|    Jan 21 Sat, 2017 9:57 am
FLASH NEWS

മലബാര്‍ സിമന്റ്‌സിലെ അഴിമതി; ഒരാഴ്ചയ്ക്കകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം: ഹൈക്കോടതി

Published : 9th July 2016 | Posted By: SMR

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരാഴ്ചയ്ക്കകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനു സാധിക്കുന്നില്ലെങ്കില്‍ നിയമപരമായി അന്വേഷണം സാധ്യമല്ലാത്തത് എന്തുകൊണ്ടെന്നു കോടതിയില്‍ നേരിെട്ടത്തി വിജിലന്‍സ് ഡയറക്ടര്‍ വിശദീകരിക്കണമെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ ഉത്തരവിട്ടു. ചുണ്ണാമ്പ് കല്ല്, ഫൈല ആഷ് ഇറക്കുമതിയിലുള്‍പ്പെടെ 2.70 കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി വിജിലന്‍സ് നടത്തിയ ദ്രുതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനം കെട്ടിവയ്‌ക്കേണ്ട ബാങ്ക് ഗ്യാരന്റി പുതുക്കാതെ കരാര്‍ നിലനിര്‍ത്തിയതിലും ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഈ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. കുറ്റക്കാരെന്ന് വിജിലന്‍സ് ദ്രുതാന്വേഷണത്തില്‍ കണ്ടെത്തിയ വി എം രാധാകൃഷ്ണന്‍ (ചാക്ക് രാധാകൃഷ്ണന്‍) ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു മുമ്പില്‍ വിജിലന്‍സ് ഡയറക്ടറും വിജിലന്‍സ് അഡീ. ചീഫ് സെക്രട്ടറിയും ഓച്ഛാനിച്ചു നിന്നതായും ഇതിനു സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടോയെന്നു വ്യക്തമല്ലെന്നും പരാമര്‍ശം നടത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2.70 കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ മലബാര്‍ സിമന്റ്‌സ് ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മുന്‍ മനേജിങ് ഡയറക്ടര്‍ എം സുന്ദരമൂര്‍ത്തി, കരാറുകാരായ എആര്‍കെ വുഡ് ആന്റ് മെറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി എം രാധാകൃഷ്ണന്‍, എആര്‍കെ എക്‌സി. ഡയറക്ടര്‍ എസ് വടിവേലു എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ശുപാര്‍ശയടക്കമുള്ള റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാര്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ക്കു പുറമെ ക്രമക്കേട് കുറ്റം കൂടി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. ഇതിനു പുറമെ ക്രമക്കേടുകളില്‍ ചെയര്‍മാന്റെയും മാര്‍ക്കറ്റിങ് മാനേജരുടെയും പങ്കാളിത്തവും പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ദ്രുതാന്വേഷണ റിപോര്‍ട്ടിന്‍മേലുള്ള ശുപാര്‍ശയിന്‍മേല്‍ അന്വേഷണം നടക്കുന്നതായി അന്നത്തെ സര്‍ക്കാരിനുവേണ്ടി ഗവ. പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കി. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടക്കുകയോ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജോയ് കൈതാരം വീണ്ടും കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക