|    Feb 22 Wed, 2017 11:56 pm
FLASH NEWS

മലനാടിന്റെ മണിയാശാന് ചരിത്ര നിയോഗം

Published : 21st November 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: മലനാടിന്റെ മണിയാശാന്‍ 72ാം വയസ്സില്‍ മന്ത്രിപദത്തിലേക്കെത്തുമ്പോള്‍ അത് ഇടുക്കിക്ക് പുതിയ ചരിത്രമാവും. മന്ത്രിക്കസേരയിലെത്തുന്ന ഇടുക്കിയിലെ ആദ്യ പാര്‍ട്ടി നേതാവ് എന്നതാണ് അത്. എം ജിനദേവന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടായെങ്കിലും അധികാരത്തിന്റെ ഉന്നതങ്ങളിലെത്താന്‍ അവര്‍ക്കൊന്നുമായില്ല. എന്നാല്‍, ആദ്യമായി
എംഎല്‍എ ആയ എം എം മണിയെന്ന സിപിഎമ്മിന്റെ ഇടുക്കിയിലെ നാട്ടുരാജാവിന് മന്ത്രിയാകാനും കാലം വഴിയൊരുക്കിക്കൊടുത്തു. തിരഞ്ഞെടുപ്പുവേളയില്‍ത്തന്നെ മണിയാശാന്‍ മന്ത്രിസഭയിലുണ്ടാവുമെന്നു മണ്ഡലത്തില്‍ സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതില്ലാതെവന്നതോടെ ജില്ലയിലെ സിപിഎം തെല്ലു നിരാശയിലുമായിരുന്നു.
ഹൈറേഞ്ചില്‍ നിന്നു 47 വര്‍ഷത്തിനു ശേഷമാണ് ഒരു മന്ത്രിയെ ലഭിക്കുന്നത്. 1969ല്‍ സിപിഐയുടെ കെ ടി ജേക്കബ് മന്ത്രിയായിട്ടുണ്ട്. സിനിമാ തിരക്കഥയ്ക്കു സമാനമാണ് എം എം മണിയെന്ന സിപിഎം നേതാവിന്റെ ജീവിതം. കയറ്റങ്ങളും ഇറക്കങ്ങളും അറസ്റ്റും ജയില്‍വാസവും വിവാദങ്ങളുമെല്ലാം ഇഴചേര്‍ന്ന് സംഭവബഹുലം.
കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ 1944 ഡിസംബര്‍ 12ന് ജനനം. മുണ്ടയ്ക്കല്‍ തറവാട്ടില്‍ മാധവന്‍- ജാനകി ദമ്പതികളുടെ 10 മക്കളില്‍ ഒന്നാമന്‍. പിതാവ് ഷാപ്പ് തൊഴിലിനൊപ്പം അമ്പലങ്ങളിലെ ശാന്തിപ്പണിയും ചെയ്തിരുന്നു. ആ ജോലിയാണ് എം എം മണിയും കുടുംബവും ഇടുക്കിയിലെത്താന്‍ കാരണമായത്.
1958ലെ നിര്‍ണായകമായ ദേവികുളം ഉപതിരഞ്ഞെടുപ്പാണ് അന്ന് 14കാരനായിരുന്ന മണിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിനു കാരണമായത്. വാശിയേറിയ തിരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് 7,500 വോട്ടുകള്‍ക്കു വിജയിച്ചതോടെ പാര്‍ട്ടിയില്‍ മണിയും സജീവമായി. വിമോചനസമരത്തെ തുടര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷം നടന്ന എല്ലാ സമരങ്ങളിലും പങ്കെടുത്തു.
1966ല്‍ പാര്‍ട്ടിയില്‍ പൂര്‍ണ മെംബറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ കര്‍ഷകസംഘം താലൂക്ക് കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തതാണ് ആദ്യ പാര്‍ട്ടി ചുമതല. 1970ല്‍ ബൈസണ്‍വാലി ലോക്കല്‍ സെക്രട്ടറി, 1971ല്‍ രാജാക്കാട് ലോക്കല്‍ സെക്രട്ടറി, 76ല്‍ താലൂക്ക് സെക്രട്ടറിയും 1978ല്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും 1985ല്‍ ജില്ലാ സെക്രട്ടറിയുമായി. കഴിഞ്ഞ ജനുവരിയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. അതിനിടെയാണ് ഉടുമ്പഞ്ചോലയില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക