|    Oct 24 Tue, 2017 1:30 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധി

Published : 19th March 2017 | Posted By: fsq

എനിക്ക് തോന്നുന്നത്

ഇര്‍ഷാദ്, മൊറയൂര്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതുമായ ജില്ല മലപ്പുറമാണ്. എന്നാല്‍, പഠിക്കാന്‍ സീറ്റില്ലാതെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്തിരിക്കുന്ന ജില്ലയും മലപ്പുറം തന്നെ. സംസ്ഥാനത്ത് ആകെ 4,58,494 വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ സിലബസില്‍ ഈ വര്‍ഷം പരീക്ഷയെഴുതുന്നത്. ഇതിന്റെ 17 ശതമാനവും മലപ്പുറം ജില്ലയിലാണ്. ഏകദേശം 90,000ന് മുകളില്‍ കുട്ടികള്‍ മലപ്പുറം ജില്ലയില്‍ നിന്നു പരീക്ഷയെഴുതുന്നവരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയശതമാനം വച്ചു നോക്കുമ്പോള്‍ 86,000 ഓളം കുട്ടികള്‍ക്ക്് മലപ്പുറം ജില്ലയില്‍ ഉപരിപഠനസൗകര്യം ഒരുക്കേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇത് 82,000 ആയിരുന്നു. ഇത്രയും കുട്ടികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ 26,270 സീറ്റും എയ്ഡഡ് മേഖലയില്‍ 16,350 സീറ്റും ഉള്‍പ്പെടെ 42,600 സീറ്റാണ് മലപ്പുറം ജില്ലയിലുള്ളത്. അതായത് 40,400 കുട്ടികള്‍ക്ക് മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് സൗകര്യമില്ല. സര്‍ക്കാര്‍-എയ്ഡഡ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികള്‍ പിന്നെ ആശ്രയിക്കുക ഓപണ്‍ സ്‌കൂളുകളെയാണ്. പരീക്ഷാ സെന്ററുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കുമെന്നല്ലാതെ മറ്റാനുകൂല്യങ്ങളൊന്നും ഓപണ്‍ സ്‌കൂളിലെ കുട്ടികള്‍ക്കു ലഭിക്കുന്നില്ല. അവര്‍ ഉയര്‍ന്ന ഫീസ് നല്‍കി തന്നെ പഠിക്കണം. അണ്‍ എയ്ഡഡ് സീറ്റുകളും ജില്ലയിലെ പോളി-ഐടിഐ ഉള്‍പ്പെടെയുള്ള മറ്റു സംവിധാനങ്ങളും പരിഗണിച്ചാല്‍ മറ്റു ജില്ലകളിലെ സീറ്റില്ലാത്ത പ്രശ്‌നത്തിന് ഏകദേശ പരിഹാരമാവുമെങ്കിലും മലപ്പുറം ജില്ലയില്‍ 22,500 കുട്ടികള്‍ക്ക് യാതൊരു മാര്‍ഗവുമുണ്ടാവില്ല. തിരുവനന്തപുരത്ത് 42,638 കുട്ടികള്‍ക്ക് 36,544ഉം കൊല്ലത്ത് 39,054 പേര്‍ക്ക് 31,079ഉം പത്തനംതിട്ടയില്‍ 18,063 പേര്‍ക്ക് 13,507ഉം എറണാകുളത്ത് 45,752 പേര്‍ക്ക് 38,098ഉം തൃശൂരില്‍ 45,752 പേര്‍ക്ക് 32,855 സീറ്റുമുണ്ട്. അവിടെയൊക്കെ വളരെ കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സീറ്റില്ലാതെ വരുക. എന്നാല്‍, മലപ്പുറത്തിന്റെ സ്ഥിതി അതല്ല.ഇതിനു പരിഹാരം ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങുകയോ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തുകയോ ആണ്. പക്ഷേ, ആനുപാതികമായി നോക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ സ്‌കൂളുകളുടെ എണ്ണവും ഏറ്റവും കുറവാണ്. 246 സ്‌കൂളുകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 86 സ്‌കൂളുകളാണുള്ളത്. എന്നാല്‍, തെക്കന്‍ ജില്ലകളില്‍ ഇത്ര കുട്ടികള്‍ പഠിക്കാനില്ലാത്ത തിരുവനന്തപുരത്ത് 178, കൊല്ലത്ത് 137, എറണാകുളത്ത് 209, തൃശൂര്‍ 204 സ്‌കൂളുകള്‍ വീതമുണ്ട്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 7,18,768 കുട്ടികളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇവര്‍ക്ക് ആകെയുള്ളതാവട്ടെ നാല് വിദ്യാഭ്യാസ ജില്ലകളും. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണിത്. കാലങ്ങളായുള്ള ആവശ്യമാണ് വിദ്യാഭ്യാസ ജില്ല, ഉപജില്ലകള്‍ വിഭജിക്കണമെന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളജുകളും മതിയായ എണ്ണം ജില്ലയിലില്ല. സര്‍ക്കാര്‍ മേഖലയില്‍ വിരലിലെണ്ണാവുന്ന കോളജുകള്‍ മാത്രമാണ് മലപ്പുറത്തുള്ളത്. ഉയര്‍ന്ന ഗുണനിലവാരമുള്ള, ജോലിസാധ്യത കൂടിയ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലപ്പുറത്തെ വിദ്യാര്‍ഥികള്‍.  മലപ്പുറത്ത് ആരംഭിച്ച ഇഫ്‌ലു കാംപസ് ഇന്ന് ഓര്‍മ മാത്രമായി മാറി. പെരിന്തല്‍മണ്ണയിലെ അലിഗഡ് കാംപസ് മുട്ടിലിഴയുകയുമാണ്. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രമുള്ള പ്രഖ്യാപനങ്ങളല്ല മലപ്പുറത്തിന് ആവശ്യം. നിലവിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കുട്ടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെങ്കിലും മലപ്പുറത്തെ വിദ്യാഭ്യാസപുരോഗതിക്ക് ആവശ്യം ദീര്‍ഘകാല, വ്യവസ്ഥാപിത പദ്ധതികളാണ്. അതിന് കൊടിനിറം മാറ്റിവച്ച് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക