|    Jun 23 Fri, 2017 2:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറം സ്‌ഫോടനം; പ്രതിയുടെ രേഖാചിത്രം: ദൃക്‌സാക്ഷിയില്‍ നിന്നും വിവരം ശേഖരിക്കുന്നു

Published : 4th November 2016 | Posted By: SMR

മുജീബ് പുള്ളിച്ചോല

മലപ്പുറം: മലപ്പുറം കോടതി വളപ്പില്‍ സ്‌ഫോടനം നടത്തിയ പ്രതിയുടെ രേഖാചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നു. സ്‌ഫോടനം നടത്തിയെന്നു സംശയിക്കുന്ന ആളെക്കുറിച്ച് ദൃക്‌സാക്ഷി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
മലപ്പുറം കോടതിവളപ്പില്‍ ഹോമിയോപതി ഡിഎംഒയുടെ ഔദ്യോഗിക കാറിനു താഴെ യാണ് സ്‌ഫോടനം നടന്നത്. കാറിനു സമീപമുണ്ടായിരുന്ന മറ്റു രണ്ടു കാറുകളും തകര്‍ന്നിരുന്നു. ഇതില്‍ ഒരു കാറില്‍ ഹോമിയോപതി വകുപ്പിലെ ജീവനക്കാരിയുടെ ഭര്‍ത്താവ് അരീക്കോട് താഴത്തങ്ങാടി സ്വദേശി  മുഹമ്മദുമുണ്ടായിരുന്നു. ഇയാളെയാണ് അന്വേഷണസംഘം പ്രധാന ദൃക്‌സാക്ഷിയാക്കിയത്. കറുത്ത ബാഗ് തൂക്കിയ പാന്റ് ധരിച്ച ഒരു അജ്ഞാതന്‍ സ്‌ഫോടനത്തിനു തൊട്ടുമുമ്പുവരെ സംഭവസ്ഥലത്തുണ്ടായിരുന്നതായി മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രേഖാചിത്രം തയ്യാറാക്കുന്നത്.
എന്നാല്‍, രേഖാചിത്രവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു പുരോഗതിയും കൈവരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കോടതി പരിസരത്ത് സിസിടിവി ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും അന്വേഷണത്തെ ബാധിച്ചിരിക്കുന്നു. സിവില്‍ സ്റ്റേഷന്‍ പരിസത്തെ  സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിക്കുന്നുണ്ട്.
അതേസമയം സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നു സൂചനയുണ്ട്. അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുമെന്ന് നേരത്തേ ഡിജിപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന സ്വഭാവത്തോടെയുള്ള സ്‌ഫോടനങ്ങള്‍ നടന്ന സാഹചര്യത്തിലാണിത്. നിലവില്‍ കേരള, കര്‍ണാടക, ആന്ധ്രാ പോലിസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. കേരള, ആന്ധ്ര, കര്‍ണാടക എന്‍ഐഎ സംഘവും മലപ്പുറത്ത് ക്യാംപ് ചെയ്യുന്നുണ്ട്.എന്‍ഐഎ സംഘം സംഭവസ്ഥലത്ത് നിന്നു തെളിവെടുത്തു. ഇന്നലെ സ്‌ഫോടനം നടന്നയിടം ഇന്റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ സന്ദര്‍ശിച്ചു. തുടര്‍ന്ന് ശ്രീലേഖയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി. അന്വേഷണത്തില്‍ കാര്യമായ പുരോഗതി വന്നിട്ടില്ലെന്നു യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഇന്ന് ഐജി ബി സന്ധ്യ മലപ്പുറത്തെത്തും. സ്‌ഫോടന സ്ഥലത്ത്‌നിന്നു ലഭിച്ച ദ ബേസ് മൂവ്‌മെന്റ് എന്നു രേഖപ്പെടുത്തിയ പെട്ടിയിലുണ്ടായിരുന്ന പെന്‍ഡ്രൈവ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക