|    Apr 30 Sun, 2017 12:53 am
FLASH NEWS

മലപ്പുറം സ്‌ഫോടനം: പോലിസ്, മാധ്യമ ഭാഷ്യം നുണയെന്ന് ദൃക്‌സാക്ഷി

Published : 6th November 2016 | Posted By: SMR

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലിസും മാധ്യമങ്ങളും പുറത്തുവിടുന്ന റിപോര്‍ട്ടുകള്‍ യാഥാര്‍ഥ്യമല്ലെന്ന് മലപ്പുറം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സര്‍ക്കാര്‍ നോട്ടറിയുമായ അഡ്വ. പി ഷാജേഷ്് ഭാസ്‌കര്‍. സ്‌ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്തെത്തിയ തന്നില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ ആറു ദിവസം കഴിഞ്ഞിട്ടും പോലിസും എന്‍ഐഎയും ഉള്‍പ്പെടുന്ന അന്വേഷണസംഘം തയ്യാറായിട്ടില്ല- ഭാസ്‌കര്‍ പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോള്‍ ഇദ്ദേഹം ബാര്‍ അസോസിയേഷന്റെ റൂമിനു പുറത്തായിരുന്നു. ശബ്ദം കേട്ടയുടനെ അങ്ങോട്ടെത്തിയവരില്‍ താനുമുണ്ടായിരുന്നു. അപ്പോള്‍ നര്‍കോട്ടിക് സെല്ലിലെ ഒരു എഎസ്‌ഐയും കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരായ അഗസ്റ്റിയനും സുരേഷും കൂടെയുണ്ടായിരുന്നു. താനാണ് ഇപ്പോള്‍ ദൃക്‌സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടുനടക്കുന്ന മുഹമ്മദിനെ കാറില്‍ നിന്നിറക്കി ഡിക്കിയില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ മാറ്റാന്‍ സഹായിച്ചത്. സ്‌ഫോടനം നടന്നത് ഹോമിയോപതി വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന കാറിന് ചുവട്ടില്‍ നിന്നാണ്. ഈ കാറിന്റെ ഉടമ ഉസ്മാനോടും മുഹമ്മദിനോടും ഇവിടെ ആരെയെങ്കിലും കണ്ടോയെന്ന് താന്‍ ആവര്‍ത്തിച്ചു ചോദിച്ചതാണ്. ആരെയും കണ്ടിട്ടില്ലെന്നാണ് ഇരുവരും പറഞ്ഞത്. മുഹമ്മദ് ഇപ്പോള്‍ കറുത്ത ബാഗുമായി ഒരാളെ കണ്ടുവെന്നു പറയുന്നത് അവിശ്വസനീയമാണ്. ഒന്നുകില്‍ അയാള്‍ ഞെട്ടലില്‍ പറയുന്നതാവാം. അല്ലെങ്കില്‍ കഥയില്ലായ്മയില്‍നിന്നുണ്ടായ ഭാവനയാവാം. താന്‍ ഫോണിലായിരുന്നു. ഒന്നും കണ്ടിട്ടില്ല. അറിയുകയുമില്ലെന്നാണു സംഭവം നടന്നയുടനെ മുഹമ്മദ് പ്രതികരിച്ചത്. പിന്നെ ഇപ്പോള്‍ മാറ്റിപ്പറയുന്നതിന്റെ അര്‍ഥമറിയില്ല. തങ്ങള്‍ ചെല്ലുമ്പോള്‍ കാറിനടുത്തോ പരിസരത്തോ കടലാസ്‌പെട്ടി കണ്ടിരുന്നില്ല. കാറിലും പെട്ടിയില്ലെന്നാണ് ഡ്രൈവര്‍ ഉസ്മാന്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ പോലിസും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് കാറിനടുത്തുനിന്നും പെട്ടി കിട്ടിയെന്നാണ്. കാറിനടിയില്‍നിന്നു കിട്ടിയെന്നും ചില പത്രങ്ങള്‍ പറയുന്നു. ഇത് രണ്ടും ശരിയല്ല. താന്‍ ചെല്ലുമ്പോള്‍ പെട്ടി അവിടെയുണ്ടായിരുന്നില്ല. കൂടിനിന്ന പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതു കണ്ടിട്ടില്ല. കുറേക്കഴിഞ്ഞാണ് പെട്ടിയുള്ള വിവരം പുറത്തുവരുന്നത്. ഉസ്മാന്റെ വാഹനത്തിന്റെ താക്കോല്‍ തന്റെ കൈയിലായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞാണ് താനത് പോലിസിന് കൈമാറിയത്. അതിനു മുമ്പുതന്നെ പെട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാല്‍ കാറിനകത്തു പെട്ടിയുണ്ടായിരുന്നുവെന്ന വാദം ശരിയല്ല. കാറിനടിയിലും പെട്ടിയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആദ്യമെത്തിയ തങ്ങള്‍ കാണേണ്ടതായിരുന്നു. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തിയ പിആര്‍ഡിയിലെ ഫോട്ടോഗ്രാഫര്‍ ജലീലെടുത്ത ആദ്യ ചിത്രങ്ങളിലും പെട്ടി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനെടുത്ത ആദ്യ ചിത്രങ്ങളില്‍ കാറിനടുത്തോ പരിസരത്തോ പെട്ടിയില്ലെന്നാണ് ഇതുസംബന്ധിച്ച് ജലീല്‍ തേജസിനോട് പ്രതികരിച്ചത്. അലക്ഷ്യമായാണ് പോലിസ് സ്‌ഫോടന കാര്യം കൈകാര്യം ചെയ്തതെന്നും ഭാസ്‌ക്കര്‍ ആരോപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day