|    Oct 22 Sun, 2017 8:37 am
Home   >  Todays Paper  >  Page 1  >  

മലപ്പുറം സ്ഥാനാര്‍ഥി നിര്‍ണയം : ബിജെപിക്കെതിരേ വെള്ളാപ്പള്ളി

Published : 21st March 2017 | Posted By: fsq

vellappally-natesan

തിരുവനന്തപുരം/ആലപ്പുഴ: മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ഥിയല്ലെന്നും അത്തരമൊരു സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ട ആവശ്യം ബിഡിജെഎസിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബിജെപിയും ബിഡിജെഎസും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നത വെള്ളാപ്പള്ളി തുറന്നുപറഞ്ഞത്. മുന്നണിമര്യാദകളുടെ ലംഘനമാണ് മലപ്പുറത്തെ സ്ഥാനാര്‍ഥിനിര്‍ണയത്തിലൂടെ ബിജെപി നടത്തിയത്. ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതേണ്ട. ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്നും കരുതേണ്ട. ഏതു മുന്നണിയുമായി സഹകരിക്കാനും ഭാവിയില്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം, മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ദേശീയ ജനാധിപത്യസഖ്യത്തില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതികരിച്ചു. എല്ലാവരുടെയും അനുമതിയോടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുന്നണിയില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തേ, ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി കേരളത്തിലെ എന്‍ഡിഎ സംഘം നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനിന്നിരുന്നു. ബിഡിജെഎസിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് കാരണമായി ബിഡിജെഎസ് ചൂണ്ടിക്കാട്ടിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക