|    Sep 21 Fri, 2018 3:39 pm
FLASH NEWS
Home   >  Editpage  >  Article  >  

മറീനാ ബീച്ചിലെ സ്‌റ്റൈല്‍ മന്നന്‍

Published : 6th January 2018 | Posted By: kasim kzm

നാട്ടുകാര്യം  – കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ചെന്നൈയിലെ മറീനാ ബീച്ചിലെത്തിയ സഖാവ് കോരന്‍ അപൂര്‍വമായ കാഴ്ചകളെയാണു നേരിട്ടത്. ആര്‍ കെ നഗറില്‍ നിന്നെത്തിയ വോട്ടര്‍മാര്‍ പണം വിതറി വിലസുകയായിരുന്നു. എല്ലാം ദിനകരമയം എന്നല്ലാതെ എന്തു പറയാന്‍. രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൃപതോന്നി എന്തെങ്കിലും സമ്മാനിച്ചാല്‍ വേണ്ടെന്നുപറയാന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു വോട്ടര്‍ക്കും സാധ്യമല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ബീച്ചിനെ വിസ്മയത്തുമ്പിലെത്തിക്കുന്ന യുവജനകേസരികളില്‍ നിന്ന് 200 മീറ്റര്‍ അകന്നുമാറി ഒരു അസാധാരണ ജീവി ഇരിക്കുന്നതു കണ്ട് കോരന് ജിജ്ഞാസയേറി. വെള്ള ഖദറും കാവിയും കലര്‍ന്ന കുപ്പായം. കോരന് ആളെ മനസ്സിലായി. സൂപ്പര്‍താരം രജനീകാന്ത് വേഷം മാറി വന്നിരിക്കുകയാണ്. എന്തായിരിക്കും ആശാന്റെ ഉദ്ദേശ്യം? ആരാധകരെ പേടിച്ച് വേഷം മാറിയതാണോ? അല്ലെങ്കില്‍ പളനിസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് പഴനിയാണ്ടവന്റെ തിരുനടയില്‍ അര്‍പ്പിക്കാനോ? അതിനിടെ സ്‌റ്റൈല്‍ മന്നന്‍ ഒന്നു തുമ്മിയപ്പോള്‍ കോരന്‍ ചോദ്യം തൊടുത്തു: ”എന്താണു താങ്കളുടെ മറീനാ ആഗമനോദ്ദേശ്യം?” ”മുംബൈയിലെ മറാഠ-ദലിത് കലാപം ഭയന്നെത്തിയ ഒരു സാദാ പട്ടരാണു ഞാന്‍. ഇവിടത്തെ സന്തോഷം കാണുമ്പോള്‍ ഞാന്‍ മഹത്തായ രജനീകാന്ത് സിനിമകള്‍ ഓര്‍ത്തുപോവുന്നു.””രജനി അത്ര കേമനായ നടനാണോ?””ഓന്‍ ഭയങ്കര നടനാണ്. യന്തിരന്‍ സിനിമ ഞാന്‍ 60 തവണ കണ്ടു. എന്തൊരു പെര്‍ഫോമന്‍സ്.”കോരന്‍ മിണ്ടിയില്ല. ഇവനാളൊരു ഞമണ്ടന്‍ തന്നെപ്പൊക്കി സായ്പ് തന്നെ. സിനിമയിലേക്കാള്‍ കേമമാണ് അഭിനയം. ഓനെ പൊരിച്ചിട്ടു തന്നെ കാര്യം. ഇനി അഭിനയിക്കാന്‍ തോന്നരുത്. ”രജനീകാന്ത് എന്ന തല്ലിപ്പൊളി നടന്‍ ഒരു തല്ലിപ്പൊളി പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്നു കേട്ടല്ലോ?”താങ്കള്‍ അതിരു കടക്കുന്നു. രജനി മഹാനടനാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴകത്തെ രക്ഷിക്കും എന്നാണു ഞാന്‍ കരുതുന്നത്.””രജനി ആത്മീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണല്ലോ പറയുന്നത്.” ”ആത്മീയം ഒരു ജീവിതാവസ്ഥയാണ്. ഇന്ത്യയുടെ ആത്മാവ് എന്ന കെ ദാമോദരന്റെ പുസ്തകം വായിച്ചിട്ടുണ്ടോ? അതാണ് ആത്മീയം. ആത്മാവും ആത്മീയവും. എന്തൊരു ചേര്‍ച്ച. നമ്മുടെ പ്രധാനമന്ത്രി ഒരു ആത്മീയവാദിയും ആത്മാവുമാണ്.” കോരന്‍ മനസ്സില്‍ ഒരു ചട്ടുകം ചുട്ടുപഴുപ്പിച്ചെടുത്തു. ഓന്റെ ചന്തിക്ക് പൂശുകയാണെന്നു സങ്കല്‍പിച്ച് ഒരു വാക്ശരം തൊടുത്തു: ”എന്നാലേ ഇയ്യ് കേട്ടോ, ഓന്റെ പാര്‍ട്ടി മുച്ചൂടും മുടിഞ്ഞുപോവും.””സന്ദര്‍ഭം പരിഗണിച്ച് ആശയം വ്യക്തമാക്കണം സര്‍.””എടോ ചങ്ങായ്, ഇത് തമിഴകമാണ്. ഇവിടെ ആത്മീയം, പരദേവത, കുട്ടിസ്രാങ്ക്, മോദി തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിലപ്പോവില്ല. പെരിയോര്‍, അണ്ണാദുരൈ തുടങ്ങിയ നിരീശ്വര മഹാരഥന്‍മാരുടെ തിരുമൊഴികള്‍ സേവിക്കുന്നത്ര ഫലം ഒന്നിനും കിട്ടില്ല. ഇതൊന്നുമില്ലാത്ത രജനിയുടെ പാര്‍ട്ടി തുന്നംപാടും.””അങ്ങ് ആളൊരു ദിവ്യനാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഇനി ഞാനൊരു സത്യം പറയട്ടെ. ഞാന്‍ അസ്സല്‍ രജനീകാന്താണ്. ജനങ്ങളുടെ പള്‍സറിയാന്‍ വേഷം മാറി ഇറങ്ങിയതാണ്.””എന്നിട്ട് ജനങ്ങളുടെ പള്‍സറിഞ്ഞോ?” ”ഇപ്പോള്‍ അറിഞ്ഞു. സ്റ്റിയറിങ് മാറ്റിപ്പിടിക്കണം എന്നല്ലേ താങ്കള്‍ പറഞ്ഞതിന്റെ അകവും പൊരുളും? കൂടുതല്‍ ഉപദേശങ്ങള്‍ തന്നാല്‍ ഷൂട്ടിങിന് പോവാമായിരുന്നു.””കമല്‍ ഹാസന്‍ എന്ന നിരീശ്വര തീവ്രവാദി പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നു പറഞ്ഞിരുന്നല്ലോ. ഓനെ അടുത്തെങ്ങാനും കണ്ടോ?” ”ഞാന്‍ ആത്മീയ പാര്‍ട്ടി എന്നു പറഞ്ഞത് ഓന് പിടിച്ചിട്ടില്ല. നിരീശ്വര ദൈവങ്ങളെ വിട്ട് ഓന് കളിക്കാനാവില്ലത്രേ.””എന്നാല്‍ ആത്മീയം അങ്ങോട്ട് ഒഴിവാക്കണം. പെരിയോര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നായിക്കോട്ടെ പാര്‍ട്ടിയുടെ പേര്. കമല്‍ പയ്യനെ ചാക്കിടാനും അതു മതിയാവും. നാളെ തന്നെ പ്രചണ്ഡതാളം തുടങ്ങിക്കോ! ”അതു കേട്ടതോടെ സ്‌റ്റൈല്‍ മന്നന്‍ യന്തിരന്‍ സിനിമയിലെ യന്ത്രമനുഷ്യനായി അന്നെ വിടമാട്ടേന്‍ എന്നു പാടി കൊതുകിനെ കൊല്ലാന്‍ പറന്നു. കോരന്‍ നാടനടിക്കാന്‍ പെട്ടിക്കട തേടിയും പാഞ്ഞു.   ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss