|    Feb 19 Sun, 2017 8:08 pm
FLASH NEWS

മലപ്പുറം സ്‌ഫോടനം നാര്‍കോട്ടിക് ഡിവൈഎസ്പി അന്വേഷിക്കും

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസിനെ സംബന്ധിച്ച് മറ്റു വ്യാഖ്യാനങ്ങള്‍ക്കു പുറപ്പെടുന്നത് പൊതുതാല്‍പര്യങ്ങള്‍ക്കും സമൂഹതാല്‍പര്യങ്ങള്‍ക്കും നിരക്കുന്നതല്ല. പോലിസ് ഗൗരവതരമായ അന്വേഷണം നടത്തി ഉത്തരവാദികളെ പിടികൂടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയില്‍ പ്രതിപക്ഷത്തുനിന്ന് പി ഉബൈദുല്ല അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചെങ്കിലും യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്കൗട്ടിന് മുതിര്‍ന്നില്ല. എന്നാല്‍, സംഭവങ്ങളെ സാധാരണ കുറ്റകൃത്യങ്ങളായി പരിഗണിച്ച് സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ഒ രാജഗോപാല്‍ എംഎല്‍എ ഇറങ്ങിപ്പോയി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് ഭംഗംവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ സ്‌ഫോടനമെന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തീവ്രവാദത്തിനെതിരേ യോജിച്ച നീക്കം സംസ്ഥാനത്ത് ഉയര്‍ന്നുവരണം.
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കാറിലുണ്ടായ സ്‌ഫോടനത്തില്‍ വാഹനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ സമയം യാത്രക്കാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതിന് സമീപത്തുനിന്ന് ദ ബേസ് മൂവ്‌മെന്റ് എന്നു രേഖപ്പെടുത്തിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കിട്ടിയിട്ടുണ്ട്. അതില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവ് പോലിസ് പരിശോധിച്ചുവരുകയാണ്. അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിനു പിന്നില്‍ പെട്ടിയില്‍ രേഖപ്പെടുത്തിയവര്‍ തന്നെയാണോ അതോ തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണോയെന്ന് കണ്ടെത്താന്‍ കഴിയൂ. കൊല്ലം കലക്ടറേറ്റില്‍ മുമ്പു നടന്ന സ്‌ഫോടനത്തെക്കുറിച്ച് എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരുകയാണ്. ഇത് ഉള്‍പ്പെടെ മുമ്പ് നടന്ന സമാനമായ സംഭവങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവുമ്പോള്‍ ഗൗരവമായെടുത്താണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക