|    Nov 18 Sun, 2018 3:24 pm
FLASH NEWS
Home   >  Kerala   >  

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: ഹൈക്കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകള്‍

Published : 19th June 2018 | Posted By: sruthi srt

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതികേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് കാണാതായത് 52 രേഖകള്‍.2011 മുതലുള്ള രേഖകളാണ് കാണാതായിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികളുടെ ഭാഗമായുള്ള പകര്‍പ്പുകള്‍, കോടതിയിലെ കംപ്യൂട്ടറിലെ രേഖകള്‍,സിബിഐ അന്വേഷിക്കണമെന്ന ഹരജിയുടെ ഫയലുകള്‍ തുടങ്ങിയവ അടക്കമുള്ള ഫയലുകളാണ് കാണാതായിരിക്കുന്നത്.അതിനിടെ, അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ കോടതിയില്‍ എത്താതിരിക്കാനുള്ള നടപടികള്‍ വരെ പലഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി ഹരജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, കേരള ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ കാണാതാവുന്നത് ഇതാദ്യമല്ല. പാലക്കാട്ടെ 70 ഏക്കര്‍ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അപ്പീലിന്റെ ഫയല്‍ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിര്‍ദേശിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് മലബാര്‍ സിമന്റ്‌സിലെ കേസ് ഫയലും കാണാതായത്.
പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തര്‍ക്കത്തില്‍ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിനെതിരേ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി കണ്ടുമുത്തന്‍ നല്‍കിയ അപ്പീലിന്റെ ഫയലുകളാണ് അന്നു കാണാതായത്. 2016 ഫെബ്രുവരിയില്‍ നല്‍കിയ അപ്പീല്‍ വേഗം പരിഗണിക്കാനായി അപേക്ഷ നല്‍കിയിട്ടും ബെഞ്ചില്‍ വരാത്തതിനെ തുടര്‍ന്ന് കണ്ടുമുത്തന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി അധികൃതരാണ് ഫയലുകള്‍ കാണാതായെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പുതിയ ഫയല്‍ ക്രമീകരിച്ച് ഡിവിഷന്‍ ബെഞ്ചിലെത്തിക്കുകയായയിരുന്നു.
അതനിടെ, ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. കേസ് ഫയല്‍ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇതു നീതിയുടെ ദേവാലയത്തില്‍ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന് ഇതില്‍ നിന്നു വ്യക്തമാവുന്നു. ആശങ്കയ്ക്ക് ഇടനല്‍കുന്ന സാഹചര്യമാണിതെന്നും ഉത്തരവു പറയുന്നു.
മലബാര്‍ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹരജികളും മലബാര്‍ സിമന്റ്‌സിലെ മുന്‍ ചെയര്‍മാന്‍ ജോണ്‍ മാത്യു, മുന്‍ ഡയറക്ടര്‍മാരായ എന്‍ കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരേ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇതില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരേ നല്‍കിയ ഹരജിയുടെയും ജോയ് കൈതാരം നല്‍കിയ ഹരജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. ഇതു കാരണം രണ്ടു ഹരജികളുടെയും രണ്ടാമത്തെ സെറ്റാണ് കേസ് പരിഗണിച്ചപ്പോഴൊക്കെ കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് ഇതും കാണാതായി. ഇതോടെ മൂന്നാമത്തെ സെറ്റ് ഹരജിയാണ് ഇപ്പോള്‍ കോടതിയിലെത്തിയിട്ടുള്ളത്. ഇതുപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയുടെ ആദ്യ സെറ്റും കാണാതായി.
മെയ് 21ന് ഈ കേസുകള്‍ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്ത ശേഷമാണ് ഇവ കാണാതായത്. ഹരജികളുടെ ബാക്കിയുള്ള സെറ്റ് ജുഡീഷ്യല്‍ രജിസ്ട്രാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss