|    Feb 28 Tue, 2017 4:37 am
FLASH NEWS

മലപ്പുറം സ്‌ഫോടനം: സൂചനകളില്ല; അന്വേഷണം വഴിമുട്ടുന്നു

Published : 9th November 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: നവംബര്‍ ഒന്നിന് മലപ്പുറം കോടതി വളപ്പിലുണ്ടായ സ്‌ഫോടനക്കേസ് അന്വേഷണം വഴിമുട്ടി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിനോ എന്‍ഐഎക്കോ ഇവരെ സഹായിക്കുന്ന മറ്റ് ഏജന്‍സികള്‍ക്കോ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കേസില്‍ നിര്‍ണായകമാവുമായിരുന്ന പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ പോലിസ് ഉപേക്ഷിച്ചിരിക്കുകയാണ്. ഏക ദൃക്‌സാക്ഷിയെന്ന് അന്വേഷണ സംഘം പറയുന്ന മുഹമ്മദിന് സംശയിക്കുന്ന ആളുടെ മുഖം ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തതാണ് ഈ തീരുമാനത്തിനു പിന്നില്‍.
നവംബര്‍ രണ്ടിന് സംഭവസ്ഥലത്തെത്തിയ ഉത്തരമേഖല ഡിഐജി അജിത്കുമാര്‍ പ്രതികളെ എത്രയുംവേഗം പിടികൂടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച സംഭവസ്ഥലത്തെത്തിയ ഉത്തരമേഖല എഡിജിപി സുദേഷ്‌കുമാര്‍ പറഞ്ഞത് സൂചനകളൊന്നുമില്ലാത്ത കേസിലെ പ്രതികളെ വലയിലാക്കാന്‍ പോലിസിനു മാജിക് അറിയില്ലെന്നാണ്.
തുടക്കത്തില്‍ തമിഴ്‌നാട്ടിലെ അല്‍ഉമ്മക്കാരെ ലാക്കാക്കി മുന്നോട്ടുനീങ്ങിയ അന്വേഷണം എവിടെയും എത്തിയിട്ടില്ല. അല്‍ഉമ്മ പ്രസ്ഥാനം കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തോടെ അതീവ ദുര്‍ബലമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന സൂചന. ജാമ്യത്തിലിറങ്ങി മുങ്ങിയ അബൂബക്കര്‍ സിദ്ദീഖിയെ തിരഞ്ഞ് നാഗപട്ടണത്ത് അന്വേഷണസംഘം പോയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അല്‍ ഉമ്മയുടെ ബാഷ, താജുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ബെയ്‌സ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരെക്കുറിച്ചും സൂചനകളൊന്നും കിട്ടാത്തതും അന്വേഷണത്തെ വഴിമുട്ടിക്കുന്നു.
പെന്‍ഡ്രൈവിലെ വീഡിയോയില്‍ നിന്നു പ്രതികളെ കണ്ടെത്താമെന്ന എന്‍ഐഎയുടെ പ്രതീക്ഷ തകിടം മറിഞ്ഞിട്ടുണ്ട്. ബോംബ് സ്ഥാപിച്ചിരുന്ന പ്രഷര്‍കുക്കറിന് ബാച്ച് നമ്പറില്ലാത്തതിനാല്‍ കമ്പനി പ്രഷര്‍ കുക്കര്‍ തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വ്യാജ പ്രഷര്‍കുക്കര്‍ നിര്‍മാതാക്കളെ അന്വേഷിക്കാനും കഴിയാത്ത സ്ഥിതിയാണ്.
സ്‌ഫോടനം നടന്ന ഉടനെ സ്ഥലത്തെത്തിയ പലരെയും അന്വേഷണസംഘം മൊഴിയെടുക്കാതെ ഒഴിവാക്കിയതായും വിവരമുണ്ട്. അന്നേദിവസം കോടതിയുമായി ബന്ധപ്പെട്ട അഭിഭാഷകരില്‍നിന്നും ഹാജരായിരുന്ന കക്ഷികളില്‍നിന്നും എന്തെങ്കിലും വിവരം ലഭിക്കുമോ എന്നും  അന്വേഷിക്കുന്നുണ്ട്. മലപ്പുറം ബാര്‍ അസോസിയേഷന് ഈ നിലയില്‍ തെളിവുകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ടി പി ബാലന്‍ കത്ത് നല്‍കി.
സ്‌ഫോടന പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും തീവ്രവാദ കേസുകള്‍ വിചാരണചെയ്യുന്ന  എന്‍ഐഎ കോടതിക്കും സുരക്ഷ ശക്തമാക്കണമെന്ന്  രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയതായി അറിയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day