|    Dec 17 Mon, 2018 3:57 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മറ്റൊരു കാംപസ് രാഷ്ട്രീയ കൊലപാതകത്തിനപ്പുറം

Published : 18th July 2018 | Posted By: kasim kzm

പാഠഭേദം ജൂലൈ 2018 ലക്കത്തിലെ മുഖപ്രസംഗത്തില്‍ നിന്ന്:
നിഷ്ഠുരമായൊരു കൊലപാതകം നടന്നിരിക്കുന്നു. കേരളത്തിന്റെ ഒരു കാംപസിനകത്തു വച്ച് അഭിമന്യു എന്ന ദലിത് യുവാവിന്റെ ജീവന്‍ പൊലിഞ്ഞു. പ്രതിരോധം അപരാധമല്ല എന്നു തങ്ങളെ തന്നെ സ്വയം അടയാളപ്പെടുത്തുന്ന പോപുലര്‍ ഫ്രണ്ട്്, എസ്ഡിപിഐ, കാംപസ് ഫ്രണ്ട് എന്നീ സംഘടനകളാണ് പ്രതിസ്ഥാനത്ത്. ആ കൊലയെ നിരുപാധികം അപലപിച്ച കേരളീയ പൊതുമനസ്സാക്ഷിക്കൊപ്പം നില്‍ക്കുന്നു ഞങ്ങള്‍.
എന്നാല്‍, ഒരു കൊലപാതകത്തിനെതിരേ ഉയരുന്ന സ്വാഭാവികവും മാനുഷികവുമായ പ്രതികരണങ്ങളുടെ സാഹചര്യം ഉപയോഗപ്പെടുത്തി നടക്കുന്ന അന്തരീക്ഷസൃഷ്ടിയില്‍ കേരളത്തിന്റെ ജനാധിപത്യ ജാഗ്രത ഇടറിനില്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നു. സംഘടനാസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും റദ്ദ് ചെയ്യാനാവുന്ന ഒരു അന്തരീക്ഷനിര്‍മിതിക്ക് മലയാളിയുടെ പൊതുബോധം അരുനില്‍ക്കുകയാണോ? ഒരു കാംപസ് സംഘര്‍ഷ കൊലയ്ക്കപ്പുറത്തേക്കു കടന്നുചെല്ലുന്ന തരത്തില്‍ ഇസ്‌ലാമിക തീവ്രവാദവും ഭീകരതയും അടങ്ങിയിരിക്കുന്നു മഹാരാജാസിലെ അഭിമന്യു കൊലപാതകത്തില്‍ എന്ന കാര്യത്തില്‍ കേരളീയ പൊതുബോധത്തിന് സംശയമേയില്ല. കൊല നടത്തിയ രീതി, അതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്ന ആസൂത്രണം, അഭിമന്യുവിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എല്ലാം ചേര്‍ത്തുവച്ച് ആലോചിക്കുമ്പോള്‍, കേരളത്തിലുടനീളം അവ്യാഖ്യേയമായ ഒരുതരം ആരോപണവ്യഗ്രത ആഞ്ഞുവീശുകയാണ്. മുസ്‌ലിം ന്യൂനപക്ഷം ഒന്നടങ്കം കുറ്റബോധം നെഞ്ചാല്‍ താങ്ങേണ്ടിവരുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. അഭിമന്യുവിന്റെ കൊലയുടെ ശേഷാന്തരം ഈ ഭീതിയും അതുളവാക്കിയ സ്പര്‍ധയുമാണ്.
തീവ്രവാദത്തിനെതിരേ എന്ന പ്രതീതിയില്‍ സമൂഹം കൈമെയ് മറന്നു രംഗത്തിറങ്ങുമ്പോള്‍ സ്വാഭാവികമായും മറന്നുപോവുന്ന വസ്തുതകളുണ്ട്. കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യമിരിക്കട്ടെ, കാംപസ് സംഘട്ടനങ്ങളില്‍ നടക്കുന്ന കൊലകളും വളരെയധികം ആസൂത്രണം ചെയ്യപ്പെട്ട് പൂര്‍ത്തീകരിക്കുന്നവയാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിദ്യാര്‍ഥികള്‍ക്കെല്ലാം അതിനാവശ്യമായ മെഷിനറിയുണ്ട്. കൊലയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സംഘങ്ങളുണ്ട്. അര്‍ഥം നല്‍കാന്‍ പാര്‍ട്ടിയും അഭയം നല്‍കാന്‍ ഒളിത്താവളങ്ങളുമുണ്ട്. ഇത്തരം സംഘട്ടനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരാണ് പില്‍ക്കാലത്തു നേതാക്കളായി മാറുന്നത്. കാംപസുകള്‍ക്കകത്തും പുറത്തും ആസൂത്രിതമായി കൊന്നും ചത്തും നിലനില്‍ക്കുന്ന സംഘടനകളുടെ കാര്യത്തില്‍ കേരളത്തിന്റെ ‘കാരീയിങ് കപ്പാസിറ്റി’ അവസാനിച്ചു എന്നതാണ് ഈ പ്രതികരണ തീക്ഷ്ണത കാംപസ് ഫ്രണ്ടിനോടും അവരുടെ മാതൃസംഘടനയോടും പറയുന്നതെങ്കില്‍ അവരതു മുഖവിലയ്‌ക്കെടുക്കുകയാണു വേണ്ടത്. ഹിംസയുടെ ഇടം നിറഞ്ഞിരിക്കുന്നു. അവിടെ ന്യൂനപക്ഷത്തിനും ദലിതനും സൂചികുത്താന്‍ ഇടംകിട്ടില്ല എന്നല്ല, ഇല്ല. പ്രതിരോധത്തിന് മറ്റു വഴികള്‍ കണ്ടേ മതിയാവൂ. തികച്ചും ജനാധിപത്യപരമായ പ്രതിരോധത്തിന്റെ പുതിയ വഴികള്‍.
ഇപ്പോള്‍ ഉയര്‍ന്നുപതയുന്ന വികാരവിക്ഷോഭം ഹിംസയ്‌ക്കെതിരായാണോ മുസ്‌ലിംകള്‍ക്കെതിരായാണോ എന്നു പൊതുസമൂഹം ആത്മപരിശോധന നടത്തണം. എന്നാല്‍, മുസ്‌ലിമിനെ ഡിഫന്‍ഡ് ചെയ്യാന്‍ ഹിംസയെ ഡിഫന്‍ഡ് ചെയ്യേണ്ടിവരുന്നത് മുസ്‌ലിം = ഹിംസ എന്ന് സമവാക്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ന്യായീകരണമാവുക. ഇസ്്‌ലാമോഫോബിയയെ മറികടക്കേണ്ടത് അഹിംസയെ, അക്രമരാഹിത്യത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം. ഹിംസകൊണ്ട് ഹിംസയെ മറികടന്ന ഏതെങ്കിലും വിജയിച്ച ചരിത്രാനുഭവമില്ലല്ലോ.                                               ി

(കടപ്പാട്: പാഠഭേദം)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss