|    Mar 18 Sun, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മലപ്പുറം സ്‌ഫോടനം: ഇതര സംസ്ഥാനങ്ങളില്‍ വ്യാപകമായ പരിശോധന; അന്വേഷണം ഗള്‍ഫിലേക്കും

Published : 7th November 2016 | Posted By: SMR

photo

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഒരാഴ്ചമുമ്പ്  മലപ്പുറം കലക്ടറേറ്റിലെ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണം ഗള്‍ഫിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മുന്‍ അല്‍ഉമ്മ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോവുന്നതിന്റെ ഭാഗമായി  തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനയും മറ്റും നടക്കുന്നത്.
വെല്ലൂരിലും നാഗപട്ടണത്തുമുള്ള ചിലരുടെ വീടുകളില്‍ ഇതിനകം പരിശോധന നടന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കര്‍ണാടകയിലെ ചില സ്ഥലങ്ങളിലും പരിശോധനകള്‍ നടക്കും. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടംഗസംഘമാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള സൂചന. ഇതില്‍ മലയാളികള്‍ ഇല്ലെന്നും പറയപ്പെടുന്നു. സംശയിക്കുന്ന ചിലര്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. അതിനാല്‍, ഇന്റര്‍പോളിന്റെ സഹായത്തോടെ ദൂബയിലുള്ള ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നീക്കമുണ്ട്. സ്‌ഫോടനത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല ഗള്‍ഫിലുള്ളവര്‍. എന്നാല്‍, നിര്‍ദേശങ്ങള്‍ ഇവര്‍ നല്‍കിയതായാണ് സംശയം.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിലെ വിവരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വിവരം. കേരള പോലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു പുറമെ എട്ട് ഏജന്‍സികളും അന്വേഷണത്തെ സഹായിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കൊല്ലം, ചിറ്റൂര്‍ (ആന്ധ്ര), മൈസൂര്‍ എന്നിവിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളുമായും ബന്ധമുണ്ടെന്ന സംശയമുണ്ടെങ്കിലും സംഭവസ്ഥലത്ത് പെന്‍ഡ്രൈവില്‍ ഭീഷണിയും സന്ദേശവും ഉപേക്ഷിച്ച് പോയതില്‍ സംശയമുണ്ട്. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ആരെങ്കിലും ഇങ്ങനെ ചെയ്‌തേക്കാമെന്നാണ് സൂചന.
അല്‍ ഖാഇദയുടെ ഇംഗ്ലീഷാണ് ബെയ്‌സ് മൂവ്‌മെന്റ. ബെയ്‌സ് മൂവ്‌മെന്റ് എന്ന സംഘടന ഉണ്ടെന്നുള്ളതിന്  തെളിവുപോലും ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും ഈ പേരില്‍ സന്ദേശവും പെന്‍ഡ്രൈവും ഉണ്ടാക്കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.  ഉത്തരേന്ത്യയില്‍ വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയവര്‍ ഹിന്ദുത്വവാദികളായിരുന്നു. അത്തരം സംഭവങ്ങളുടെ തുടര്‍ച്ചയാണോ മലപ്പുറം സ്‌ഫോടനം എന്ന സംശയവും വിവിധ വൃത്തങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ സ്ത്രീകളെ അപമാനിച്ചു സംസാരിച്ച ഗോപാലകൃഷ്ണനെതിരേയും ശശികല ടീച്ചര്‍ക്കെതിരേയും കേസുകള്‍ വന്ന ഉടനെയാണ് സ്‌ഫോടനമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഏതാണ്ട് അതേസമയത്താണ് ഡോ. സുബ്രമണ്യന്‍ സ്വാമി ന്യൂയോര്‍ക്ക് യുനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ മലപ്പുറം ജില്ലയില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയുന്നു എന്ന് തട്ടിവിട്ടത്. ഏതായാലും മുന്‍വിധികളോടെയുള്ള അന്വേഷണം ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് മലപ്പുറത്തെ ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss