|    Nov 17 Sat, 2018 3:35 am
FLASH NEWS

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 18മുതല്‍; വിദേശ താരങ്ങള്‍ എത്തി

Published : 14th July 2018 | Posted By: kasim kzm

കോഴിക്കോട്: ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലും കയാക്കിങ് ചാംപ്യന്‍ഷിപ്പും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5ന് പുലിക്കയത്ത്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. എംഎല്‍എ ജോര്‍ജ് എം തോമസ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രഭാഷണം നടത്തും.
ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും കലക്‌ട്രേറ്റ് ചേമ്പറില്‍ സംഘാടകസമിതി ചെയര്‍മാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്ടര്‍ യു വി ജോസും അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. മല്‍സരത്തില്‍ 15 ലക്ഷമാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മല്‍സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കയാക്കിങ് ചാംപ്യന്‍ഷിപ്പിനായി 20 ലക്ഷവും ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി 20 ലക്ഷവും നടത്തിപ്പിന്നായി അനുവദിച്ചു. ജിഎംഐ കോഴിക്കോട് ചാംപ്യന്‍ഷിപ്പിനായുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നുണ്ട്.    ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാംപ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015 ലെ ലോക ചാംപ്യനായ സ്‌പെയിനില്‍ നിന്നുള്ള ഗേഡ് സെറ സോള്‍സ്, 2012 ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സണ്‍ എന്നിവര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്.
കേരളത്തിലെ സാഹസിക ജലവിനോദത്തിന്റെ സാധ്യതകളും പ്രകൃതി ഭംഗിയും ലോകത്തിനു സമര്‍പ്പിക്കുകയാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ഉദ്ദേശ്യം. 2013ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദമേഖലയായി ശ്രദ്ധയാകര്‍ഷിച്ചു. മലബാറിലെ ടൂറിസത്തിന്റേയും കോഴിക്കോട്ടെ മണ്‍സൂണ്‍ ടൂറിസത്തിന്റേയും വികസനത്തിന് ഈ പരിപാടി ഉപകാരപ്രദമായി തീരുമെന്നാണ് പ്രതീക്ഷ. പരിപാടിയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, ഹോം സ്റ്റേ, സ്ഥിരം പവലിയന്‍ എന്നിവ ഒരുക്കുന്നതിന് പദ്ധതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ മുത്തപ്പന്‍ പുഴ കേന്ദ്രമാക്കിയാണ് പരിപാടി നടത്തുക. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍ കുമാര്‍, ടൂറിസം വകുപ്പ് ജോ.ഡയറക്ടര്‍ സി എന്‍ അനിതകുമാരി, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍, ജിഎംഐ സെക്രട്ടറി റോഷന്‍ കൈനടി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss