|    Jan 17 Tue, 2017 6:37 am
FLASH NEWS

മലപ്പുറം സമ്പൂര്‍ണ ശുചിമുറി ജില്ല

Published : 20th October 2016 | Posted By: SMR

മലപ്പുറം: മലപ്പുറം സമ്പൂര്‍ണ ശുചിമുറി  ജില്ലയായതില്‍ ജലനിധിക്കും നിര്‍ണായക പങ്കാളിത്തം. ജില്ലയിലാകെ നിര്‍മിച്ച 12,011 വ്യക്തിഗത ശുചിമുറികളില്‍ 2427 എണ്ണവും നിര്‍മിച്ചിരിക്കുന്നത് ജലനിധി പഞ്ചായത്തുകളില്‍. ഉറങ്ങാട്ടിരി, കരുവാരക്കുണ്ട്, ചോക്കാട് പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിര്‍മിച്ചിട്ടുള്ള 246   ശുചിമുറികളും ഇതില്‍പ്പെടും ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ഒഡിഎഫ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (കെആര്‍ഡബ്ല്യുഎസ്എ) യില്‍ നിക്ഷിപ്തമാണ്. ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിനു കീഴില്‍ മലപ്പുറം ജില്ലയില്‍ മാത്രം 14 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. (കരുവാരക്കുണ്ട്, കുറ്റിപ്പുറം, ചേലേമ്പ്ര, ചോക്കാട്, എടപ്പറ്റ, മേലാറ്റൂര്‍, പറപ്പൂര്‍, തെന്നല, പെരുമണ്ണക്ലാരി, ഊരകം, വേങ്ങര, ഒഴൂര്‍, ഉറങ്ങാട്ടിരി, മൂന്നിയൂര്‍). സെപ്റ്റിക് ടാങ്ക്,  ഇരട്ടക്കുഴിയോടുകൂടിയ കക്കൂസ്, വെള്ളം കരുതുന്നതിനും കൈകഴുകുന്നതിനും സോപ്പ് വയ്ക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഗാര്‍ഹിക കക്കൂസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍. പണി പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ കൈമാറുന്നമുറക്ക് വീടൊന്നിന് 15400 രൂപയാണ് ഗ്രാന്റായി നല്‍കുന്നത്. ആതാത് പഞ്ചായത്തുകളിലെ ജലനിധി പദ്ധതിയുടെ ഗുണഭോക്തൃസമിതികളുടെ ഫെഡറേഷന്‍ (ബിജി ഫെഡറേഷന്‍) വഴിയാണു തുക ഗുണഭോക്താവിന് നല്‍കുന്നത്. പഞ്ചായത്തുകളില്‍ കെആര്‍ഡബ്ല്യുഎസ്എ നിയമിച്ചിട്ടുള്ള എന്‍ജിനീയറുടെ (പ്രോജക്റ്റ് കമ്മീഷണര്‍) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പണം ബിജി ഫെഡറേഷന് കൈമാറുന്നത്. പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള സഹായ സംഘടനക്കാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലകള്‍. കക്കൂസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയാതെ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ജലനിധി പഞ്ചായത്തുകളില്‍ കക്കൂസ് ഒന്നിന് 7700 രൂപ അഡ്വാന്‍സ് തുകയായും നല്‍കിവരുന്നു. ജില്ലയില്‍ 2427 ശുചിമുറികള്‍ക്കായി 373.75 ലക്ഷം രൂപയാണ് ഗ്രാന്റായി ഗുണഭോക്താക്കള്‍ക്ക് ജലനിധി വഴി നല്‍കുന്നത്. ഗ്രാമീണ ജനതക്ക് ജനപങ്കാളിത്തത്തോടെ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതോടൊപ്പം പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വവും ഉറപ്പാക്കുന്നതിനാണ് ജലനിധിയുടെ ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക