|    Nov 19 Mon, 2018 8:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലപ്പുറം: നഷടമായത് 24 ജീവനുകള്‍

Published : 18th August 2018 | Posted By: kasim kzm

മലപ്പുറം: കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും മലപ്പുറം ജില്ലയില്‍ നഷടമായത് 24 ജീവനുകള്‍. ജില്ലയുടെ താഴ്ന്നപ്രദേശങ്ങളെയും തീരദേശത്തെയും വെള്ളപ്പൊക്കവും ബാധിച്ചു. മലമ്പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിന്റെ ഭീതിയിലാണ്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 39 ഇടത്ത് ഉരുള്‍പൊട്ടി.
ബുധനാഴ്ച ചെറുകാവ് പഞ്ചായത്തിലെ പൂച്ചാലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പെരിങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് കുടുംബാംഗങ്ങളും സമീപവാസികളും അടക്കം ഒമ്പതുപേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ ഓടക്കയം ആദിവാസി മേഖലയായ നെല്ലായിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരിച്ചു. നിലമ്പൂരിനു സമീപം ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. മങ്കട തിരൂര്‍ക്കാട് സ്‌കൂള്‍പ്പടിയില്‍ നിര്‍മാണത്തിനിടെ ടൗണ്‍ ജുമാമസ്ജിദിന്റെ ഖുബ്ബ തകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. എടവണ്ണ കൊളപ്പാട് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് യുവതി മരിച്ചു. ഇന്നലെ മറ്റത്തൂരില്‍ ദുരിതാശ്വാസ കാംപില്‍ കഴിയുകയായിരുന്ന 70കാരന്‍ മരിച്ചു.
മഴ കുറഞ്ഞെങ്കിലും പലയിടത്തുനിന്നും വെള്ളകെട്ട് ഇനിയും നീങ്ങിയിട്ടില്ല. ഇരുനില വീടുകള്‍ വരെ മുഴുവനായും വെള്ളത്തില്‍ മുങ്ങി. ഗ്രാമപ്രദേശങ്ങളിലേക്കുള്ള മിക്ക റോഡുകളും തകര്‍ന്നു. വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ചിലയിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചു. ചാര്‍ജില്ലാതെ അധിക പേരുടെയും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി തുടരുകയാണ്. മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ പല സമയങ്ങളിലായി നിശ്ചലമായി.
മലയോര മേഖലകളെല്ലാം ഒറ്റപ്പെട്ടുകിടപ്പാണ്. ശക്തമായ ഉരുള്‍പൊട്ടലാണ് മലയോര മേഖലകളിലുണ്ടായത്. നാടുകാണിയില്‍ ഇന്നലെയും ഉരുള്‍പ്പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തിന്റെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയില്‍ പെട്ടതോടെ ജില്ലയില്‍ ആകെ നിശ്ചലാവസ്ഥയായി. വ്യാപാര മേഖലയും പൂര്‍ണമായും സ്തംഭിച്ചു. നഗരങ്ങളില്‍ നാമമാത്രമായ കടകള്‍ മാത്രമാണ് തുറന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss