|    Jul 17 Tue, 2018 1:34 pm
FLASH NEWS

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന് മരണമണി മുഴങ്ങുന്നു

Published : 6th September 2017 | Posted By: fsq

 

മലപ്പുറം: ഒരു കാലത്ത് രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചിരുന്ന മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടലിന്റെ വക്കില്‍. ഇതിന്റെ തുടക്കമെന്നോണം ജീവനക്കാരെ സ്ഥലം മാറ്റികൊണ്ടിരിക്കുകയാണ്. നിലവില്‍ ഓഫിസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുംവിധം ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനിടക്കാണ് ഉള്ള ജീവനക്കാരെകൂടി സ്ഥലം മാറ്റുന്നത്. അതേസമയം, മലപ്പുറം മൂന്നാംപടിയില്‍ പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് സേവാകേന്ദ്രം  തുടര്‍ന്നും പ്രവര്‍ത്തിക്കും. മലപ്പുറത്തെ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസുമായി ലയിപ്പിക്കാനാണു നീക്കം നടക്കുന്നത്. ഇതോടെ മലപ്പുറത്തുകാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസമെടുക്കും. നിലവില്‍ നോര്‍മല്‍ അപേക്ഷകളാണെങ്കില്‍ പോലും ഒരു മാസത്തിനിടക്ക് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇനി അത് ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നാണു ട്രാവല്‍സുകാര്‍ പറയുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കലും തുടര്‍ന്നുള്ള നടപടികളും ഓണ്‍ലൈനാക്കിയതോടെ അപേക്ഷകര്‍ക്ക് സേവാകേന്ദ്രത്തിലെത്തിയാല്‍ മതി. അപേക്ഷകള്‍ പരിശോധിക്കുന്നതും ഫോട്ടോ എടുക്കലും തുടര്‍ന്നുള്ള എല്ലാ നടപടികളും മൂന്നാംപടിയിലുള്ള സേവാകേന്ദ്രത്തിലാണു നടക്കുന്നത്. അപേക്ഷകളിലുള്ള അന്വേഷണം നടത്തുന്നത് പോലിസാണ്. അന്വേഷണത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമെ പാസ്‌പോര്‍ട്ട് ഓഫിസിനെ സമീക്കേണ്ടതൊള്ളു. ഇതിനു മാത്രമായി പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നാണ് അധികൃതരുടെ പക്ഷം. നിലവില്‍ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്യുകയും സീലടിക്കുകയും ചെയ്യുന്ന ജോലികള്‍ മാത്രമാണു പാസ്‌പോര്‍ട്ട് ഓഫിസില്‍ നടക്കുന്നത്. ഇക്കാര്യങ്ങള്‍ക്ക് കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കുന്നതോടെ കാലതാമസം നേരിടും. 2006ല്‍ ആണു മലപ്പുറം – പാലക്കാട് ജില്ലകള്‍ക്കായി മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് കിഴക്കേതലയില്‍ ആരംഭിച്ചത്. ഇതോടെ പാസ്‌പോര്‍ട്ടിന് മാസങ്ങള്‍ കാത്തിരിക്കേണ്ട ബുദ്ധിമുട്ട് മലപ്പുറത്തുകാര്‍ക്ക് ഇല്ലാതായിരുന്നു. പാലക്കാട് ജില്ലയെ കൊച്ചി പാസ്‌പോര്‍ട്ട് ഓഫിസുമായും ലയിപ്പിച്ചതും മലപ്പുറത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കി. ഒരു ജില്ലക്ക് മാത്രം ഒരു പാസ്‌പോര്‍ട്ട് ഓഫിസിന്റെ ആവശ്യമില്ലെന്ന ന്യായീകരണവും അധികൃതര്‍ നിരത്തുന്നു. നിലവില്‍ മലപ്പുറത്തേതു മാത്രമാണ് ഒരു ജില്ലക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓഫിസ്. എന്നാല്‍ രണ്ടു ജില്ലകള്‍ കൂടിയത്ര ജനസംഖ്യ ജില്ലയിലുണ്ടെന്നും ഏറ്റവും കൂടതല്‍ പ്രവാസികളുള്ളതും ജോലിക്കായി ഗള്‍ഫിലേക്ക് കൂടുതല്‍ പേര്‍ യാത്രയാകുന്നതും മലപ്പുറം ജില്ലയില്‍ നിന്നാണെന്നതും പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള കാരണങ്ങല്‍ നിരത്തുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മറന്നുപോകുന്നു. പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാരുടെ കുറവും അടച്ച് പൂട്ടലിനുള്ള കാരണമായി പറയുന്നു. നിലവില്‍ വാടക കെട്ടിടത്തിലാണു പോസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും കോഴിക്കോട് ഓഫിസുമായി ലയിപ്പിക്കുന്നതോടെ ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. മഹാരാഷ്ട്രയിലെ താനെ ഓഫിസ് മുബൈ പാസ്‌പോര്‍ട്ട് ഓഫിസുമയി കഴിഞ്ഞ 21 ന് ലയിപ്പിച്ചിരുന്നു. ഇതേ രൂപത്തില്‍ മലപ്പുറത്തെ കോഴിക്കോടുമായി ലയിപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss