|    Mar 21 Wed, 2018 6:36 pm
FLASH NEWS
Home   >  Kerala   >  

മലപ്പുറം ബോംബ് സ്‌ഫോടനം:സൂചനകളൊന്നുമില്ലാതെ അന്വേഷണം പുരോഗമിക്കുന്നു

Published : 3rd November 2016 | Posted By: mi.ptk

three

കെപിഒ റഹ്മത്തുല്ല
മലപ്പുറം: ചൊവ്വാഴ്ച മലപ്പുറം കലക്ട്രേറ്റിലെ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണം സൂചനകളൊന്നുമില്ലാതെ പുരോഗമിക്കുന്നു. ബെയ്‌സ് മൂവ്‌മെന്റ് എന്നറിയപ്പെടുന്ന സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇത് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കേരള പോലീസിന് പുറമെ എന്‍ഐഎ, കര്‍ണാടക,തമിഴ്‌നാട്, ആന്ധ്ര,ഡല്‍ഹി പോലീസ് സംഘങ്ങളും അന്വേഷണത്തെ സഹായിക്കുന്നുണ്ട്. പ്രഷര്‍ കുക്കര്‍ ബോംബില്‍ ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. പെന്‍ഡ്രൈവും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. കലക്ട്രേറ്റിന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവ സമയത്ത് കോടതി വളപ്പിലെത്തിയ ആളുകളുടെ രേഖാ ചിത്രങ്ങള്‍ തയ്യാറാക്കാനും ശ്രമമുണ്ട്. ഇതിനായി ആ സമയം കോടതിവളപ്പിലെ കാറിലുണ്ടായിരുന്ന മുഹമ്മദിന്റെ മൊഴിയും പ്രധാനമായി ഉപയോഗിക്കാനാണ് തീരുമാനം. കൈയ്യില്‍ കറുത്ത ബാഗുമായി ഒരാള്‍ നിന്നിരുന്ന കാര്യം മുഹമ്മദ് അന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിന് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കൊല്ലം, ചിറ്റൂര്‍(ആന്ധ്ര),മൈസൂര്‍ എന്നിവിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളുമായും ബന്ധമുണ്ടെന്ന സംശയമുണ്ടെങ്കിലും സംഭവ സ്ഥലത്ത് പെന്‍ഡ്രൈവില്‍ ഭീഷണിയും സന്ദേശവും ഉപേക്ഷിച്ച് പോയതില്‍ സംശയമുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ആരെങ്കിലും ഇങ്ങനെ ചെയ്‌തേക്കാമെന്നാണ് സൂചന. മുമ്പ് നടന്ന സ്‌ഫോടനങ്ങളില്‍ മുന്നറിയിപ്പും ഫോണ്‍ വഴിയുള്ള ഭീഷണിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭാവി പരിപാടികളും എന്തിന് സ്‌ഫോടനം നടത്തി എന്ന് പറയുന്ന ദൃശ്യങ്ങളും പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. ബെയ്‌സ് മൂവ്‌മെന്റ് എന്ന സംഘടന ഉണ്ടെന്നുള്ളതിന് പോലും പോലീസിനോ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കോ തെളിവ്‌പോലും ലഭിച്ചിട്ടില്ല. മറ്റാരെങ്കിലും ഈ പേരില്‍ സന്ദേശവും പെന്‍ഡ്രൈവും ഉണ്ടാക്കിയാതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ വിവിധ സ്‌ഫോടനങ്ങള്‍ നടത്തി ഒരു പ്രത്യേക സമുദായക്കാരെ പ്രതികളാക്കി ജയിലലടച്ച ശേഷം അന്വേഷണത്തിലും കുറ്റസമ്മതത്തിലും ഫാസിസ്റ്റുകളാണെന്ന് കണ്ടെത്തിയ സംഭവങ്ങളുടെ തുടര്‍ച്ചയാണോ മലപ്പുറം സ്‌ഫോടനം  എന്ന സംശയവും ചില വൃത്തങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരേ ദിശയില്‍ മാത്രം അന്വേഷണം പുരോഗമിക്കുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമോ എന്ന ആശങ്കയും ജില്ലക്കാര്‍ക്കുണ്ട്.
അന്വേഷണസംഘത്തിലെ ചില സിഐമാര്‍ വാര്‍ത്താമാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പെന്‍ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ എന്ന നിലയില്‍ അവാസ്തവമായ കാര്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് ആരോപണം. ഐജിയും കലക്ടറും അന്വേഷണ സംഘ തലവനും അറിയില്ലെന്ന് പറയുന്ന കാര്യങ്ങളാണ് അന്വേഷണ സംഘാംഗമായ സിഐ പുറത്തുവിടുന്നത്. എന്‍ഐഎ പോലും ഇക്കാര്യങ്ങള്‍ അറിയില്ലെന്നാണ് പറയുന്നത്. മലപ്പുറത്തെയും ജനങ്ങളെയും ഭീതിയിലാക്കാനാണ് സ്‌ഫോടനവും തുടര്‍ പ്രചരണങ്ങളെന്നുമെന്ന് തെളിഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ട് കാലമായി മലപ്പുറം ജില്ലക്കെതിരെ സംഘടിത ദുഷ്പ്രചരണം തന്നെ നടക്കുന്നുണ്ട്. ജില്ലാ രൂപീകരണം മുതല്‍ ആരംഭിച്ച പ്രചരണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. മലപ്പുറം ജില്ലയിലെ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ആള്‍ക്കെതിരെയും ശശികല ടീച്ചര്‍ക്കെതിരെയും കേസുകള്‍ വന്ന ഉടനെയാണ് സ്‌ഫോടനമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലെയും തീപിടുത്ത കേസുകളിലെയും അന്വേഷണം എവിടെയും എ്ത്താത്തതും സംശായസപദമാണ്. മലപ്പുറത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തടയാനുള്ള ശ്രമം കൂടി സ്‌ഫോടനത്തിന് പിന്നിലുണ്ട്. അന്വേഷണ സംഘത്തിന്റെ നിഗമനങ്ങള്‍ എട്ടംഗ സംഘത്തിലേക്കാണ് നീളുന്നതെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ഇതെത്രത്തോളം വിശ്വസിക്കാനാവുമെന്ന് പറയാനാകില്ല. മലയാളികള്‍ ആണോ പ്രതികളെന്ന ചോദ്യത്തിന് പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും മറുപടിയില്ല.മുന്‍വിധികളോടെയുള്ള അന്വേഷണം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് മലപ്പുറത്തെ ജനങ്ങള്‍.സ്‌ഫോടനം കഴിഞ്ഞ് നാലാം നാള്‍ ആയിട്ടും ആരെയും പിടികൂടാത്തതില്‍ കടുത്ത നിരാശയും അവര്‍ക്കുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss