഹാവിസ്മയങ്ങള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമ ‘അതിശയങ്ങളുടെ വേനല്‍’ പ്രേക്ഷകമനസ്സുകളില്‍ അരോചകത്തിന്റെ വിത്തുപാകി.
നവാഗതനായ പ്രതാപ് വിജയ് സംവിധാനം ചെയ്ത് റെയ്‌ന മറിയ നായികവേഷത്തിലെത്തുന്ന ‘അതിശയങ്ങളുടെ വേനല്‍’ ശാസ്ത്രകുതുകിയായ ഒമ്പതുവയസ്സുകാരന്റെ മാനസിക വ്യാപാരങ്ങളെ അനാവരണം ചെയ്യുന്നു. രണ്ടുവര്‍ഷമായ പിതാവിന്റെ തിരോധാനം. അതില്‍ അസ്വസ്ഥനായി ഫഌറ്റില്‍ കഴിയുമ്പോഴും അച്ഛന്‍ പറഞ്ഞുതന്ന നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സഞ്ചരിച്ച് തനിക്ക് അദൃശ്യനാവാന്‍ കഴിയുമെന്ന് കുട്ടി ഉറച്ചു വിശ്വസിക്കുന്നു. അച്ഛന്‍ നല്‍കിയ പഴയ റിസ്റ്റ്‌വാച്ചിന് അതിനുള്ള ശക്തിയുണ്ടെന്ന തെറ്റായ ബോധ്യം ഉപേക്ഷിക്കാന്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നിടത്തും അവന്‍ തയ്യാറാവുന്നില്ല.
കഥ ഇങ്ങനെയാണെങ്കിലും സിനിമ, കഥയില്ലായ്മയില്‍ എത്തുന്നത് മറ്റുചില കാരണങ്ങളാലാണ്. ശക്തമായ കഥാബീജവും തിരക്കഥയും വാര്‍ത്തെടുക്കുന്നതിനേക്കാളും അണിയറ പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയത് ചെലവുചുരുക്കലെന്ന പ്രക്രിയക്കാണ്. അതിനായുള്ള നീക്കുപോക്കുകള്‍, പലയിടത്തും മുഴച്ചുനില്‍ക്കുന്ന പ്രഫഷനലുകളുടെ അഭാവം, പാളിപ്പോയ ശബ്ദസംവിധാനം, നഗരത്തിലെ ഫഌറ്റിലും പുറമ്പോക്കിലുമായി ഒതുങ്ങിപ്പോയ ലൊക്കേഷന്‍ തുടങ്ങി വൈവിധ്യങ്ങളായ പരിമിതികളാണ് ‘അതിശയങ്ങളുടെ വേനല്‍’ എന്ന ചിത്രത്തിന്റെ നിറംകെടുത്തുന്നത്. അതേസമയം, സിനിമയില്‍ മുഴുനീളം പ്രത്യക്ഷപ്പെട്ട ബാലതാരം ജി കെ ചന്ദ്രകിരണിന് സ്വീകാര്യത നല്‍കാനും പ്രേക്ഷകര്‍ മറന്നില്ല. തിരുവനന്തപുരം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് ജി കെ ചന്ദ്രകിരണ്‍.
ചലച്ചിത്രമേളയുടെ രണ്ടാംദിനമായ ഇന്നലെ പ്രദര്‍ശിപ്പിച്ച ‘തീന്‍ ഔര്‍ ആധ’ എന്ന ഹിന്ദി ചിത്രം മികവുപുലര്‍ത്തി. ദര്‍ ഗായ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമ മുംബൈയിലെ ഒരു വീടിന്റെ വ്യത്യസ്തങ്ങളായ മൂന്നു കാലഘട്ടത്തിന്റെ കഥ പറയുന്നു. 50 വര്‍ഷം മുമ്പ് സ്‌കൂളും വീടുമായിരുന്ന ഒരു കെട്ടിടം. അവിടെ അനാഥത്വമറിയുന്ന ഒരു ബാലന്‍. മരണം കാത്തുകഴിയുന്ന മുത്തച്ഛനൊപ്പമുള്ള ദിനങ്ങള്‍ക്കൊടുവിലുണ്ടാവുന്ന തീപ്പിടിത്തം. ഇതേ കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം പ്രവര്‍ത്തിക്കുന്ന വ്യഭിചാരകേന്ദ്രത്തില്‍ എത്തിപ്പെടുന്ന കന്യകയായ യുവതിയും അവിടത്തെ പതിവുകാരനും. കാലങ്ങള്‍ക്കിപ്പുറം വാര്‍ധക്യത്തിലും മനസ്സുതുറന്നു സ്‌നേഹിക്കുന്ന വൃദ്ധദമ്പതിമാരുടെ പറുദീസയാവുകയാണ് ഇതേ പശ്ചാത്തലം. പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, ഹസിം ഐദ്മിറിന്റെ തുര്‍ക്കി ചിത്രം ’14 ജൂലൈ’ അടക്കം എട്ടോളം ചിത്രങ്ങള്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss