|    Feb 22 Wed, 2017 1:13 am
FLASH NEWS

മലബാര്‍ സിമന്റ്‌സ് അഴിമതി: എംഡിയുടെ അപ്പീല്‍ ഹരജി തീര്‍പ്പാക്കി

Published : 25th October 2016 | Posted By: SMR

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിനെതിരേ എംഡി സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് കോടതിയുടെ നിര്‍ദേശപ്രകാരമാണെന്നും അതിനാല്‍ കോടതി നിരീക്ഷണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാര്‍ ഹരജി നല്‍കിയത്. എന്നാല്‍, അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ മേല്‍നോട്ടമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ ഉത്തരവുകള്‍ അന്വേഷണത്തെ ഒരു രീതിയിലും സ്വാധീനിക്കില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഉത്തരവുകള്‍ സ്വാധീനിക്കാതെ സത്യസന്ധമായി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ഹരജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.
2.70 കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ മലബാര്‍ സിമന്റ്‌സ് ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ മാനേജിങ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി, കരാറുകാരായ എആര്‍കെ വുഡ് ആന്റ് മെറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി എം രാധാകൃഷ്ണന്‍, എആര്‍കെ എക്‌സി. ഡയറക്ടര്‍ എസ് വടിവേലു എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാര്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി വേണുഗോപാല്‍ എന്നിവര്‍ക്കെതിരേ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ ക്രമക്കേട് കുറ്റം കൂടി കെണ്ടത്തിയിരുന്നു. ഇവര്‍ക്കെതിരേയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കി. എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഹരജിക്കാരന്‍ വീണ്ടും കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക