|    Jun 18 Mon, 2018 8:53 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മലപ്പുറത്തെ ഡിഫ്തീരിയ ബാധ തടഞ്ഞേ തീരൂ

Published : 2nd July 2016 | Posted By: SMR

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തവര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരായി പ്രാദേശിക മതനേതൃത്വം കൈക്കൊള്ളുന്ന നിലപാടുകളുടെ പശ്ചാത്തലത്തില്‍, എല്ലാ മതസംഘടനകളും ഒന്നിച്ചുചേര്‍ന്ന് കുത്തിവയ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മതസംഘടനകളെ മാത്രമല്ല ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികില്‍സാസമ്പ്രദായങ്ങള്‍ക്കെതിരായി അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബദല്‍ധാരകള്‍ നമ്മുടെ നാട്ടില്‍ സജീവമാണ്. ഈ ബദല്‍ രീതികളുടെ പ്രചാരകര്‍ നിരന്തരം നടത്തുന്ന കുപ്രചാരണമാണ് കുത്തിവയ്പുകള്‍ പോലെയുള്ള പ്രതിരോധമാര്‍ഗങ്ങളെ കൂടുതല്‍ ഫലപ്രദമായി തടയുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതിരോധസമ്പ്രദായങ്ങളാണ് സാമാന്യേന ഇന്ന് ചികല്‍സാരംഗത്ത് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ നാട്ടിലും വസൂരി, കോളറ, മലമ്പനി, മന്ത് തുടങ്ങിയ സാംക്രമികരോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിന് ഈ പ്രതിരോധരീതികള്‍ വളരെ സഹായകമായിട്ടുണ്ട്. മലപ്പുറത്ത് ഡിഫ്തീരിയ ബാധയേല്‍ക്കുന്നത് കുത്തിവയ്പ് എടുക്കാത്തവര്‍ക്കാണ് എന്നതിലുമില്ല തര്‍ക്കം. യുപി പോലുള്ള സംസ്ഥാനങ്ങളില്‍ അറിവുകേടുകൊണ്ടോ അന്ധവിശ്വാസം മൂലമോ പ്രതിരോധ കുത്തിവയ്‌പെടുക്കാത്ത പ്രദേശങ്ങളില്‍ പോളിയോ പോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നതായി റിപോര്‍ട്ടുണ്ട്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ജനകീയ ആരോഗ്യവുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ ഒരു വിഷയത്തില്‍ ആധുനിക രീതികള്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്നത് അപകടകരമായിരിക്കുമെന്നുതന്നെവേണം കരുതാന്‍. നടപ്പു സമ്പ്രദായത്തെ ഡിഫ്തീരിയക്കാര്യത്തില്‍ മാത്രം വെല്ലുവിളിക്കുന്നതില്‍ എന്തു ന്യായം? ആളുകളുടെ ജീവനും വച്ചുള്ള കളിയായി അതു മാറരുത്. അതേസമയം ഏതു ചികില്‍സ സ്വീകരിക്കണം, രോഗപ്രതിരോധത്തിനുള്ള ഉപാധി എന്തായിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനാണോ ബന്ധപ്പെട്ട വ്യക്തിക്കാണോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍, ഈ അവകാശം മനുഷ്യരുടെ ആരോഗ്യമെന്ന മൗലിക പ്രശ്‌നത്തെ ബാധിക്കുമ്പോള്‍ നാം കൈക്കൊള്ളേണ്ട സമീപനം വേറെയാണ്. പ്രത്യയശാസ്ത്രവാശികള്‍ ആരുടെയും ജീവന് അപകടം വരുത്തരുത്.
പ്രതിരോധ കുത്തിവയ്പുകളും മരുന്നുകളുടെ ഉപയോഗവുമുണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് പ്രശസ്തരായ ഭിഷഗ്വരര്‍ തന്നെ രംഗത്തുവരുന്നുണ്ട്. ഇത്തരം വിനാശങ്ങളുടെ പരിണതിയാണ് പലയിടത്തും ഉയര്‍ന്നുവന്ന ബദല്‍ ചികില്‍സാരീതികള്‍. അതേയവസരം, പല പകര്‍ച്ചവ്യാധികളും തടയുന്നതിന് പ്രതിരോധ കുത്തിവയ്പുകൊണ്ട് സാധിക്കുന്നു എന്നാണ് പഠനങ്ങള്‍ സംശയരഹിതമായി തെളിയിക്കുന്നത്. പല ചികില്‍സാരീതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനുള്ള അവസരമല്ല ഇത്. മനുഷ്യജീവനാണ് പ്രധാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss