|    Oct 17 Wed, 2018 7:11 am
FLASH NEWS

മലപ്പുറം-മൈസൂര്‍ സൂപ്പര്‍ ഫാസ്റ്റ്: സമയം മാറ്റിയേക്കും

Published : 7th September 2017 | Posted By: fsq

 

ടി പി ജലാല്‍

മലപ്പുറം: കഴിഞ്ഞ മാസം 27ന് ആരംഭിച്ച മലപ്പുറം-മൈസൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് റൂട്ടില്‍ സമയ ക്രമീകരണം വരുത്താന്‍ സാധ്യത.   പ്രതീക്ഷച്ചത്ര കലക്ഷനില്ലാത്തതാണ് പുതിയ മാറ്റത്തിന് സാഹചര്യമൊരുക്കുന്നതെന്നാണ് അധികൃതരുടെ അനൗദ്യോഗിക അറിയിപ്പ്.    ഈ മാസത്തെ  അഞ്ച് ദിവസ കലക്ഷന്‍ 89960 രൂപയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ ശരാശരിയായ  17,992 രൂപ കൊണ്ട് ലാഭമോ നഷ്ടമോ ഇല്ലാതെ ഓടാനാവും.   എന്നാല്‍ ഈ വരുമാന വര്‍ധനവ് കൂടുതലും  ആഘോഷദിവസങ്ങളിലാണെന്നാണ് അധികൃതര്‍ പറയുന്നത്.  രണ്ടാഴ്ച കൂടി പരീക്ഷിച്ച ശേഷമാവും സമയത്തില്‍ മാറ്റം വരുത്തുകയെന്നാണ് വിവരം.  ഇതിന്റെ മുന്നോടിയായിട്ടാവണം ഈ റൂട്ടിലേക്ക്  റിസര്‍വേഷനും ഇതുവരെ ആരംഭിച്ചിട്ടില്ല.  അധികൃതരുടെ ഈ നിഗമനങ്ങളെ ഉറപ്പിക്കുന്ന രീതിയിലാണ് ഇതു വരെയുള്ള കലക്ഷനും വ്യക്തമാക്കുന്നത്.  ഇന്റര്‍ സ്റ്റേറ്റ് സര്‍വീസായതിനാല്‍  ആഘോഷ ദിവസങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യാറില്ല.പെരുന്നാള്‍ ദിന—ത്തില്‍ 10819 രൂപയാണ് ലഭിച്ചത്. എന്നാല്‍ രണ്ടാം ദിവസം കലക്ഷന്‍ വര്‍ധിച്ച് 19100 രൂപയും മൂന്നാം ദിവസം 24661 രൂപയുമായി ഉയര്‍ന്നു. തിരുവോണ ദിവസം 15,349 ആയി കുറഞ്ഞു. എന്നാല്‍ അഞ്ചാം തീയ്യതി 20021 ആയി വീണ്ടും ഉയര്‍ന്നു. ഒരു മാസത്തെ മുഴുവന്‍ കലക്ഷന്‍ പരിശോധിക്കുമ്പോള്‍ ഇപ്പോഴുള്ള ശരാശരി 10,000 രൂപയിലേക്ക് താഴാന്‍ സാധ്യതയുള്ളതായും അധികൃതര്‍ കരുതുന്നുണ്ട്.   ഇതോടെ സമയ ക്രമീകരണം വരുത്താന്‍ ഇവര്‍ നിര്‍ബന്ധിതരാവും. 250 ലിറ്റര്‍ ഡീസലെങ്കിലും മൈസുരില്‍ പോയി തിരിച്ചു വരാന്‍ ആവശ്യമായി വരും.  ഇതിന് ഏകദേശം 16000 രൂപ ചെലവ് വരും.  ഇതിനര്‍ത്ഥം ലാഭമോ നഷ്ടമോ ഇല്ലാതെ ഓടാന്‍ ഇത്രയും കലക്ഷന്‍ വേണം. അതേസമയം ഇപ്പോഴുള്ള സമയം  നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്ന് ആരോപണവുമുണ്ട്.  മലപ്പുറത്ത് നിന്നും പുറപ്പെടുന്നതിന്റെ സമയത്ത്് തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും ഒരു ബസ് മൈസൂരിലേക്കും ഒരു ബസ് താമരശ്ശേരിയിലേക്കുമുണ്ട്. ഒരു ബസിന് കലക്ഷന്‍ കൂടിയാല്‍ അത് മറ്റു ബസുകളെ ബാധിക്കുന്നത് സ്വാഭാവികമാണ്. ഇതിനനുസരിച്ച് തുടക്കത്തില്‍ റൂട്ട് നിശ്ചയിച്ചാല്‍ മതിയായിരുന്നുവെന്നാണ്  യാത്രക്കാര്‍ പറയുന്നത്.  ഇപ്പോള്‍ പൂലര്‍ച്ചെ 5.40ന്   മലപ്പുത്ത് നിന്നും പുറപ്പെട്ട്  മഞ്ചേരി,അരീക്കോട്,മുക്കം,താമരശ്ശേരി,സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട് വഴി 12.15ന് മൈസൂരിലെത്തും. തിരിച്ച് ഉച്ചക്ക് 2.15ന് പുറപ്പെട്ട് രാത്രി 8.55ന് മലപ്പുറത്തെത്തുന്നതാണ് നിലവിലെ സമയം.   ഉച്ചക്ക് മുന്നു മണിക്ക് പുറപ്പെട്ട് രാത്രി 8മണിക്ക് മൈസുരുവിലെത്തുന്ന തരത്തിലും തിരിച്ച് മടക്കം കോഴിക്കോട് വഴിയാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss