|    Apr 25 Wed, 2018 2:18 pm
FLASH NEWS

മലപ്പുറം

Published : 27th April 2016 | Posted By: mi.ptk

നിയമസഭാ അങ്കക്കളത്തില്‍ മലപ്പുറത്തെ പോരിന് മാനങ്ങളേറെയാണ്. 16 മണ്ഡലങ്ങളിലൂടെ ഏറ്റവും കൂടുതല്‍ സമാജികരെ നിയമസഭയിലെത്തിക്കുന്ന ജില്ല, സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല, കഴിഞ്ഞ തവണ രണ്ടു മണ്ഡലം മാത്രം ഇടതിനു വിട്ടുകൊടുത്ത് 14ലും യുഡിഎഫ് വിജയം കൊയ്തു. പക്ഷേ, ഇപ്രാവശ്യം പോര് കുറച്ച് കടുപ്പം കൂടും. യുഡിഎഫ് 12 സീറ്റുകളില്‍ ജനവിധി തേടുമ്പോള്‍ എല്‍ഡിഎഫ് 11 സീറ്റില്‍ മല്‍സരിക്കുന്നു. ഇരുമുന്നണികളെയും ഉറക്കം കെടുത്തുന്ന തരത്തില്‍ എസ്ഡിപിഐ-എസ്പി സഖ്യം ശക്തമായി കളത്തിലുണ്ട്. ബിജെപിയുടെ എന്‍ഡിഎ, പിഡിപി, വെല്‍ഫയര്‍, സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പുറമെ. ഇടത് മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങിയ ഏഴ് സ്വതന്ത്രരില്‍ അഞ്ച് പേരും വ്യവസായികളാണ്. നിലമ്പൂര്‍, തവനൂര്‍, താനൂര്‍, കൊണ്ടോട്ടി, തിരൂര്‍ എന്നിവിടങ്ങളില്‍ സിപിഎം സ്വതന്ത്രരും തിരൂരങ്ങാടി, ഏറനാട് മണ്ഡലങ്ങളില്‍ സിപിഐ സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.നിലമ്പൂര്‍, താനൂര്‍, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങള്‍ക്ക് പുറമെ പെരിന്തല്‍മണ്ണ, പൊന്നാനി, മങ്കട, വണ്ടൂര്‍ എന്നിവിടങ്ങളില്‍ കനത്ത പോരിനാണ് കളമൊരുങ്ങുന്നത്. എല്‍ഡിഎഫിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവയെല്ലാം. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 90 തദ്ദേശ സ്ഥാപനങ്ങള്‍ യുഡിഎഫ് കൈയടക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം യുഡിഎഫിന്റെ ആധിപത്യം 50ല്‍ ഒതുങ്ങി. ജനകീയ മുന്നണിയെന്ന തന്ത്രം പയറ്റി സ്വന്തമാക്കിയ ഇതേ പരീക്ഷണം തന്നെയാണ് നിയമസഭാ പോരിലും ഇടതുപക്ഷം നടത്തുന്നത്.

നിലമ്പൂര്‍

നിലമ്പൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും അറിയപ്പെട്ട വ്യവസായിയുമായ പി വി അന്‍വറാണ് സിപിഎം സ്വതന്ത്രന്‍. 2011ല്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞ് മകന് ബാറ്റണ്‍ കൈമാറി എന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ ആര്യാടന്‍ ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെപിസിസി സെക്രട്ടറി വിവി പ്രകാശിനെ തഴഞ്ഞ് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായതില്‍ അമര്‍ഷമുള്ളവരുണ്ട്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ബാബുമണി കരുവാരക്കുണ്ട് ജനവിധി തേടുന്നു. ഗിരീഷ് മേക്കാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

വണ്ടൂര്‍

പൊതുവെ കോണ്‍ഗ്രസ് ചായവുള്ള സംവരണ മണ്ഡലമാണ് വണ്ടൂരെങ്കിലും യുഡിഎഫിലെ പടലപ്പിണക്കമാണ് ഇടതിന് ആശ്വാസം നല്‍കുന്നത്. നിലവില്‍ എംഎല്‍എയായ എ പി അനില്‍കുമാര്‍ തന്നെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഈ സംവരണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. തുവ്വൂര്‍ ലോക്കല്‍ സെക്രട്ടറി കെ നിഷാന്താണ് എല്‍ഡിഎഫ് സ്ഥാനാര്ത്ഥി. എസ്ഡിപിഐ-എസ്പി സഖ്യത്തിന് വേണ്ടി കൃഷണന്‍ എരഞ്ഞിക്കലും എന്‍ഡിഎക്ക് വേണ്ടി സുനിത മോഹന്‍ദാസും മത്സരിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ നാലു പഞ്ചായത്തും കൈയടക്കിയ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് മങ്കടയില്‍ പോരിനിറങ്ങുന്നത്. നിലവിലെ എംഎല്‍എ ടി എ അഹമ്മദ് കബീര്‍ (ലീഗ്) തന്നെയാണ് യുഡിഎഫിന് വേണ്ടി രംഗത്തുള്ളത്. നിലവില്‍ ജില്ലാ പഞ്ചായത്തംഗമായ സിപിഎമ്മിലെ അഡ്വ. ടി കെ റഷീദലിയാണ് എല്‍ഡിഎഫിനുവേണ്ടി മല്‍സരിക്കുന്നത്. കൂട്ടിലങ്ങാടി സ്വദേശിയും മലപ്പുറം ബാറിലെ പ്രമുഖ അഭിഭാഷകനുമായ എ എ റഹീം എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി രതീഷ്.

പെരിന്തല്‍മണ്ണ

നഗര വികസന ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലി (ലീഗ്) തന്നെയാണ് ഇപ്രാവശ്യവും പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മങ്കടയില്‍ നിന്നും ഇടതുസ്വതന്ത്രനായി ജയിച്ച് ലീഗിലെത്തിയ അലി കഴിഞ്ഞ തവണ 9589 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശികുമാര്‍ (സിപിഎം). 2006 ല്‍ മുസലിം ലീഗിലെ പി അബ്ദുള്‍ഹമീദിനെ പരാജയപ്പെടുത്തി പെരിന്തല്‍മണ്ണയില്‍നിന്ന് നിയമസഭയിലെത്തി. 2001ലും 2011ലും പരാജയപ്പെട്ടു. മണ്ഡലത്തില്‍ സുപരിചിതയായ വനിത അരിമ്പ്ര സ്വദേശിനി തവളേങ്ങല്‍ സുനിയ സിറാജാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. അങ്ങാടിപ്പുറം പഞ്ചായത്തിലെ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണാണ് സുനിയ. അഡ്വ. എം കെ സുനിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തവനൂരിലെ സിറ്റിംഗ് എംഎല്‍എ ഡോ. കെ ടി ജലീല്‍ തന്നെയാണ് ഇക്കുറിയും സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്നത്. 2006ല്‍ കുറ്റിപ്പുറത്ത് ജലില്‍ മുസലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ— തറപറ്റിച്ചിരുന്നു. 2011ല്‍ 6854 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രണ്ടത്താണി സ്വദേശി പി ഇഫ്തിഖാറുദ്ധീനാണ് (കോണ്‍.) സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ-എസ്പി സഖ്യത്തിന് വേണ്ടി പി കെ ജലീലും ബിജെപി സ്ഥാനാര്‍ത്ഥിയായി രവി തേലത്തും മത്സരിക്കുന്നു.

പൊന്നാനി

പൊന്നാനിയില്‍ സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ നിലവിലെ എംഎല്‍എ പി ശ്രീരാമകൃഷ്ണനെയാണ് സീറ്റ് നിലനിത്താന്‍ എല്‍ഡിഏഫ് രംഗത്തിറക്കിയത്. .4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീരാമകൃഷണന്‍ കഴിഞ്ഞ തവണ വിജയിച്ചത്. കോണ്‍ഗ്രസിലെ പി ടി അജയമോഹനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി സെക്രട്ടറിയായ അജയമോഹന് നിയമസഭയിലേക്ക് ഇത് രണ്ടാം അങ്കമാണ്. മുന്‍ എംഎല്‍എ പി ടി മോഹനകൃഷണന്റെ മകനാണ്. എസ്ഡിപിഐ-എസ്പി സഖ്യത്തിനായി ഫത്താഹ് പൊന്നാനിയും മല്‍സരിക്കുന്നു. കെ കെ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

താനൂര്‍

താനൂരില്‍ നിന്നും അബ്ദുറഹിമാന്‍ രണ്ടത്താണി (മുസ്‌ലിം ലീഗ്)യാണ് മൂന്നാമതും യുഡിഎഫിനുവേണ്ടി ജനവിധി തേടുന്നത്. 2006ലും 2011ലും വിജയിച്ച രണ്ടത്താണി 9433 വോട്ട് ഭൂരിപക്ഷം നേടിയിരുന്നു. മുന്‍ കെപിസിസി അംഗം വി അബ്ദുറഹ്മാനാണ് താനൂരില്‍ ഇടത് സ്ഥാനാര്‍ഥി. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി കെകെ അബ്ദുല്‍മജീദ് ഖാസിമിയും എന്‍ഡിഎക്ക് വേണ്ടി പി ആര്‍ രശ്മില്‍നാഥും ജനവിധി തേടുന്നു.തിരൂര്‍ മണ്ഡലം 2006ല്‍ മാത്രമാണ് സിപിഎം കൈക്കലാക്കിയത്. സീറ്റ് തിരിച്ചുപിടിച്ച സി മമ്മുട്ടി (ലീഗ്) തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മമ്മുട്ടി 23566 വോട്ടിനാണ് 2011 ല്‍ ജയിച്ചത്. പി അബ്ദുള്‍ഗഫൂര്‍ എന്ന ഗഫൂര്‍ ലില്ലീസ് ആണ് സിപിഎം സ്വതന്ത്രന്‍. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ഇബ്രാഹീം പുത്തുതോട്ടില്‍ മല്‍സരിക്കുന്നുണ്ട്. ദേവിദാസനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കൊണ്ടോട്ടി

കൊണ്ടോട്ടിയില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി. ടി വി ഇബ്രാഹിമിനെ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ പി വീരാന്‍കുട്ടി നേരിടുന്നു. കഴിഞ്ഞ തവണ കെ മുഹമ്മദുണ്ണിഹാജി (ലീഗ്) 28149 വോട്ട് ഭൂരിപക്ഷം നേടി. സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ദേശീയ സമിതിയംഗം നാസറുദ്ദീന്‍ എളമരത്തെ രംഗത്തിറക്കി എസ്ഡിപിഐ – എസ്പി സഖ്യം കടുത്ത പോരാട്ടമാണ് നടത്തുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ കെ രാമചന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വീണ്ടും മല്‍സരിക്കുന്ന തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് കുടുംബാംഗമായ നിയാസ് പുളിക്കലകത്താണ്് എല്‍ഡിഎഫ് സ്വതന്ത്രന്‍. കഴിഞ്ഞ തവണ 30208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുറബ്ബ് ജയിച്ചത്. എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ അഡ്വ. കെ സി നസീറും, എന്‍ഡിഎയുടെ ഗീതാമാധവനും രംഗത്തുണ്ട്. ഏറനാട്ടില്‍ യുഡിഎഫിന് വേണ്ടി രണ്ടാമതും ജനവിധി തേടുന്ന ലീഗിലെ പി കെ ബഷീറിന്റെ എതിരാളി സിപിഐ സ്വതന്ത്രന്‍ കെ ടി അബ്ദുറഹിമാനാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്വതന്ത്ര അംഗമായ അബ്ദുറഹിമാന്‍ കോഴി ഫാം ബിസിനസുകാരനാണ്. മുന്‍ ചീഫ് വിപ്പും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന സീതിഹാജിയുടെ മകനായ ബഷീര്‍ കഴിഞ്ഞ തവണ 11246 വോട്ട് ഭൂരിപക്ഷം നേടിയിരുന്നു. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി അഡ്വ ഉമ്മര്‍ ചേലക്കാടും (എസ്പി) ബിജെപിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി കെപിബാബുരാജനും മത്സരിക്കുന്നു.മറ്റ് മണ്ഡലങ്ങള്‍

മലപ്പുറം

മലപ്പുറം  നിലവിലുള്ള അംഗം പി. ഉബൈദുല്ല (മുസ്‌ലിം ലീഗ് – യുഡിഎഫ്), 2001ല്‍ ഭൂരിപക്ഷം 44508 . മുസ്്‌ലിം ലീഗിന്റെ പ്രതിനിധി മാത്രമാണ് ഇവിടെ നിന്നും ജയിച്ചത്. സിപിഐ എം സ്ഥാനാര്‍ത്ഥി അഡ്വ. കെ പി സുമതി. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി ജലീല്‍ നീലാമ്പ്ര. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റായ ബാദുഷ തങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മഞ്ചേരി

നിലവിലെ എംഎല്‍എ എം ഉമ്മര്‍ (ലീഗ്) വീണ്ടും ജനവധി തേടുന്നു. 2011ല്‍ ഭൂരിപക്ഷം 29079വോട്ട്. 2006ല്‍ മലപ്പുറത്ത് നിന്നും വിജയിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ കെ മോഹന്‍ദാസാണ് എ്ല്‍ഡിഎഫ് സ്ഥാനാര്‍ത്തി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി തിരൂര്‍ക്കാട് സ്വദേശി ഡോ. സി എച്ച് അഷ്‌റഫ്. അഡ്വ. സി ദിനേശ് (ബിജെപി) എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

വള്ളിക്കുന്ന്

മുസ്്‌ലിം ലീഗ് മ—ലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുുന്ന പി.അബ്ദുല്‍ ഹമീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.നേരത്തെ പെരിന്തല്‍മണ്ണയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ 18122വോട്ട് ഭൂരിപക്ഷത്തില്‍ ലിഗിലെ കെ എന്‍ എ ഖാദര്‍ വിജയിച്ചു. ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് സ്വദേശി അഡ്വ. ഒ കെ തങ്ങള്‍ (എല്‍ഡിഎഫ്) സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റും സാമൂഹികപ്രവര്‍ത്തകനുമായ ഹനീഫ ഹാജിയും ബിജെപിക്ക് വേണ്ടി കെ ജനചന്ദ്രനും മത്സരിക്കുന്നു.

വേങ്ങര

വ്യവസായ മന്ത്രിയും മുസ് ലിം ലീഗ് ദേശീയ ഖജാന്‍ജിയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി. 38237 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ജയം.1982ലും 87ലും മലപ്പുറത്തുനിന്നും 91, 96, 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തുനിന്നും നിയമസഭയിലെത്തി. തിരൂര്‍ ബാറിലെ അഭിഭാഷകന്‍ അഡ്വ. പി പി ബഷീര്‍(സിപിഎം), എസ്ഡിപിഐ – എസ്പി സഖ്യ സ്ഥാനാര്‍ഥിയായി കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍, എന്‍ഡിഎക്ക് വേണ്ടി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി ആലിഹാജി എന്നിവരാണ് എതിരാളികള്‍.

കോട്ടക്കല്‍

കോട്ടക്കല്‍  ഫ്രാറുഖ് കോളജ് സോഷ്യല്‍ സയന്‍സ് വിഭാഗം തലവനായപഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങളാണ് (ലീഗ്) യുഡിഎഫ് സ്ഥാനാര്‍ത്ഥി. ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വടക്കാങ്ങര കെ കെ എസ് ആറ്റക്കോയ തങ്ങളുടെ മകനാണ്. എല്‍ഡിഎഫിന് വേണ്ടി എന്‍സിപി ടിക്കറ്റില്‍ എന്‍ എ മുഹമ്മദ്കുട്ടി മത്സരിക്കുന്നു. കൊച്ചി ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രകചേഴ്‌സിന്റെ എംഡിയാ—ണ്. മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. വി ഉണ്ണികൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 2011ല്‍ ലീഗിലെ എം പി അബ്ദുസ്സമദ് സമദാനി 35902 വോട്ട് ഭൂരിപക്ഷം നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss