|    Mar 24 Fri, 2017 1:34 am
FLASH NEWS

മലപ്പുറം ഉപതിരഞ്ഞെടുപ്പ്‌ : സജീവമാവാന്‍ എംഎല്‍എമാര്‍ക്ക് എല്‍ഡിഎഫ് നിര്‍ദേശം

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഭരണച്ചുമതലയില്ലാത്ത എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ഉത്തരവാദിത്തങ്ങളേറ്റെടുത്ത് സജീവമായി രംഗത്തുണ്ടാവണമെന്ന് എല്‍ഡിഎഫ് യോഗം നിര്‍ദേശിച്ചു. പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലുമായി 61 എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റികളുണ്ടാക്കും. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതലയുണ്ടാവും. ഏപ്രില്‍ ഒന്നുമുതല്‍ 9 വരെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ മുഴുവന്‍ സമയവുമുണ്ടാവണം. തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട രാഷ്ട്രീയപോരാട്ടമായി ഏറ്റെടുക്കാനാണ് തീരുമാനം. ഫാഷിസ്റ്റ് ശക്തിയായ ബിജെപിയുടെ ഒന്നാംനമ്പര്‍ ശത്രു ഇടതുപക്ഷമാണെന്ന പ്രചാരണം പ്രധാനമായും ഉയര്‍ത്തിക്കാട്ടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതും ഉയര്‍ത്തിക്കാട്ടും. മതേതര താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീതയ്‌ക്കെതിരേ പോരാടേണ്ടതിന്റെ ആവശ്യകത ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിശദീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ യോഗത്തിനുശേഷം വ്യക്തമാക്കി. ഇതിന് ജനം അവരുടെ അഭിപ്രായം രേഖപ്പെടുത്തും. മലപ്പുറം തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കും ഇതേ അര്‍ഥം തന്നെയാണുള്ളത്.  മതേതര താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരെ മണ്ഡലത്തിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക