|    Mar 19 Mon, 2018 6:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐ അന്വേഷണത്തിന് തടയിട്ടത് ഇരുമുന്നണികളിലെയും നേതാക്കള്‍

Published : 18th July 2016 | Posted By: SMR

കെ സനൂപ്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് തടയിട്ടത് ഇരു മുന്നണികളിലേയും പ്രമുഖ നേതാക്കള്‍. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണമായത് മലബാര്‍ സിമന്റ്‌സില്‍ നടന്ന കോടികളുടെ അഴിമതിയാണെന്നു കാണിച്ച് കുടുംബം ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു.
2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തെങ്കിലും ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നറിയിക്കുകയായിരുന്നു. ഇതോടെ മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം തഴയപ്പെട്ടു. പിന്നീട് 2013ല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കി പ്രതികളെ കേസുകളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഹൈക്കോടതി അത് തടയുകയായിരുന്നു. ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും നല്‍കിയ പുനപ്പരിശോധനാ ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയോ അന്തിമ വിധി പുറപ്പെടുവിക്കാനോ ചെയ്തിട്ടില്ല. എന്നാല്‍, തുടര്‍വാദം നടത്താനോ കേസുമായി മുന്നോട്ടുപോവാനോ വിജിലന്‍സ് തയ്യാറാവാത്തതിനെ കഴിഞ്ഞ ദിവസം ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇടതു-വലതുമുന്നണികളിലെ പ്രമുഖ നേതാക്കള്‍ക്ക് കേസിലെ പ്രധാനപ്രതി വിവാദ വ്യവസായിയുമായുള്ള ബന്ധവും കേസുകളില്‍ തങ്ങളുടെ പങ്കും പുറത്തുവരുമെന്നുള്ള ഭയമാണ് സിബിഐ അന്വേഷണം തടയാന്‍ കാരണമാക്കിയത്. 2005ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും കുട്ടികളുടേയും ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം ഹൈക്കോടതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയെങ്കിലും സിബിഐ വേണ്ടതില്ലെന്ന നിലപാടാണ് അന്ന് വിഎസ് സര്‍ക്കാരും സ്വീകരിച്ചത്. പിന്നീട് ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിയിരുന്നു. ബാഹ്യപ്രേരണയാല്‍ ആത്മഹത്യയെന്ന നിലപാടിലാണ് അന്വേഷണ സംഘവും എത്തിയത്.
സിബിഐ അന്വേഷണം വന്നാല്‍ എംസിഎല്‍ ഡയറക്ടര്‍മാരുടെ അഴിമതികളും വഴിവിട്ട നിയമനങ്ങളുമുള്‍പ്പെടെ ഇടതു-വലതു മുന്നണികളിലെ പ്രമുഖര്‍ കുടുങ്ങുമെന്ന് മുന്നില്‍ക്കണ്ടാണ് നീക്കമെന്നറിയുന്നു. 2005ലെ സിഐജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ സിമന്റ്‌സില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസുകളെക്കുറിച്ച് മുമ്പ് വിജിലന്‍സ് അന്വേഷണം നടത്തുകയും അഞ്ച് കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 27 ലക്ഷം രൂപയുടെ ചുണ്ണാമ്പുകല്ല് അഴിമതി, മൂന്നേമുക്കാല്‍ കോടി രൂപയുടെ ഫ്‌ളൈ ആഷ് വാങ്ങിയതിലെ അഴിമതി, പതിനാറരക്കോടി രൂപയുടെ ഫ്‌ളൈ ആഷ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഴിമതി, 1 കോടി രൂപയുടെ ലൈനര്‍ പ്ലേറ്റ് വാങ്ങിയതിലെ അഴിമതി, മൂന്നേമുക്കാല്‍ കോടി രൂപയുടെ ചാക്ക് വാങ്ങിയതിലെ അഴിമതി കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.
വി എം രാധാകൃഷ്ണന്‍, കമ്പനി മുന്‍ എംഡിമാരായ മോനി, സുന്ദരമൂര്‍ത്തി എന്നിവര്‍ പ്രതികളുമായിരുന്നു. എന്നാല്‍, കേസിലെ പ്രമുഖരെ ഒഴിവാക്കിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതി അത് തടയുകയും ചെയ്തതോടെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്ന സമീപനമാണ് തുടര്‍ന്നു വന്ന പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി കേസുകള്‍ സിബിഐക്ക് വിടുന്നതോടെ വിവാദവ്യവസായി വി എം രാധാകൃഷ്ണന് സിപിഎം, കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളിലെ ഉന്നതരുമായുള്ള ബന്ധം കൂടി അന്വേഷണത്തില്‍ വരുമെന്നുള്ള ഭയമാണ് സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ പ്രേരണയാവുന്നത്.
അതേസമയം പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി റിവ്യൂ ഹരജി പരിഗണിച്ച് ഉടന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നുള്ള പ്രതീക്ഷയിലാണ് ശശീന്ദ്രന്റെ കുടുംബം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss