|    Jan 22 Mon, 2018 11:46 am

മലപ്പുറം നഗരസഭയില്‍ 25 പദ്ധതികള്‍ക്ക് അനുമതിയില്ല

Published : 11th January 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറം നഗരസഭയില്‍ 25 പ്രധാന പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചില്ല. വാര്‍ഷിക പദ്ധതി പൂര്‍ത്തീകരിക്കാന്‍ രണ്ടരമാസം ബാക്കിയിരിക്കെയാണ് 25 പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്.
മലപ്പുറം താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് പുനരുദ്ധാരണം, പാണക്കാട് പൊതു കിണര്‍ നന്നാക്കല്‍, വലിയതോടില്‍ തടയണ നിര്‍മാണം, കോട്ടപ്പടി ജിഎല്‍പിഎസ് ചുറ്റുമതില്‍ പുനര്‍നിര്‍മാണം, താലൂക്കാശുപത്രി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, വലിയവരമ്പ്, ഹാജിയാര്‍പ്പള്ളി കുടിവെള്ള പദ്ധതി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, നഗരസഭാ ലൈബ്രറി ശൗചാലയ നിര്‍മാണം, കാളമ്പാടി പട്ടികജാതി കോളനി മലിനീകരണ നിര്‍മാര്‍ജനം, കലക്ടര്‍ ബംഗ്ലാവ് മുതല്‍ കോട്ടപ്പടി കിഴക്കേതല ജങ്ഷന്‍ വരെ തെരുവു വിളക്കു സ്ഥാപിക്കല്‍ വിവിധ ആങ്കണവാടികളുടെ അറ്റക്കുറ്റ പണികള്‍ തുടങ്ങിയ പ്രധാന നിര്‍മാണ പ്രവര്‍ത്തികളാണ് ലാപ്‌സായത്.
വേണ്ടത്ര പഠിക്കാതെ നടത്തിയ പ്രവര്‍ത്തനം മൂലമാണ് നഗരസഭക്ക് ഭീമമായ ഫണ്ട് നഷ്ടമാക്കാനിടയാക്കുന്നത്. ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ക്ക് സ്ഥലം പോലും കണ്ടെത്താതെയാണ് പദ്ധതി തയ്യാറാക്കിയത്. അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍പോലും സാധ്യമാകാത്ത രീതിയില്‍ പദ്ധതി രേഖ സമര്‍പ്പിച്ച് അംഗീകാരം നേടാനുള്ള ശ്രമം വിനയാവുകയായിരുന്നു. 2016 – 2017 വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇനി രണ്ടരമാസം കൂടിയെ ബാക്കിയൊള്ളുവെന്നിരിക്കെ നഗരസഭക്ക് പദ്ധതി തുക നഷ്ടമാവുകയായിരിക്കും ഫലം.
ഈ സാമ്പത്തിക വര്‍ഷം 38.86 ശതമാനം ഫണ്ടാണ് ഇതുവരെ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. ഒട്ടേറെ റോഡ് നിര്‍മാണ പ്രവര്‍ത്തികളടക്കം വരും മാസങ്ങളില്‍ നടക്കുമെന്നതിനാല്‍ 85 ശതമാനം ഫണ്ട് ചെലവഴിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. 418 പദ്ധതികളാണ് നഗരസഭ നടപ്പിലാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് പണിപൂര്‍ത്തീകരിക്കേണ്ടതുണ്ട്.
2018 – 2019 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള വര്‍ക്കിങ് കമ്മിറ്റി യോഗം 27ന് മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേരും. കോട്ടക്കുന്ന് പാര്‍ക്ക് സംബന്ധിച്ച് കേസ് നടത്താന്‍ മുതിര്‍ന്ന വക്കീലിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളാണ് ഇക്കാര്യത്തിലുള്ളതെന്ന് നഗരസഭക്ക് വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ 392 പേരുടെ പട്ടികയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. ഭൂരഹിത ഭവന രഹിതര്‍ 515 പേര്‍ വേറെയുമുണ്ട്. മൊത്തം 907 പേരാണ് വീടില്ലാത്തവരായി ഉള്ളത്. വാര്‍ഡ് സഭകള്‍ ചേര്‍ന്ന് ഏറ്റവും അര്‍ഹരായവര്‍ക്കാണു വീട് നിര്‍മിച്ചു നല്‍കുക.
കോട്ടപ്പടി റൗണ്ട് സൗന്ദര്യ വല്‍ക്കരണം നിലച്ചതും നഗരസഭ വലിയ തുക ചെലവാക്കി നന്നാക്കിയ വലിയതോടിലൂടെ മാലിന്യം ഒഴുക്കുന്നതും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കുന്നുമ്മല്‍ മഞ്ചേരി റോഡിലെ അഴുക്കുചാലുകള്‍ വഴി മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി കുറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനാവുന്നില്ലെന്ന ആരോഗ്യ വിഭാഗത്തിന്റെ മറുപടിയില്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് ശക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല നിര്‍ദ്ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day