|    Jun 22 Fri, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മലപ്പുറത്ത് നിന്ന് ഒരു ഐ ലീഗ് താരം കൂടി

Published : 13th August 2017 | Posted By: fsq

 

ടി പി ജലാല്‍

മലപ്പുറം: ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് നിന്ന് ഒരു താരം കൂടി ഇത്തവണ ഐ ലീഗ് കളിക്കും. മലപ്പുറം കാവുങ്ങല്‍ തങ്ങളകത്ത് ഷെരീഫ്-ജാസ്മിന്‍ ദമ്പതികളുടെ മകന്‍ മഷ്ഹുര്‍ ഷെരീഫ് ആണ് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടി കരാര്‍ ഒപ്പുവച്ചത്. ചെന്നൈ ലീഗിലെ മികച്ച പ്രകടനമാണ് 23കാരനായ മിഡ്ഫീല്‍ഡറെ ചെന്നൈ ടീമിലെത്തിച്ചത്. ഹിന്ദുസ്ഥാന്‍ ഈഗിള്‍സിനായി കളിച്ച മഷ്ഹുര്‍ നാലുതവണ മാന്‍ ഓഫ് ദ മാച്ച് കരസ്ഥമാക്കിയിട്ടുണ്ട്. ചെന്നൈ സിറ്റി എഫ്‌സിക്കെതിരേ രണ്ടു ഗോ ള്‍ സ്‌കോര്‍ ചെയ്തതോടെ ചെന്നൈ നോട്ടമിട്ടു. മൂന്നുദിവസം മുമ്പാണ് ടീമില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം ചെന്നൈ ആരോസിനും ഒരുവര്‍ഷം വീതം എയ ര്‍ ഇന്ത്യ മുംബൈക്കും കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡിനും കളിച്ചിട്ടുണ്ട്.കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കും എംജി യൂനിവേഴ്‌സിറ്റിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 2016 ല്‍ തമിഴ്‌നാടിന്റെ സന്തോഷ്‌ട്രോഫി കാംപിലെത്തിയെങ്കിലും യൂനിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പ് കാരണം പങ്കെടുക്കാനായില്ല. കണ്ണൂര്‍ എസ്എന്‍ കോളജിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ കെ വി ധനേഷിന്റെ മികവുറ്റ പരിശീലനമാണ് പ്രഫഷനല്‍ രംഗത്തെത്തിച്ചത്. 11ാം വയസ്സില്‍ ഗോകുലം എഫ്‌സി അസി. കോച്ച് ഷാജിറുദ്ദീന്റെ ശിക്ഷണത്തിലൂടെയാണ് ഫുട്‌ബോളിലേക്ക് കാലെടുത്തുവയ്ക്കുന്നത്. തുടര്‍ന്ന് അണ്ടര്‍-13 കേരള ടീമില്‍ അംഗമായി. എട്ടാം ക്ലാസ് മുതല്‍ 10 വരെ എറണാകുളം സ്‌പോര്‍ട്‌സ് അക്കാദമിയിലായിരുന്നു പഠനം. പിന്നീട് പ്ലസ്ടുവിന് മലപ്പുറം എംഎസ്പിയിലായിരിക്കെ സുബ്രതോ കപ്പും സംസ്ഥാന സ്‌കൂള്‍സും കളിച്ചു. ഐ ലീഗ് ഒന്നാം ഡിവിഷനില്‍ എം പി സക്കീര്‍, അനസ് എടത്തൊടിക, രണ്ടാം ഡിവിഷനില്‍ എസ്ബിടി താരം ആസിഫ് സഹീര്‍, ഷബീറലി, മുഹമ്മദ് ബഷീര്‍, ഡല്‍ഹിക്ക് വേണ്ടി പി പി റിഷാദ്, സ്വലാഹ്, ഹൈദരാബാദിനു വേണ്ടി ഹക്കു, മുഹമ്മദന്‍സിനു വേണ്ടി സുബൈര്‍, ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ക്കു ശേഷമാണ് മലപ്പുറം ജില്ലയില്‍ നിന്നു മഷ്ഹുര്‍ ദേശീയ ലീഗിലെത്തുന്നത്. കോതമംഗലം എംഎ കോളജിലെ ബിഎ ഹിന്ദി വിദ്യാര്‍ഥിയാണ്. ഷാഹിയയും ഫാത്തിമയും സഹോദരിമാരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss