|    Jul 25 Tue, 2017 6:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലബാര്‍ സിമന്റ്‌സ് അഴിമതി: സമഗ്രാന്വേഷണം നടത്തണം:ഹൈക്കോടതി

Published : 19th July 2016 | Posted By: sdq

കൊച്ചി: മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ സമഗ്രമായും സുതാര്യതയോടെയും അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ചുണ്ണാമ്പ് കല്ല്, ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട 2.70 കോടിയുടെ അഴിമതി, വിവിധ കരാറുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, കരാറുകാര്‍ നല്‍കേണ്ട ബാങ്ക് ഗ്യാരന്റി പുതുക്കാതെ കരാര്‍ നിലനിര്‍ത്തിയതുമായി ബന്ധപ്പെട്ട വീഴ്ചകളും ക്രമക്കേടുകളും എന്നീ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് സമഗ്രാന്വേഷണം നടത്താന്‍ ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടത്.
മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്താത്തതിനെതിരേ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക് ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം.
ജൂലൈ എട്ടിനാണ് മലബാര്‍ സിമന്റ്‌സ് കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ വിജിലന്‍സ് ഡയറക്റ്റര്‍ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം നിയമപരമായി അന്വേഷണം സാധ്യമല്ലാത്തത് എന്തുകൊണ്ടെന്ന് കോടതിയില്‍ നേരിട്ടത്തെി വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഉത്തരവിന് പിന്നാലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം ഡയറക്ടര്‍ വ്യക്തമാക്കുകയായിരുന്നു.
മലബാര്‍ സിമന്റ്‌സ് ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ മനേജിങ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി, മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാര്‍, ഡെപ്യൂട്ടി മനേജിങ് ഡയറക്ടര്‍ ജി വേണുഗോപാല്‍, കരാറുകാരായ എആര്‍കെ വുഡ് ആന്റ് മെറ്റല്‍ മനേജിങ് ഡയറക്ടര്‍ വി എം രാധാകൃഷ്ണന്‍ (ചാക്ക് രാധാകൃഷ്ണന്‍), എആര്‍കെ എക്‌സി. ഡയറക്ടര്‍ എസ് വടിവേലു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഔദ്യോഗിക പെരുമാറ്റ ദൂഷ്യം, വിശ്വാസവഞ്ചന, ഗൂഢാലോചന, ക്രമക്കേട് നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരായ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന്റെ ദ്രുതാന്വേഷണത്തില്‍ കണ്ടെത്തെിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക