|    Oct 24 Wed, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം : വടക്കന്‍ കേരളം കുതിക്കും

Published : 10th May 2017 | Posted By: fsq

 

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍, അതു വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിലെ നാഴികക്കല്ലാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 300 കോടി രൂപയാണ് പദ്ധതി ചെലവു കണക്കാക്കുന്നത്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും അവിടത്തെ കലാരൂപങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതിയാണ് ഇത്. നദികളിലൂടെ 197 കിലോമീറ്റര്‍ ബോട്ട് യാത്ര ചെയ്ത് ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷതയോടെ സഞ്ചാരികളെ സ്വീകരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഈ പദ്ധതിയുടെ വിശദമായ രേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് അവലോകനയോഗത്തില്‍ തീരുമാനമെടുത്തു. മുസിരിസ് മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശീതികരിച്ച വിനോദസഞ്ചാര ബോട്ടുകളാണ് മലബാര്‍ ക്രൂയിസ് പദ്ധതിയില്‍ ഉപയോഗിക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ബയോ ടോയ്‌ലറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ഹോംസ്‌റ്റേ സൗകര്യം ഒരുക്കുന്നതിനും മറ്റുമായി തദ്ദേശവാസികള്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളെന്ന നിലയില്‍ മൂന്ന് ദ്വീപുകളെ മലബാര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമാക്കും. സുല്‍ത്താന്‍ കനാലിന്റെ ആഴം കൂട്ടുന്നതിന് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. മലബാര്‍ ക്രൂയിസ് പദ്ധതി മേഖലയിലെ എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, എം രാജഗോപാല്‍, സി കൃഷ്ണന്‍ എന്നിവരും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, ടൂറിസം ഡയറക്ട ര്‍ ബാലകിരണ്‍ ഐഎഎസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss