|    Apr 21 Sat, 2018 11:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മലപ്പുറം ഉപതിരഞ്ഞെടുപ്പ് : ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം യുവാക്കളെ ലക്ഷ്യം വച്ച്

Published : 20th March 2017 | Posted By: fsq

 

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരേ പുതുമുഖത്തെ രംഗത്തിറക്കി സിപിഎം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ലക്ഷ്യംവെയ്ക്കുന്നത് യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍. യൂത്ത്‌ലീഗും യൂത്ത് കോണ്‍ഗ്രസ്സും പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളെ അവഗണിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിനെ ഉപതിരഞ്ഞെടുപ്പില്‍ പരിഗണിച്ച് പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്് ഇടതുപക്ഷം. വോട്ടര്‍മാര്‍ക്കിടയില്‍ അത്ര പരിചിതനല്ലെങ്കിലും യോഗ്യനായ യുവാവിനെയാണ് പാര്‍ട്ടി മല്‍സരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് നേതാക്കളുടെ വാദം. എം ബി ഫൈസല്‍ എല്ലാം തികഞ്ഞ സ്ഥാനാര്‍ഥിയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. യുവാക്കള്‍ രംഗത്തിറങ്ങി ഫൈസലിനുവേണ്ടി കനത്ത മല്‍സരം തന്നെ കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. സിപിഎമ്മിന് പുറമെ ഡിവൈഎഫ്‌ഐ മുഴുവന്‍ സംഘടനാ ശേഷിയും മലപ്പുറത്ത് വിനിയോഗിക്കും. പാലക്കാട്ട് വി എസ് വിജയരാഘവനെ അട്ടിമറിച്ച എ വിജയരാഘവന്റെ വിജയമാണു സഖാക്കള്‍ ഉദാഹരിക്കുന്നത്. ജില്ലാ സെക്രേട്ടറിയറ്റിന്റെ എതിര്‍പ്പ് മറികടന്നാണു  ഫൈസലിന് സ്ഥാനാര്‍ഥിത്വം വീണുകിട്ടിയത്. ആര്‍ക്കും എതിരഭിപ്രായം പറയാനില്ലെന്നതാണ് ഫൈസലിന്റെ പ്ലസ് പോയിന്റായി നേതൃത്വം എടുത്തുപറയുന്നത്.  കരുത്തനായ നേതാവിനെ വാര്‍ത്തെടുക്കാനുള്ള അവസരംകൂടിയായി  തിരഞ്ഞെടുപ്പിനെ സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ഭൂരിപക്ഷം കുറച്ചാല്‍ തന്നെ ജയിച്ചതിന്റെ മേനിയാണെന്ന് അവര്‍ മുന്‍കൂട്ടി പറയുന്നുണ്ട്. മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഫൈസലിന്റെ പേരുണ്ടായിരുന്നില്ല. ശനിയാഴ്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നപ്പോഴും എടപ്പാളുകാരനായ അഭിഭാഷകന്റെ പേര് പരിഗണിച്ചിരുന്നില്ല. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസിന്റേതായിരുന്നു ആദ്യം പേര്. എന്നാല്‍ ജയ സാധ്യതയില്ലാത്ത സീറ്റില്‍ അഖിലേന്ത്യാ നേതാവിനെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നു. പിന്നീട് മുന്‍മന്ത്രി ടി കെ ഹംസ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി കെ റഷീദലി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജില്ലാ പഞ്ചായത്തംഗം ഐ ടി നജീബ് എന്നിവരെയായിരുന്നു. പ്രായാധിക്യവും അനാരോഗ്യവും ഹംസയ്ക്ക് വിനയായപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍  1,500 വോട്ടുകള്‍ക്കു പരാജയപ്പെട്ട റഷീദലിയെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ അടുത്ത തവണ മങ്കടയില്‍ അട്ടിമറിവിജയം നേടാനാവുമെന്ന പ്രതീക്ഷയില്‍ അദ്ദേഹവും മാറ്റിനിര്‍ത്തപ്പെട്ടു. സാനുവിന് ഇനിയും അവസരമുണ്ടെന്നു പറഞ്ഞും ഒഴിവാക്കി. യുവാക്കളെ സ്വാധീനിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഫൈസലാണ് നല്ലതെന്ന ചര്‍ച്ച വന്നതോടെ മുന്‍ധാരണകള്‍ മാറുകയായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും കോടിയേരി ഫൈസല്‍ തന്നെ സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പാലോളിയുടെ പിന്തുണയും ഈ തീരുമാനത്തിനുണ്ടായിരുന്നു. പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മറ്റ് പോഷക സംഘടനകളും ഒന്നിച്ച് രംഗത്തിറങ്ങി  കനത്ത മല്‍സരംതന്നെ കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടി നേതൃത്വം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss