|    Nov 21 Tue, 2017 11:08 pm
FLASH NEWS

മറുനാടന്‍ തൊഴിലാളികളുടെ താമസം; നിയമ നടപടിയുമായി അധികൃതര്‍

Published : 30th August 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കു വൃത്തിയുള്ള താമസസൗകര്യം ഒരുക്കാത്തവര്‍ക്കെതിരേ തൊഴില്‍വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ ജോലിക്കു നിയോഗിച്ച തൊഴിലുടമകള്‍ അവര്‍ക്ക് ആവശ്യമായ ശുചിമുറികളുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള താമസ സംവിധാനം ഒരുക്കിയില്ലെങ്കില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ ക്രമീകരണവും സേവന വ്യവസ്ഥകളും) നിയമ പ്രകാരം നടപടിയെടുക്കുമെന്നാണ് ജില്ലാ ലേബര്‍ ഓഫിസറു(എന്‍ഫോഴ്‌സ്‌മെന്റ്)ടെ മുന്നറിയിപ്പ്. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെയും താല്‍ക്കാലിക ഷെഡ്ഡുകളിലും മറ്റും ഇവരെ താമസിപ്പിക്കുന്ന തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തൊഴിലിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന മറുനാടന്‍ തൊഴിലാളികളിലേറെയും വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണു നടപടി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ വരുംദിനങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികളുള്ള ജില്ലകളില്‍ ആറാം സ്ഥാനത്താണ് കണ്ണൂര്‍ ജില്ല. സര്‍ക്കാര്‍ ഇതര തൊഴില്‍ മേഖലയില്‍ അറുപത് ശതമാനവും അന്യസംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കിയെന്നതാണ് സര്‍ക്കാറിന്റെ തന്നെ ഔദ്യോഗിക കണ്ടെത്തല്‍. തൊഴില്‍ വകുപ്പിലോ പോലിസിലോ കൃത്യമായ കണക്കില്ലെങ്കിലും രണ്ടു ലക്ഷത്തിലേറെ വരുമെന്നാണു കണക്ക്. പ്ലൈവുഡ് കമ്പനികള്‍, നിര്‍മാണമേഖല, മണല്‍വാരല്‍ തുടങ്ങി ഹോട്ടലുകളിലും മറ്റും ഇതര സംസ്ഥാന തൊഴിലാളികള്‍ നിരവധിയുണ്ട്.
മിക്കയിടത്തും ഇവര്‍ക്കു വൃത്തിഹീനവും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ താമസസൗകര്യമാണ് നല്‍കുന്നത്. ചെറിയ മുറികളില്‍ 50 പേര്‍ വരെ താമസിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. കിണറോ കക്കൂസോ ഇല്ലാത്തതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പുഴകളെയും മറ്റുമാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ പരിശോധനയില്‍ മന്തുരോഗ ലക്ഷണവും കണ്ടെത്തിയിരുന്നു.  സംഘടിപ്പിച്ച രക്തപരിശോധനാ ക്യാംപില്‍ ശേഖരിച്ച സാമ്പിളുകളിലാണ് മന്തുരോഗത്തിന് കാരണമാകുന്ന ഫൈലേറിയ വിരകളെ കണ്ടെത്തിയത്. 20 ഇതര സംസ്ഥാന തൊഴിലാളിലും മൂന്ന് തദ്ദേശീയരിലുമാണ് ലക്ഷണം കണ്ടെത്തിയത്. ലേബര്‍ ക്യാംപുകളുടെ ശോച്യാവസ്ഥയും ശുചിത്വമില്ലായ്മയുമാണ് രോഗകാരണമായി വ്യക്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക