|    Dec 17 Sun, 2017 7:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

മറുപടി പറയാന്‍ മടിയുള്ള മോദി

Published : 10th January 2017 | Posted By: fsq

മുസ്തഫ കൊണ്ടോട്ടി

ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. തൃപ്തികരമായ ഉത്തരം കിട്ടുന്നതു വരെ അവ മനസ്സുകളെ മഥിച്ചുകൊണ്ടേയിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ മോദി നേരിടുന്നത് ഉത്തരം പറഞ്ഞോ വിശദീകരണക്കുറിപ്പുകള്‍ ഇറക്കിയോ അല്ല. മറിച്ച് രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും പരിഹസിച്ചുകൊണ്ടാണ്.ചോദ്യങ്ങള്‍ പാടില്ലെന്ന മോദിയുടെ ഈ നയം തന്നെയാണ് 21 ദിവസം കൂടിയ ലോക്‌സഭയുടെ ശൈത്യകാല സമ്മേളനം ഒരു വന്‍ പരാജയമായി അവസാനിക്കാന്‍ കാരണം. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ഉത്തരം കിട്ടാത്തതിന്റെ പേരിലായിരുന്നല്ലോ ഇത്തവണത്തെ ലോക്‌സഭാ ദിനങ്ങള്‍ ബഹളത്തില്‍ കലാശിച്ചത്. ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തിനുണ്ടാവാന്‍ പോവുന്ന വികാസത്തെക്കുറിച്ച് ലോക്‌സഭയ്ക്ക് പുറത്ത് മോദി നിരവധി പ്രകീര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍, എന്തുകൊണ്ട് പിന്‍വലിക്കല്‍ എന്നതിനെക്കുറിച്ച് ലോക്‌സഭയ്ക്കകത്ത് വിശദീകരണം നല്‍കാന്‍ മാത്രം മോദിക്ക് കഴിഞ്ഞില്ല.ഇന്ത്യയില്‍ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുത്തനല്ല. എന്നാല്‍, അത് മാന്യന്മാരുടേതാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അതുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെയും രാഹുല്‍ഗാന്ധിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും മമതയുടെയുമൊക്കെ ആരോപണപ്രത്യാരോപണങ്ങള്‍ രാജ്യം ആകാംക്ഷാപൂര്‍വം ശ്രവിക്കുന്നത്. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരേ ഹര്‍ഷദ് മേത്ത ഉന്നയിച്ച ആരോപണം ജനം തള്ളിയതും വിനീത് നാരായണ്‍ എന്ന ഉദ്യോഗസ്ഥന്‍ ഹവാല സംഭവം പുറത്തുകൊണ്ടുവന്നപ്പോള്‍ അത് ഉള്‍ക്കൊണ്ടതും ഈ മാന്യതയുടെ മാനദണ്ഡമുപയോഗിച്ചാണ്. മോദിക്കെതിരേ ആരോപണമുന്നയിച്ച രാഹുല്‍ഗാന്ധി ചില്ലറക്കാരനല്ല, കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ്. സഹാറ, ബിര്‍ള വ്യവസായ ഗ്രൂപ്പുകളില്‍നിന്നു മോദി 40 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാഹുല്‍ഗാന്ധി പരസ്യമായി പറഞ്ഞത്. വിശ്വാസം വരാനായി തിയ്യതികള്‍ വച്ചുള്ള തെളിവുകളും നല്‍കി. അതോടെ ഇന്ത്യയുടെ കാതുകള്‍ മറുപടിക്കായി മോദിയിലേക്കു തിരിഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം മോദി പരിഹസിക്കുകയാണ്. പരിഹാസം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളല്ല, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമല്ല. പരിഹാരങ്ങള്‍ക്കായുള്ള ഇത്തരം ശ്രമങ്ങള്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ. ഉത്തരം പറയാന്‍ കിട്ടാതാവുമ്പോഴാണ് ഇത്തരം കോപ്രായങ്ങള്‍ പുറത്തുവരുക. മോദിക്ക് എന്തോ ഒളിക്കാനുണ്ടെന്ന സൂചനയാണോ ഇതു നല്‍കുന്നത്?റൂസ്‌വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ”നിങ്ങള്‍ സത്യം ഒളിച്ചുവയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ ദേശപ്രേമി അല്ല. ആ സത്യം രാജ്യത്തെ ഏതെങ്കിലും പൗരനെപ്പറ്റിയോ രാജ്യത്തിന്റെ പ്രസിഡന്റിനെപ്പറ്റിയോ ആവട്ടെ, അതു പറയുന്നതല്ല പറയാതിരിക്കലാണ് ദേശപ്രേമത്തിനെതിരാവുന്നത്.” ഒരു ദേശപ്രേമി എന്ന നിലയില്‍ രാഹുല്‍ഗാന്ധി തന്റെ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടുകയേ ചെയ്തുള്ളൂ. ഇന്ത്യന്‍ എവിഡന്‍സ് ആക്ട് 106ാം വകുപ്പ് അനുശാസിക്കുന്ന ഒരു നിയമതത്ത്വമുണ്ട്. ഒരു പ്രത്യേക വസ്തു ഏതെങ്കിലുമൊരു വ്യക്തിയുടെ മാത്രം അറിവില്‍ വരുന്നതാണെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം അയാള്‍ക്കാണ്. തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ അഴിമതിയുടെ കണക്കുകളാണ് രാഹുല്‍ പുറത്തുവിട്ടത്. മറവി വന്നെങ്കില്‍ ഓര്‍ത്തെടുക്കാനായിരിക്കണം തിയ്യതികള്‍ വച്ചുകൊണ്ടുള്ള വിശദീകരണവും നല്‍കിയത്. നോട്ട് പിന്‍വലിക്കല്‍ മൂലം പെരുവഴിയിലായ പൊതുജനങ്ങളുടെ പക്ഷം ചേരുന്നവരൊക്കെ കള്ളപ്പണക്കാരും കള്ളപ്പണത്തിന്റെ ഇടനിലക്കാരുമാണെന്നു പറയുന്നവരാണ് ഇന്ന് അഴിമതി ആരോപണങ്ങള്‍ നേരിടുന്നതെന്നോര്‍ക്കണം. ഈയിടെയായി അഴിമതിവിരുദ്ധ കുപ്പായം ധരിച്ച പലരും മുമ്പ് അഴിമതിയുടെ കുപ്പായം ധരിച്ചവരായിരുന്നു എന്നാണ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നത്. രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങള്‍ മോദിയെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരിക്കാം. എന്നാല്‍, ചില നിസ്സാര സംഭവങ്ങളാണ് ചരിത്രഗതിയെ മാറ്റുകയെന്നോര്‍ക്കുക. നിസ്സാരമായി കരുതിയ ശാകുന്തളത്തിലെ ഒരു മോതിരവും രാമായണത്തിലെ രണ്ടു വരങ്ങളും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ നിസ്സാരങ്ങളായിരുന്നില്ല. കോണ്‍ഗ്രസ് നടത്തിയ അഴിമതിയും പുറത്തുവരട്ടെ. അത് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡായാലും മറ്റേതായാലും അതിനു വേണ്ടത് ക്രിയാത്മകമായ ചര്‍ച്ചകളും ചോദ്യങ്ങളുമാണ്. ആ ചോദ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞുനിന്നാലാണ് സംശയങ്ങള്‍ തലപൊക്കുക. പിതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്തതിനാലായിരുന്നു ഉപനിഷത്തിലെ ശ്വേതകേതുവിന് രാജാവാകാന്‍ കഴിയാതെ പോയതെന്ന് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss