|    Jul 26 Wed, 2017 2:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മലബാര്‍ സിമന്റ്‌സ്: വിജിലന്‍സ് കേസെടുത്തു

Published : 10th July 2016 | Posted By: SMR

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് എംഡി കെ പത്മകുമാര്‍, വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പാലക്കാട് വിജിലന്‍സ് കേസെടുത്തു. സിമന്റ് ഉല്‍പാദനത്തിനാവശ്യമായ ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്‍കിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുമാണ് ഒരു കേസ്.
സിമന്റ് ഡീലര്‍മാര്‍ക്ക് വിവിധ കാലങ്ങളില്‍ ഇളവുനല്‍കിയതിലെ അഴിമതി സംബന്ധിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ കമ്പനിയുടെ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ എം ഡി സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് ആന്റ് മെറ്റല്‍ എംഡി വി എം രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ സ്ഥാപനത്തിലെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലു എന്നിവരാണു പ്രതികള്‍.
എംഡി കെ പത്മകുമാര്‍, മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി വേണുഗോപാല്‍ എന്നിവര്‍ രണ്ടാമത്തെ കേസിലെ പ്രതികളുമാണ്. വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സര്‍ക്കാരിനെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയതിനു തൊട്ടുപിറകെയാണു വിജിലന്‍സ് കേസെടുത്തത്. മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെതിരെയും ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ അതുസംബന്ധിച്ചും അന്വേഷണമുണ്ടായേക്കും.
നേരത്തെ വിജിലന്‍സ് അന്വേഷിച്ചിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു പരാതിക്കാരനായ ജോയ് കൈതാരം റിവിഷന്‍ ഹരജി നല്‍കിയത്. 18നകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക