|    Jul 25 Tue, 2017 4:23 am
FLASH NEWS

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ : വിദേശ താരങ്ങള്‍ കോടഞ്ചേരിയിലെത്തി

Published : 14th July 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തിലെ മഴക്കാലത്തിനൊപ്പം പാറക്കെട്ടുകള്‍ക്കിടയിലൂടൊഴുകുന്ന നദികളില്‍ സാഹസികതയും ആസ്വദിക്കാനായി കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ് ഫെസ്റ്റിവലായ മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മത്സരിക്കുന്ന വിദേശ താരങ്ങള്‍ കോടഞ്ചേരി പുലിക്കയത്ത് എത്തി പരിശീലനം തുടങ്ങി. ന്യൂസിലാന്‍ഡ്, ജര്‍മനി, നേപ്പാള്‍, ഇറ്റലി, യു.എസ്.എ, ഡെ ന്‍മാര്‍ക്ക് താരങ്ങളാണ് കോടഞ്ചേരിയില്‍ പരിശീലനം തുടങ്ങിയത്. ഒപ്പം തദ്ദേശവാസികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. 11 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 20, 21, 22, 23 തീയതികളില്‍ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയിലുമായാണ് നടക്കുക. തുഷാരഗിരിയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിലെ റാഫ്റ്റിംഗാണ് റിവര്‍ ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം. ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 21ന് നടക്കും. ജൂലൈ 19ന് കയാക്കിംഗ് താരങ്ങള്‍ക്ക് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. മൊത്തം അഞ്ച് ലക്ഷം രൂപയാണ് വിജയികള്‍ക്ക് പ്രൈസ് മണിയായി നല്‍കുക. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതി രൂപവത്കരിച്ചു. തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, എം ഐ ഷാനവാസ് എം പി, എംഎല്‍മാരായ ജോര്‍ജ് എം തോമസ്, എ പ്രദീപ്കുമാര്‍, വികെസി മമ്മദ് കോയ, ഇ കെ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കണ്‍വീനറായും ജില്ലാ കളക്ടര്‍ യു വി ജോസ് ജനറല്‍ കണ്‍വീനറായുമാണ് കമ്മിറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക