|    Dec 19 Tue, 2017 12:12 am
FLASH NEWS

മലപ്പുറം ഇനി സമ്പൂര്‍ണ ശുചിത്വ മുറിയുള്ള ജില്ല

Published : 17th October 2016 | Posted By: Abbasali tf

മലപ്പുറം: ജില്ലയിലെ മുഴുവന്‍ വീടുകളിലും ശുചിത്വ മുറിയുള്ളതായി തദ്ദേശസ്വയം ഭരണ മന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്. ഈ പഞ്ചായത്തുകള്‍ ഒക്‌ടോബര്‍ 15 ഓടെ ശുചിത്വമുറി നിര്‍മിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വിഇഒ, റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ഹൈദരലി എന്നിവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ശുചിത്വമുറി നിര്‍മിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ 12,011 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ 13 ഗ്രാമപ്പഞ്ചായത്തുകളിലെ 51 പട്ടികവര്‍ഗ കോളനികളിലായി 645 ശുചിത്വമുറിയില്ലാത്ത കുടുംബങ്ങളെയും തീരദേശ മേഖലയിലെ 7 ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്ന് 564 മല്‍സ്യതൊഴിലാളി കുടുംബങ്ങളെയും കണ്ടെത്തി. സര്‍വെയില്‍ കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുചിത്വമുറി നിര്‍മിച്ചു നല്‍കിയതോടെയാണ് ജില്ലയെ സമ്പൂര്‍ണ്ണ ഒഡിഎഫായി മന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇതുവരെ 10 ജില്ലകളില്‍ ഒഡിഎഫ് പ്രഖ്യാപനം നടന്നിട്ടുണ്ട്. ആദ്യം പ്രഖ്യാപനം നടത്തിയത് തൃശൂര്‍ ജില്ലയായിരുന്നു, കൊല്ലം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളാണ് പ്രഖ്യാപനം കാത്തിരിക്കുന്നത്. നവംബര്‍ ഒന്നാം തിയ്യതിയാണ് സംസ്ഥാനം സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണം ഉണ്ടായാല്‍ മാത്രമേ വേസ്റ്റ് മാനെജ്‌മെന്റ് സിസ്റ്റം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ഓരോ 5 കി.മീറ്ററിനും ഇടയില്‍ ചെക്ക് ഡാമുകള്‍ നിര്‍മിച്ചാല്‍ മാത്രമേ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയുള്ളൂവെന്നും സംസ്ഥാനത്ത് കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിക്ക് അടുത്തമാസം തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എടപ്പാളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍,  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാസര്‍, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ കെ പി ഹൈദരലി, പിഎയു പ്രൊജക്ട് ഡയറക്ടര്‍ പി സി ബാലഗോപാലന്‍, എഡിസി(ജനറല്‍) പ്രീതിമേനോന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss