|    Oct 17 Tue, 2017 11:43 am

മലപ്പുറത്തിനു തലോടല്‍; ആവശ്യം പിന്നെയും ബാക്കി

Published : 9th July 2016 | Posted By: SMR

മലപ്പുറം: പിണറായി വിജയന്‍ മന്ത്രിസഭയുടെ പ്രഥമ ബജറ്റില്‍ വാരിക്കോരി ലഭിച്ചില്ലെങ്കിലും ചിലതൊക്കെ ജില്ലയ്ക്കും കിട്ടി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജില്ലയുടെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്‍കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്.
നിലമ്പൂര്‍ ബൈപാസിനാണു ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുകയനുവദിച്ച ജില്ലയിലെ പ്രധാന പദ്ധതി. നൂറു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നാളികേര കൃഷിയുടെ ഉന്നമനത്തിന് നാളികേര അഗ്രോപാര്‍ക്ക്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍ ജില്ലാ കേന്ദ്രത്തില്‍ കേരള നവോഥാന സാംസ്‌കാരിക സമുച്ചയം, പി മൊയ്തീന്‍കുട്ടി മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ചേളാരി -ചെട്ടിപ്പടി റെയില്‍വേ മേല്‍പാലം എന്നിവ ജില്ലയ്ക്ക് ബജറ്റില്‍ ലഭിച്ച പ്രധാന നേട്ടങ്ങളില്‍ ചിലതാണ്. വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്തിയിരിക്കുന്നത് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് മുതല്‍ക്കൂട്ടാവും. ഭൂമി ഏറ്റെടുക്കലാണ് കരിപ്പൂരിന്റെ വികസനത്തിന് എന്നും തടസ്സമായി നിന്നിരുന്നത്. മങ്കടയില്‍ ബൃഹത്തായ വിവിധോദ്ദേശ വ്യവസായ സോണ്‍ സ്ഥാപിക്കും. ഇത് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവും. 700 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക.
അതേസമയം, ശോച്യാവസ്ഥയിലുള്ള ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് ജില്ലയ്ക്കു മാത്രമായി പ്രത്യേക നിര്‍ദേശങ്ങള്‍ ബജറ്റിലില്ലാത്തത് വിമര്‍ശനത്തിനിടയാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച മഞ്ചേരി മെഡിക്കല്‍ കോളജിന് ബജറ്റില്‍ പ്രത്യേക ധനസഹായം അനുവദിച്ചില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ സൗകര്യം പോലും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വികസനം പൂര്‍ത്തിയാവാത്ത പെരിന്തല്‍മണ്ണയിലെ അലിഗഡ് മലപ്പുറം കേന്ദ്രത്തിനും ബജറ്റില്‍ തുക വകയിരുത്തിയില്ല. ടൂറിസം വികസനത്തിന് ഏറെ സാധ്യതകളുള്ള ജില്ലയില്‍ ഇവയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ വന്നില്ലെന്നുള്ളതും ബജറ്റിന്റെ മാറ്റുകുറച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക